കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുന്ന സൂചനകള്‍ കണ്ട് തുടങ്ങിയപ്പോഴോ നടന്നതിന് ശേഷമോ ആണ് പല കമ്പനികളും ബോണ്ടുകള്‍ വാങ്ങിയത്.
ദില്ലി : ഇലക്ടറൽ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കമ്പനികള്‍ സംഭാവന നല്‍കിയതില്‍ ദുരൂഹത ഏറുകയാണ്. അന്വേഷണ സാധ്യതയുള്ളപ്പോഴാണ് പല കമ്പനികളും ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയതെന്ന കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുന്ന സൂചനകള്‍ കണ്ട് തുടങ്ങിയപ്പോഴോ നടന്നതിന് ശേഷമോ ആണ് പല കമ്പനികളും ബോണ്ടുകള്‍ വാങ്ങിയത്.
1,368 കോടിയുടെ ബോണ്ട് വാങ്ങിയ സാന്‍റിയാഗോ മാർട്ടിന്‍റെ കമ്പനി ബോണ്ടുകള്‍ വാങ്ങാനാരംഭിച്ചത് കേന്ദ്രത്തിന്‍റെ അന്വേഷണ നീക്കത്തിന് പിന്നാലെയാണ്. സാന്‍റിയാഗോ മാർട്ടിന്‍റെ കമ്പനിയുടെ തട്ടിപ്പ് സാധ്യത വിവരം 2019 സെപ്റ്റംബറിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കൈമാറി. കൃത്യം ഒരുമാസത്തിന് ശേഷം 190 കോടിയുടെ ബോണ്ടാണ് കമ്പനി വാങ്ങിയത്. 600 കോടിയുടെ ബോണ്ടുകള്‍ വാങ്ങിയ കെവന്‍റർ ഗ്രൂപ്പും ബോണ്ട് വാങ്ങിയത് ഇഡി അന്വേഷണം നേരിടുമ്പോഴാണെന്നാണ് റിപ്പോര്‍ട്ട്. ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ കമ്പനി ബോണ്ടുകൾ വാങ്ങാൻ തുടങ്ങിയിരുന്നതായും പറയുന്നു.
undefined
മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ 285 കോടി നികുതിയിളവ് നൽകിയ സുധീർ മേത്തയുടെ കമ്പനിയും ബോണ്ടുകൾ വാങ്ങിയതായി റിപ്പോർട്ടിലുണ്ട്. സുധീർ മേത്തയുടെ ടൊറൻ്റ് ഗ്രൂപ്പ് 185 കോടിയുടെ ബോണ്ടുകളാണ് വാങ്ങിയത്. സുധീർ മേത്ത മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ പരിചയമുള്ള വ്യവസായിയാണ്. ചില കമ്പനികൾ തങ്ങളുടെ നിക്ഷേപത്തെക്കാൾ 50 ഇരട്ടി തുകയുടെ ബോണ്ട് വരെ വാങ്ങിയിട്ടുണ്ട്.
ടി ഷാർക്സ് ഇൻഫ്രാ, ടി ഷാർക്സ് ഓവർസിസ് കമ്പനികൾക്ക് ഒരു ലക്ഷമാണ് മൂലധനം. എന്നാല്‍ വാങ്ങിയത് 7.5 കോടിയുടെ ബോണ്ടാണ്. ലിസ്റ്റിലെ 9 കമ്പനികൾ ഇലക്ടറൽ ബോണ്ട് തുടങ്ങിയ 2018 ന് ശേഷമാണ് രൂപീകരിച്ചതെന്നതും ദുരൂഹമാണ്. സിൽക്യാരയിൽ അപകടം ഉണ്ടാക്കിയ നവയുഗ 55 കോടി ബോണ്ട് വാങ്ങി ബോണ്ടുകൾ വാങ്ങിയത് 2019 നും 2022 നും ഇടയിലാണ്. 853 കോടിയുടെ സിൽക്യാര ടണൽ നിർമാണ അനുമതി നവയുഗക്ക് ലഭിച്ചത് 2018 ലാണ്. ധനമന്ത്രാലയം ഹൈറിസ്ക് സ്ഥാപനങ്ങളിൽ പെടുത്തിയ ധനകാര്യ കമ്പനികളും ബോണ്ട് വാങ്ങിയെന്ന് റിപ്പോർട്ട് ഉണ്ട്.