'മില്‍ക്കി ബ്യൂട്ടി'യുമായി തമന്ന; അടുത്ത വൈറല്‍ ഗാനം തെലുങ്കില്‍ ചിരഞ്ജീവിയുമൊത്ത്: വീഡിയോ

By Web TeamFirst Published Jul 20, 2023, 6:58 PM IST
Highlights

അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്‍റെ റീമേക്ക് ആണ് ചിത്രം

ഒരു ഗാനം ഹിറ്റ് ആയോ എന്ന് നോക്കുന്നതിന്‍റെ ഒരു പുതിയ മാനദണ്ഡം അത് റീല്‍സ്, ഷോര്‍ട്സ് വീഡിയോകളായി എത്രത്തോളം പ്രചരിക്കുന്നു എന്നതാണ്. അത്തരത്തില്‍ സമീപകാല ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവുമധികം ശ്രദ്ധ നേടിയ ഗാനമായിരുന്നു തമിഴ് ചിത്രം ജയിലറിലെ കാവാലയ്യാ. അനിരുദ്ധ് രവിചന്ദറിന്റെ ഈണത്തിനൊപ്പം ​ഗാനത്തെ ഹിറ്റ് ആക്കിയത് തമന്നയുടെ നൃത്തച്ചുവടുകള്‍ ആയിരുന്നു. ഇപ്പോഴിതാ തമന്നയുടെ നൃത്തം ഉള്‍പ്പെട്ട മറ്റൊരു ​ഗാനം കൂടി പുറത്തെത്തിയിരിക്കുകയാണ്. പക്ഷേ അത് തമിഴിലല്ല, മറിച്ച് തെലുങ്കില്‍ ആണ്. ചിരഞ്ജീവിയെ നായകനാക്കി മെഹര്‍ രമേശ് സംവിധാനം ചെയ്ത ഭോലാ ശങ്കര്‍ എന്ന ചിത്രത്തിലേതാണ് ​ഗാനം.

ശിവയുടെ സംവിധാനത്തില്‍ 2015 ല്‍ പുറത്തെത്തിയ, അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്‍റെ റീമേക്ക് ആണ് ചിത്രം. ചിത്രത്തിലെ മില്‍ക്കി ബ്യൂട്ടി എന്ന ​ഗാനത്തിന്‍റെ പ്രൊമോയാണ് പുറത്തെത്തിയിരിക്കുന്നത്. നായികാ നായകന്മാരായ തമന്നയും ചിരഞ്ജീവിയുമാണ് ​ഗാനരം​ഗത്തില്‍. ചിരഞ്ജീവി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ തമന്നയുടെ കഥാപാത്രത്തിന്‍റെ പേര് അഡ്വ. ദീപിക എന്നാണ്.

Latest Videos

എ കെ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ രാമബ്രഹ്‍മം സുങ്കരയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സഹനിര്‍മ്മാണം അജയ് സുങ്കര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കിഷോര്‍ ഗരികിപട്ടി, എഡിറ്റിംഗ് മാര്‍ത്താണ്ഡ് കെ വെങ്കടേഷ്, സംഘട്ടനം റാം ലക്ഷ്മണ്‍, ദിലീപ് സുബ്ബരായന്‍, നൃത്തം ശേഖര്‍ മാസ്റ്റര്‍. തമന്ന, കീര്‍ത്തി സുരേഷ്, രഘു ബാബു, മുരളി ശര്‍മ്മ, രവി ശങ്കര്‍, വെണ്ണെല കിഷോര്‍, തുളസി, ശ്രീ മുഖി, ബിത്തിരി സതി, സത്യ ഗെറ്റപ്പ് ശ്രീനു, രശ്മി ഗൌതം, ഉത്തേജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടേതായി ഈ വര്‍ഷം പുറത്തെത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിരഞ്ജീവി ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ടീസര്‍ ഏറ്റെടുത്തിരിക്കുന്നത്. 

ALSO READ : ടിക്കറ്റൊന്നിന് 2450 രൂപ, എല്ലാം വിറ്റുപോയി! 'ഓപ്പണ്‍ഹെയ്‍മറി'ന്‍റെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഷോ ഇവിടെ

ഭോലാ ശങ്കറിലെ ഗാനം കാണാം

click me!