പ്രണയവും വിരഹവും താരാട്ടും തമാശയും പുതിയ ഭാവങ്ങളില്‍ ബിച്ചു തിരുമലയുടെ തൂലികയില്‍ തെളിഞ്ഞു.
മലയാളികൾ ഇന്നും പാടിനടക്കുന്ന എണ്ണമറ്റ ഗാങ്ങളുടെ രചയിതാവായിരുന്നു ബിച്ചു തിരുമല(bichu thirumala). പല ഈണങ്ങളിൽ രചിഭേദങ്ങൾക്ക് അനുസരിച്ച് അദ്ദേഹം പാട്ടുകളെഴുതിയപ്പോൾ അവ മലയാള സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട മനോഹര ഗാനങ്ങളായി മാറി. സംഗീത ശുദ്ധമായ സാഹിത്യം എപ്പോഴും ബിച്ചുവിന്റെ വരികളിൽ നിറഞ്ഞു നിന്നിരുന്നു. പ്രണയവും വിരഹവും താരാട്ടും തമാശയും പുതിയ ഭാവങ്ങളില്‍ അദ്ദേഹം എഴുതി.
ബിച്ചു തിരുമലയുടെ ആദ്യഗാനം ആലപിച്ചത് ഗാനഗന്ധർവ്വൻ യേശുദാസാണ്. 1970-ല്‍ 'ഭജഗോവിന്ദം' എന്ന സിനിമയിലെ 'ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ പല്ലവി പാടിയ നേരം...' എന്ന പാട്ടായിരുന്നു അത്. ആ പാട്ട് ആസ്വാദകര്‍ ഹൃദയത്തിലേറ്റുവാങ്ങിയെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. സഹോദരിയും പിന്നണി ഗായികയുമായ സുശീലാദേവി മത്സരത്തില്‍ പാടി ഒന്നാംസമ്മാനം നേടിയ പാട്ട് പതിനേഴാം വയസ്സിലാണ് ബിച്ചു തിരുമല എഴുതിയത്. പിന്നീട് 420 ചിത്രങ്ങള്‍ക്കുവേണ്ടി രചിച്ചതടക്കം മൂവായിരത്തിലധികം ഗാനങ്ങള്‍ ഇദ്ദേഹത്തിന്റെ തൂലികയില്‍ പിറന്നു.
undefined
'മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ' എന്ന് ബിച്ചു തിരുമല എഴുതിയപ്പോൾ മലയാളികളികളുടെ കണ്ണുകളെ ഈറണിയിച്ചു. നൊമ്പരമായ് മാറിയ ഈ വാക്കുകള്‍ എഴുതിയ ബിച്ചു, പച്ചക്കറിക്കായ തട്ടില്‍ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി എന്നുമെഴുതി ആസ്വാദകരെ രസിപ്പിച്ചു. യോദ്ധയിലെ 'പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി മാര്‍ഗിനി ഭഗവതി' എന്ന ഗാനം എത്ര തവണ കേട്ടാലും ചിരിപടര്‍ത്തും.
ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍, കിലുകില്‍ പമ്പരം തിരിയും മാനസം' തുടങ്ങിയ സ്‌നേഹഗീതങ്ങൾ അദ്ദേഹം എഴുതിയപ്പോൾ, അവയെല്ലാം ഹിറ്റ് ചാർട്ടിൽ രേഖപ്പെടുത്തി. കണ്ണാംതുമ്പീ പോരാമോ, ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ എന്നും ആരാരോ ആരിരാരോ എന്നും വാത്സല്യക്കടലായ കവി, ഒറ്റക്കമ്പി നാദം മാത്രം, പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു, സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളെ, തുടങ്ങിയവ എഴുതി അദ്ദേഹം നിത്യ കാമുകനുമായി മാറി. ലളിതഗാനങ്ങളും ഹിന്ദു-ക്രൈസ്തവ-മുസ്ലിം ഭക്തിഗാനങ്ങളും അദ്ദേഹം എഴുതി. ഏത് പാട്ടും അനായാസമായി എഴുതി പ്രേക്ഷകരെ ത്രസിപ്പിച്ച ഗാനരചയിതാവ് തന്‍റെ സൃഷ്ടികളിലൂടെ എന്നും മലയാളികളുടെ മനസ്സില്‍ ജീവിക്കും.