ഫ്ലിപ്പ്കാര്‍ട്ടില്‍നിന്ന് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു

By Web Desk  |  First Published Jul 29, 2016, 10:53 AM IST

ദില്ലി: പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റായ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് നിരവധി ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐ ഐ ടി, ഐ ഐ എം എന്നിവിടങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്‌ത നൂറു കണക്കിന് ട്രെയിനികളെയാണ് കമ്പനി പിരിച്ചുവിടുന്നത്. ജോലിയില്‍ മികവ് കാട്ടാത്തവരെയാണ് പിരിച്ചുവിടുന്നതെന്ന് ഫ്ലിപ്കാര്‍ട്ട് വൃത്തങ്ങള്‍ പറയുന്നു. തങ്ങള്‍ നിശ്ചയിച്ചിട്ടുള്ള പ്രവര്‍ത്തന മികവ് പുറത്തെടുക്കാത്തവരെയാണ് പുറത്താക്കുന്നത്. പിരിച്ചുവിടുന്നതിന് പിന്നില്‍ സാമ്പത്തിക പരാധീനയതയല്ല കാരണമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം പിരിച്ചുവിടലുകള്‍ വന്‍കിട കമ്പനികളില്‍ പതിവാണെന്നും ഫ്ലിപ്പ്കാര്‍ട്ട് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബെംഗളുരു ആസ്ഥാനമായ ഫ്ലിപ്പ്കാര്‍ട്ട് കമ്പനിയില്‍ ഏകദേശം മുപ്പതിനായിരം ജീവനക്കാരാണുള്ളത്. ഇന്ത്യയില്‍ വന്‍ ചലനം സൃഷ്ടിച്ചു മുന്നേറിയ ഫ്ലിപ്പ്കാര്‍ട്ടിനെ സംബന്ധിച്ചിടത്തോളം ആശാവഹമായിരുന്നില്ല ഈ വര്‍ഷം. ആമസോണ്‍ പോലെയുള്ള കമ്പനികളില്‍ നിന്ന് ശക്തമായ വെല്ലുവിളി നേരിട്ട ഫ്ലിപ്പ്കാര്‍ട്ടിന്റെ പ്രവര്‍ത്തന ലാഭത്തില്‍ ഈ വര്‍ഷം വന്‍ കുറവാണ് സംഭവിച്ചത്. ഇതേത്തുടര്‍ന്ന് കമ്പനി നല്‍കിവന്ന ഓഫറുകള്‍ വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തിരുന്നു. ഉല്‍പന്നങ്ങള്‍ക്ക് നല്‍കി വന്ന വന്‍ വിലക്കുറവുകള്‍ ഫ്ലിപ്പ്കാര്‍ട്ട് പിന്‍വലിക്കുകയും ചെയ്‌തിരുന്നു. അതിനിടെയാണ് ഫ്ലിപ്പ്കാര്‍ട്ടില്‍നിന്ന് കൂട്ടപിരിച്ചുവിടല്‍ നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

click me!