'നവീന ഡാവിനെ വിജയിപ്പിക്കുക'; തെരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധ നേടി ഒരു മലയാളം റാപ്പ്

By Web Team  |  First Published Mar 13, 2021, 6:43 PM IST

'നവീനഡാവ്' എന്ന മ്യൂസിക് വീഡിയോ വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്‍ദാനങ്ങളിലേക്കാണ് നോട്ടമയക്കുന്നത്. 


കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുട്യൂബിലൂടെ ശ്രദ്ധ നേടിയ മലയാളം റാപ്പര്‍ ആണ് 'നൊമാഡിക് വോയ്‍സ്'. സംഗീതത്തിനൊപ്പം പറയുന്ന വിഷയങ്ങളുടെ പ്രസക്തി കൊണ്ടും നൊമാഡികിന്‍റെ മ്യൂസിക് വീഡിയോകള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമകാലികമായ ചില ചോദ്യങ്ങള്‍ സംഗീതത്തിന്‍റെ ഭാഷയില്‍ മൂര്‍ച്ഛയോടെ ചോദിക്കുകയാണ് അവര്‍.

'നവീനഡാവ്' എന്നു പേരിട്ടിരിക്കുന്ന പുതിയ മ്യൂസിക് വീഡിയോ വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്‍ദാനങ്ങളിലേക്കാണ് നോട്ടമയയ്ക്കുന്നത്. ഓരോ പൗരന്‍റെയും നിത്യജീവിതത്തിൽ ദുരന്തങ്ങളായി മാറുന്ന വാഗ്‍ദാനങ്ങളുടെ നേർകാഴ്ച്ചകളാണ് നവീന ഡാവ്. വര്‍ഗീയത അടക്കം ഉപയോഗിച്ചുള്ള വോട്ടുപിടുത്തത്തിനിടയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഇന്ത്യന്‍ ജീവിതസാഹചര്യം എന്താണെന്നും ഈ മ്യൂസിക് വീഡിയോ ആരായുന്നു. പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും പൊള്ളയായ വികസനമാതൃകകളും ചോദ്യം ചെയ്യപ്പെടുന്നുണ്ട് ഇവിടെ. ഇത്തരം നവീന ഡാവുകളെ വരും തലമുറ എങ്ങനെ നോക്കിക്കാണുന്നു എന്നയിടത്ത് കിയാൻ എന്ന  നാലുവയസ്സുക്കാരന്‍റെ കവിതയിലാണ് വീഡിയോ അവസാനിക്കുന്നത്.

Latest Videos

undefined

ശ്രീറാം രമേശ് സംവിധാനം ചെയ്തിരിക്കുന്ന നവീന ഡാവിന്‍റെ മ്യൂസിക് പ്രൊഡക്ഷൻ നിർവഹിച്ചിരിക്കുന്നത് ഇസ്‍മായില്‍ ജാം ആണ്. മിക്സിംഗ് ആന്‍ഡ് മാസ്റ്ററിംഗ്  ഷോര്‍ട്ട്കട്ട്, ക്രിയേറ്റീവ് ഡയറക്ടര്‍ രാഹുല്‍ രാഘവന്‍, ക്രിയേറ്റീവ് സപ്പോര്‍ട്ട് അസ്‍ലം സയീദ്, ഛായാഗ്രഹണം ജിനോ സാം. എഡിറ്റിംഗ് കുക്കു, ജിഎഫ്‍എക്സ് & ഇല്യൂസ്ട്രേഷന്‍സ് ഷോട്ട് മെമ്മറി. ഡിഐ വിജയകുമാര്‍ വിശ്വനാഥന്‍. പിആര്‍ഒ നീതു മാളു, ഒപ്പം ധന്യ അനന്യ എന്നിവരാണ് നവീന ഡാവിനു പിന്നിൽ.

click me!