ലോണ്‍ എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

By Web Desk  |  First Published Jul 3, 2017, 5:50 PM IST

ജീവിതത്തില്‍ അടിയന്തരസാഹചര്യങ്ങള്‍ക്ക് പണം കണ്ടെത്താനാകാതെ വരുമ്പോഴാണ് മിക്കവരും വായ്‌പ എടുക്കുന്നത്. എന്നാല്‍ എന്തെങ്കിലും ആവശ്യത്തിന് ലോണ്‍ എടുക്കുന്നത് പിന്നീട് പൊല്ലാപ്പായി മാറാറുണ്ട്. തിരിച്ചടവ്, പലിശ, ഇഎംഐ, വായ്പാ വ്യവസ്ഥ എന്നിവയെക്കുറിച്ച് ധാരണയില്ലാതെ വരുമ്പോള്‍ വായ്‌പ ശരിക്കുമൊരു ബാധ്യതയാകുകയും കടക്കെണിയില്‍ അകപ്പെടുകയും ചെയ്യുന്നു. ഇവിടെയിതാ, വായ്‌പ എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍...

1, ഒന്നിലധികം വായ്‌പകള്‍-

Latest Videos

undefined

ഒരേസമയം ഒന്നിലധികം ബാങ്കുകളില്‍നിന്ന് വായ്‌പ എടുക്കരുത്. ഒന്നിലധികം വായ്‌പകള്‍ എടുക്കുമ്പോള്‍ തിരിച്ചടവിനെ ബാധിക്കുകയും, ബാധ്യതയായി മാറുകയും ചെയ്യാം. തിരിച്ചടവ് മുടങ്ങുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ക്രെഡിറ്റ് സ്‌കോര്‍ വിലയിരുത്തിയശേഷമാണ് ബാങ്കുകള്‍ വായ്‌പ തരണമോയെന്നും പലിശ നിരക്കും തീരുമാനിക്കുക. ക്രെഡിറ്റ് സ്കോര്‍ മോശമാണെങ്കില്‍ ഉയര്‍ന്ന പലിശനിരക്കായിരിക്കും ബാങ്കുകള്‍ ഈടാക്കുക.

2, മാസംതോറുമുള്ള തിരിച്ചടവ്

ലോണ്‍ എടുക്കുമ്പോള്‍ മാസംതോറുമുള്ള തിരിച്ചടവ് ശേഷി കൂടി മനസിലുണ്ടാകണം. ഇഎംഐ നമ്മുടെ പരിധിയ്‌ക്ക് പുറത്താണെങ്കില്‍ ലോണ്‍ മുടങ്ങുകയും വലിയ ബാധ്യതയായി മാറുകയും ചെയ്തേക്കാം. നിങ്ങളുടെ മാസവരുമാനത്തിന്റെ 35-40 ശതമാനത്തില്‍ കൂടുതല്‍ ഇഎംഐ അടയ്‌ക്കുന്ന ലോണ്‍ എടുക്കരുത്.

3, തിരിച്ചടവ് കാലാവധി-

പേഴ്‌സണല്‍ ലോണ്‍ എടുക്കുമ്പോള്‍, തിരിച്ചടവ് കാലാവധി സംബന്ധിച്ച് ബുദ്ധിപരമായ തീരുമാനം എടുക്കണം. പരമാവധി ബാധ്യത കുറയുന്ന രീതിയിലുള്ള തിരിച്ചടവ് കാലാവധി വേണം തെരഞ്ഞെടുക്കേണ്ടത്‍. കഴിവതും കുറഞ്ഞ തിരിച്ചടവ് കാലാവധി തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത് സാമ്പത്തികമായ നഷ്‌ടം കുറയ്‌ക്കും. ഇക്കാര്യം തീരുമാനിക്കുമ്പോള്‍, തിരിച്ചടവ് ശേഷികൂടി മനസിലുണ്ടാകണം.

4, തിരിച്ചടവ് മുടങ്ങരുത്-

പ്രതിമാസ തിരിച്ചടവ് നിശ്ചയിക്കപ്പെട്ട തീയതില്‍ തന്നെ നടത്തണം. ഒരു കാരണവശാലും ഇക്കാര്യത്തില്‍ മുടക്കം വരുത്തരുത്. ചില ബാങ്കുകള്‍ വൈകിയുള്ള തിരിച്ചടവുകള്‍ക്ക് പിഴ ചുമത്താറുണ്ട്. ഈ സാമ്പത്തിക നഷ്‌ടം ഒഴിവാക്കാനാണ് ഇഎംഐ സമയത്ത് തന്നെ അടയ്‌ക്കേണ്ടത്. തിരിച്ചടവ് മുടക്കം വരുത്തുന്നതും വൈകിപ്പിക്കുന്നതും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകയും ചെയ്യും

5, വ്യവസ്ഥകള്‍ നല്ലതുപോലെ വായിച്ചുമനസിലാക്കണം-

പേഴ്‌സണല്‍ ലോണ്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് ഒപ്പിട്ടുവാങ്ങുന്ന കരാര്‍ വ്യവസ്ഥകള്‍ വ്യക്തമായി വായിച്ചുമനസിലാക്കണം. മനസിലാകാത്ത കാര്യങ്ങള്‍, അറിയാവുന്നവരോട് ചോദിച്ച് വ്യക്തത വരുത്തണം. വായ്പാ വ്യവസ്ഥകള്‍ വിവിധ ബാങ്കുകള്‍ക്ക് വ്യത്യസ്‌തമായിരിക്കും. അതുപോലെ തിരിച്ചടവ് മുടക്കം വരുത്തുമ്പോള്‍ ബാങ്ക് സ്വീകരിക്കുന്ന നിയമപരവും അല്ലാത്തതുമായ നടപടിക്രമങ്ങളെക്കുറിച്ചും വായ്പ എടുക്കുന്നവര്‍ക്ക് ബോധ്യമുണ്ടായിരിക്കണം.

കടപ്പാട്- ബാങ്ക് ബസാര്‍ ഡോട്ട് കോം

click me!