ജിയാ ഖാനെ കൊന്നതാരായിരുന്നു..?

By Web Team  |  First Published Feb 20, 2019, 9:20 AM IST

അമ്മയോട് കളിചിരി പറഞ്ഞു ഫോൺ വെച്ച് രണ്ടുമണിക്കൂറിനുള്ളിൽ മരിച്ചു പോയി, ജിയ. ഡിന്നർ കഴിഞ്ഞ് രാത്രി 11.20 -ന് ഫ്ലാറ്റിൽ വന്ന
റാബിയ കാണുന്നത് മുറിക്കുള്ളിൽ സീലിംഗ് ഫാനിൽ തൂങ്ങിയാടുന്ന തന്റെ മകളെയാണ്. ജിയയുടെ കാലിൽ പിടിച്ചു പൊക്കി റാബിയ
അലറിവിളിച്ച് ആളെക്കൂട്ടി. അവളെ താഴെയിറക്കി. പക്ഷേ, അവൾ, പോയിക്കഴിഞ്ഞിരുന്നു. അവളുടെ ദേഹത്തിന് അപ്പോഴും ചൂടുണ്ടായിരുന്നു. 
 


ഇന്ന് ജിയാഖാന്‍റെ ജന്മദിനം... 

ബോളിവുഡിലെ സെൻസേഷനായിരുന്നു ജിയാ ഖാൻ. ഗ്ളാമർ താരം. 2007 -ൽ രാം ഗോപാൽ വർമയുടെ 'നിശ്ശബ്ദ്' എന്ന ചിത്രത്തിൽ കൂട്ടുകാരിയുടെ അച്ഛനെ പ്രേമിക്കുന്ന കൗമാരക്കാരിയുടെ വേഷത്തിൽ അരങ്ങേറിയ ജിയാ ഖാൻ ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെത്തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിക്കഴിഞ്ഞിരുന്നു. പിന്നീടഭിനയിച്ചത് അടുത്ത വർഷമിറങ്ങിയ മെഗാഹിറ്റ് ചിത്രമായ ഗജനിയിലെ മെഡിക്കൽ സ്റ്റുഡന്റിന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടു. 2010 -ലെ മറ്റൊരു മെഗാഹിറ്റ് ചിത്രമായിരുന്നു ഹൌസ് ഫുള്ളിലും ജിയ തിളങ്ങി. അങ്ങനെ ബോളിവുഡിലെ വെള്ളിത്തിരയിൽ താരപ്രഭയോടെ നിന്ന ഒരു ഇരുപത്തഞ്ചുകാരി ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും മുറിയ്ക്കുള്ളിലെ സീലിങ്ങ് ഫാനിൽ തൂങ്ങിയാടിയത് എന്തുകൊണ്ടായിരുന്നു..? അവളുടെ മരണം സ്വാഭാവികമായിരുന്നോ..? ആത്മഹത്യയായിരുന്നെങ്കിൽ അതിന് അവളെ ആരെങ്കിലും പ്രേരിപ്പിച്ചിരുന്നോ..? അതോ ജിയാ ഖാനെ ആരെങ്കിലും കൊലപ്പെടുത്തിയതായിരുന്നോ..? ഈ ചോദ്യങ്ങളാണ് ബോളിവുഡിനെ 2013 -ൽ രണ്ടു പക്ഷത്തായി ചേരിതിരിച്ചു നിർത്തിയത്. ആ ചോദ്യങ്ങളിൽ പലതിനും ഇന്നും കൃത്യമായ ഉത്തരങ്ങൾ കിട്ടിയിട്ടില്ല. 

Latest Videos

undefined

ന്യൂയോർക്കിലെ സമ്പന്നമായ ഒരു ബിസിനസ്സ് കുടുംബത്തിൽ ജനിച്ച് ലണ്ടനിൽ വളർന്ന ജിയാ ഖാന് ബാല്യത്തിൽ ഒന്നിനും ഒരു കുറവും അറിയേണ്ടി വന്നിട്ടില്ല. അച്ഛൻ അലി റിസ്‌വി ഖാൻ ഒരു ബിസിനസ്സുകാരനായിരുന്നു. അമ്മ റാബിയാ അമീൻ, എൺപതുകളിൽ  അവരുടെ ചെറുപ്പത്തിൽ ചില സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ടായിരുന്നു. തന്റെ ആറാമത്തെ വയസ്സിൽ രാംഗോപാൽ വർമയുടെ രംഗീല എന്ന ചിത്രത്തിലെ ഉർമിള മാതോന്ദ്കറുടെ അഭിനയം കണ്ടിട്ടാണ് ജിയയ്ക്ക് ആദ്യമായി സിനിമയിൽ കമ്പം തോന്നുന്നത്. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം അവൾ മൻഹാട്ടനിലെ ലീ സ്ട്രാസ്ബർഗ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയം പഠിച്ചിറങ്ങി.  അതിനുശേഷമാണ് സ്വപ്‍ന സാക്ഷാത്കാരമെന്നോണം  നിശ്ശബ്ദിലെ റോൾ തികച്ചും യാദൃച്ഛികമായി ജിയയെ തേടിയെത്തുന്നതും, അവൾ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അറിയപ്പെടുന്നൊരു നടിയായി മാറുന്നതും. 

2013 ജൂൺ മൂന്നാം തീയതി. ജൂഹുവിലെ സംഗീത് സാഗർ എന്ന അപ്പാർട്ട്‌മെന്റിൽ തന്റെ ഫ്ലാറ്റിലിരുന്ന് 'ഗെയിം ഓഫ് ദി ത്രോൺസ്' ഓരോ എപ്പിസോഡായി കണ്ടുകൊണ്ടിരുന്ന ജിയയ്ക്ക് അന്ന് ഉറങ്ങാൻ പ്ലാനുണ്ടായിരുന്നില്ല. അടുത്ത ദിവസം പുലർച്ചെ മൂന്നു മണിക്ക് അവളുടെ അനിയത്തി കവിത ലണ്ടനിൽ നിന്നും മുംബൈയിൽ വന്നിറങ്ങുന്നുണ്ടായിരുന്നു. അനുജത്തി മാത്രമല്ല അവളുടെ ആത്മ സുഹൃത്തുകൂടിയായിരുന്നു കവിത.  ഫ്‌ളൈറ്റിൽ കേറും വരെയും അവർ തമ്മിൽ തുരുതുരെ ചാറ്റ് മെസ്സേജുകൾ കൈമാറിക്കൊണ്ടിരുന്നു. ഏറെ നാൾ കൂടി തമ്മിൽ കാണാനിരിക്കുകയായിരുന്നു അവർ രണ്ടു പേരും.

ജിയയുടെ അമ്മ റാബിയ അവളെ ഫ്ലാറ്റിനുള്ളിൽ തനിച്ചു വിട്ട്  ഒരു ഡിന്നറിനു പോയതായിരുന്നു.  9.37ന് മകളെ വിളിച്ച് സാധാരണ എല്ലാ അമ്മമാരും വീട്ടിൽ തനിച്ചിരിക്കുന്ന മക്കളോട് പറയുന്നപോലൊക്കെ റാബിയയും പറഞ്ഞു. അത്താഴം കഴിക്കാതിരിക്കരുത്. മൊബൈലിൽ കുത്തികൊണ്ടിരിക്കാതെ നേരത്തും കാലത്തും ഉറങ്ങണം. എന്നൊക്കെ. അടുത്ത സിനിമയ്ക്ക് വേണ്ടി ഭാരം കൂട്ടാനുള്ള തയ്യാറെടുപ്പിലായിരുന്നു ജിയ അപ്പോൾ. ഒന്നും ഓർക്കേണ്ട, നല്ലോണം വെട്ടിവിഴുങ്ങിക്കോ എന്നൊക്കെ 'അമ്മ കളിയായി അവളോട് പറഞ്ഞു. അവളുടെ ഒച്ചയിൽ ഒരുസങ്കടവും നിഴലിച്ചിരുന്നതായി റാബിയ ഓർക്കുന്നില്ല. 

അമ്മയോട് കളിചിരി പറഞ്ഞു ഫോൺ വെച്ച് രണ്ടുമണിക്കൂറിനുള്ളിൽ മരിച്ചു പോയി, ജിയ. ഡിന്നർ കഴിഞ്ഞ് രാത്രി 11.20 -ന് ഫ്ലാറ്റിൽ വന്ന റാബിയ കാണുന്നത് മുറിക്കുള്ളിൽ സീലിംഗ് ഫാനിൽ തൂങ്ങിയാടുന്ന തന്റെ മകളെയാണ്. ജിയയുടെ കാലിൽ പിടിച്ചു പൊക്കി റാബിയ അലറിവിളിച്ച് ആളെക്കൂട്ടി. അവളെ താഴെയിറക്കി. പക്ഷേ, അവൾ, പോയിക്കഴിഞ്ഞിരുന്നു. അവളുടെ ദേഹത്തിന് അപ്പോഴും ചൂടുണ്ടായിരുന്നു. 

മുംബൈയിൽ വിമാനമിറങ്ങിയതും കവിതയുടെ മൊബൈൽ ഫോൺ തുരുതുരാ അടിക്കാൻ തുടങ്ങി. ജിയയുടെ മരണത്തിലെ സങ്കടം അറിയിച്ചുകൊണ്ടുള്ള കവിതയുടെ സ്നേഹിതയുടെ ഒരു വോയ്‌സ് മെസ്സേജ് കേട്ടപ്പോഴാണ് അവൾ അപകടത്തെക്കുറിച്ച് അറിയുന്നത്. അതോടെ അവൾ മോഹാലസ്യപ്പെട്ടുവീണു. 

ലോക്കൽ പോലീസ് അന്വേഷണം ആരംഭിച്ചതും പത്രങ്ങളിൽ അവരവരുടേതായ തിയറികൾ വന്നുതുടങ്ങി. ഉച്ചയ്ക്കിറങ്ങിയ മിഡ് ഡേ എന്ന പത്രത്തിൽ, വിഷാദരോഗത്തിനടിമയായിരുന്ന, കാമുകൻ അടുത്തിടെ ഉപേക്ഷിച്ചു പോയതോടെ വിഷാദം അധികരിച്ച യുവനടിയുടെ ആത്മാഹുതിയുടെ വികാരാർദ്ര വർണ്ണനകളോടെ ഒരു ഓർമ്മക്കുറിപ്പ് വന്നു. #gonetoosoon എന്നൊരു ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളിലെങ്ങും ട്രെൻഡിങായി. 

പക്ഷേ, തുടക്കം മുതൽക്കു തന്നെ അവളെ അറിഞ്ഞിരുന്ന അവളുടെ അടുത്ത ബന്ധുക്കൾക്കാർക്കും തന്നെ ആ 'ആത്മാഹുതി' തിയറി വിശ്വസിക്കാൻ തോന്നിയില്ല. അങ്ങനെ ഒരു കുട്ടിയായിരുന്നില്ല അവൾ. ആരോടും ഒന്നും പറയാതെ കേറി ജീവനൊടുക്കില്ലായിരുന്നു അവരറിയുന്ന ജിയ എന്ന് എല്ലാവരും ആണയിട്ടുപറഞ്ഞു.  ആത്മാഹുതി എന്നുറപ്പിച്ചു പറയാൻ ജിയ ആത്മഹത്യാക്കുറിപ്പൊന്നും എഴുതിവെച്ചിട്ടല്ല പോയത്.  ഒരാഴ്ച കഴിഞ്ഞാണ് കവിതയ്ക്ക് തികച്ചും യാദൃച്ഛികമായി ജിയയുടെ കൈപ്പടയിലുള്ള ഒരു കത്ത് കിട്ടുന്നത്. ആ കത്ത് ആരുടെ പേർക്കും ആയിരുന്നില്ലെങ്കിലും, അതിൽ എഴുതിയിരുന്ന വിവരങ്ങൾ വെച്ച് അത് അവൾ കഴിഞ്ഞ ഒമ്പതുമാസമായി പ്രണയത്തിലായിരുന്ന അവളുടെ ബോയ്ഫ്രണ്ട് സൂരജ് പഞ്ചോളിയ്ക്കായിരുന്നു എന്നത് വ്യക്തമായിരുന്നു. സുപ്രസിദ്ധ ബോളിവുഡ് നടൻ ആദിത്യ പഞ്ചോളിയുടെ മകനായിരുന്നു സൂരജ്. കത്ത് ജിയയുടെ കൈപ്പടയിൽ തന്നെ എന്നുറപ്പിച്ച ശേഷം പോലീസ് സൂരജിനെ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റുചെയ്തു. തൊട്ടടുത്ത മാസം തന്നെ ആദിത്യ തന്റെ മകനെ ജാമ്യത്തിലിറക്കി. കേസ് സിബിഐയ്ക്ക് വിടാൻ വേണ്ടി റാബിയ കോടതികൾ കേറിയിറങ്ങി ഹർജികൾ നൽകിക്കൊണ്ടിരുന്നു. 

ഒടുവിൽ ബോംബെ ഹൈക്കോടതി 2014  ജൂലൈയിൽ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐയുടെ അന്വേഷണത്തിലും ജിയ ആത്മഹത്യ ചെയ്തതാണെന്നുള്ള മുംബൈ പോലീസിന്റെ അതേ നിഗമനത്തിലാണ് എത്തിച്ചേർന്നത്. സൂരജ് പഞ്ചോളിയുമായിഒമ്പതുമാസത്തോളം നീണ്ടുനിന്ന വളരെ 'അബ്യൂസീവ്' ആയ പ്രണയ ബന്ധത്തിൽ നിന്നേറ്റ മുറിവുകളാണ് അവളെ അങ്ങനെ ഒരു കടും കൈക്ക് പ്രേരിപ്പിച്ചത് എന്നും അവർ വിലയിരുത്തി. 

സൂരജ് തന്റെ മകളെ കൊന്നതാണ് എന്ന ആരോപണത്തിൽ തന്നെ റാബിയ അപ്പോഴും ഉറച്ചു നിന്നു. ആ ആരോപണങ്ങൾ ആവർത്തിച്ച് കൊണ്ട് അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു തുറന്ന കത്തെഴുതിയതോടെ ആദിത്യ പഞ്ചോളി അവർക്കെതിരെ കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മാനനഷ്ടക്കേസ് കൊടുത്തു. മകളുടെ മരണം റാബിയയെ ആകെ തളർത്തിക്കഴിഞ്ഞു. അതിൽ നിന്നും കര കേറാൻ അവർക്കിന്നും ആയിട്ടില്ല. തന്റെ ഐപോഡിൽ മകളുടെ കുട്ടിക്കാലം മുതൽക്കുള്ള ചിത്രങ്ങൾ ശേഖരിച്ചു വെച്ച് അതിൽ തന്നെ നോക്കിയിരിക്കുകയും, തന്റെ മകളുടെ കൊലപാതകം തെളിയിക്കാനുള്ള ശ്രമങ്ങളിൽ മുഴുകുകയുമാണ് അവർ ഇന്നും. 

പൊലീസിന്റെ അന്വേഷണം അട്ടിമറിക്കപ്പെട്ടതായി റാബിയ കരുതുന്നു. ആദ്യ ദിവസം അന്വേഷണത്തിന് വന്ന സംഘത്തിലെ ഒരു പൊലീസുകാരൻ വളരെ നിർണ്ണായകമായ പലതും ചൂണ്ടിക്കാണിച്ചിരുന്നതായി അവർ ഓർക്കുന്നു. തൂങ്ങി മരിച്ചു എന്ന് പറയപ്പെടുന്ന ജിയയുടെ കയ്യിലും മുഖത്തും എങ്ങനെ മുറിപ്പാടുകൾ വന്നു..? അവളുടെ മുറിയിലെ ഒരു അലമാരി വലിപ്പിന്റെ പിടി എങ്ങനെ പൊട്ടി..?  ബാൽക്കണിയിലേക്കുള്ള സ്ലൈഡിങ്ങ് ഡോർ തുറന്നുകിടന്നത് എങ്ങനെ..? അതിൽ കണ്ട ചോരപ്പാടുകൾ ആരുടേത്..?  ഒന്നാം ദിവസം ഇങ്ങനെയുള്ള സംശയാസ്പദമായ പലതും ചൂണ്ടിക്കാണിച്ച ആ പൊലീസുകാരൻ രണ്ടാമത്തെ ദിവസമായപ്പോഴേക്കും പൂർണ്ണമായും അലസത പ്രകടിപ്പിക്കാൻ തുടങ്ങിയത് എന്തിനെന്ന് തനിക്കറിയില്ല എന്ന്   റാബിയ പറഞ്ഞു. ജിയാ ഖാൻ തൂങ്ങി മരിച്ചു എന്ന് പറയപ്പെട്ടിരുന്ന വെളുത്ത ദുപ്പട്ട, മരിക്കുന്നതിന് അരമണിക്കൂർ മുമ്പ് സിസിടിവി ഫൂട്ടേജുകളിൽ അവൾ ധരിച്ചിരുന്നതായി കാണപ്പെടുന്ന ട്രാക്ക് സ്യൂട്ട് എന്നിവ അപ്രത്യക്ഷമായി. മുറിക്കുള്ളിൽ നിന്നും ഒരു വിരലടയാളം പോലും, എന്തിന് ജിയയുടെ വിരലടയാളം പോലും പൊലീസ് ഫോറൻസിക് വിദഗ്ധർക്ക് കിട്ടിയില്ലത്രേ.. ഇതൊന്നും തന്നെ പിന്നീട് വിശദമായി അന്വേഷിക്കപ്പെട്ടിട്ടില്ല എന്ന് റാബിയ ഗാർഡിയൻ പത്രത്തിനോട് പറയുകയുണ്ടായി. എന്നാൽ ഇതേപ്പറ്റി പൊലീസോ സിബിഐ വൃത്തങ്ങളോ പ്രതികരിക്കാൻ കൂട്ടാക്കിയില്ല. 

പൊലീസ്, സിബിഐ അന്വേഷണങ്ങളിൽ തൃപ്തി പോരാഞ്ഞ് റാബിയ ഒരു ബ്രിട്ടീഷ് ഫോറൻസിക് വിദഗ്ധനെ കൊണ്ടുവന്ന് സ്വതന്ത്രാന്വേഷണം പോലും നടത്തുകയുണ്ടായി. അതിൽ ഫോറൻസിക് എക്സ്പേർട്ടായ ജേസൺ പൈൻ ജെയിംസ് പോലീസിന്റെ ഭാഗത്തുനിന്നുമുള്ള പല പൊരുത്തക്കേടുകളും ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞത് ജിയയെ മരണം സംഭവിച്ച ശേഷം കെട്ടിത്തൂക്കിയതാണ് എന്ന് സൂചിപ്പിക്കുന്ന തെളിവുകളാണ് കൂടുതൽ എന്നാണ്. " കൊന്നു കെട്ടിത്തൂക്കിയതാണ് എന്ന് ഞാൻ തീർത്തു പറയുന്നില്ല. അതിനുള്ള തെളിവുകൾ എന്റെ പക്കലില്ല.പക്ഷേ, എനിക്ക് പറയാനുള്ളത്, ആ ഒരു സാധ്യതയെപ്പറ്റി ലോക്കൽ പൊലീസോ, സിബിഐ പോലുമോ വേണ്ടത്ര അന്വേഷണങ്ങൾ നടത്തിയില്ല എന്ന് മാത്രമാണ്.." ജെയിംസ് തുടർന്നു.  ജിയയ്ക്ക് അഞ്ചടി നാലിഞ്ച് ഉയരമേ ഉണ്ടായിരുന്നുള്ളൂ. അവൾക്ക് സ്വന്തമായി ഉയരെ ഇരിക്കുന്ന സീലിങ്ങ് ഫാനിൽ തൂങ്ങി മരിക്കാൻ കഴിയുമായിരുന്നോ എന്ന് പോലും സംശയം പ്രകടിപ്പിക്കുണ്ട് അദ്ദേഹം. 

റാബിയയ്ക്ക് നേരെ തന്റെ തുടരന്വേഷണങ്ങളുടെ പേരിൽ നിരവധി ഭീഷണികളും ഉയർന്നിരുന്നു. " ഇനിയും രണ്ടു പെണ്മക്കൾ കൂടി ഇല്ലേ..? അവരെ ജീവനോടെ വേണ്ടേ..? " എന്നായിരുന്നു ഒരു അജ്ഞാതൻ നേരിട്ട് ഭീഷണി മുഴക്കിയത്. സിബിഐ കണ്ടെത്തിയത് പ്രേമബന്ധത്തിൽ പ്രത്യേകിച്ച് പ്രതിബദ്ധതയൊന്നും ഇല്ലാതിരുന്ന സൂരജിന്റെ പെരുമാറ്റമാണ് ജിയയെ തളർത്തിയത് എന്നായിരുന്നു. ഒരിക്കൽ സൂരജിന്റെ വീട്ടിൽ വെച്ച് വീട്ടുകാരാരും അറിയാതെ മരുന്നുകഴിച്ച് ഗർഭം അലസിപ്പിക്കേണ്ടി വന്നിരുന്നത്രെ ജിയയ്ക്ക്. 

അന്നത്തെ പകലും കാര്യമായ വഴക്കുകൾ കമിതാക്കൾക്കിടയിൽ നടന്നിരുന്നത്രെ. ബാൽക്കണിയിൽ നിന്നും ജിയ ഉച്ചത്തിൽ ഫോണിൽ സംസാരിക്കുന്നത് കേട്ടവരുണ്ട്. ഉച്ചയ്ക്കെപ്പൊഴോ ജിയയ്ക്ക് ഒരു വലിയ ബൊക്കെ ഡെലിവറി ചെയ്യപ്പെട്ടിരുന്നു. അൽപനേരം കഴിഞ്ഞ് ജിയ ബൊക്കെയുമായി പുറത്തു വന്ന് സെക്യൂരിറ്റി ഓഫീസറെ വിളിച്ച് അതേ ബൊക്കെ കൊടുത്ത് ചവറ്റുകുട്ടയിൽ എറിയാൻ ആവശ്യപ്പെടുന്നതിന് സിസിടിവി ദൃശ്യങ്ങളുണ്ട്. പിന്നീട് കണ്ടെടുക്കപ്പെട്ട ആ ബൊക്കെയിൽ " ബെസ്റ്റ് വിഷസ് ഫ്രം സൂരജ്.." എന്നെഴുതിയ ഒരു കാർഡും ഉണ്ടായിരുന്നു. 

പോലീസ് സൂരജിനെ ചോദ്യം ചെയ്ത സമയത്ത് അയാളുടെ ബ്ലാക്ക് ബെറി ഫോണും പരിശോധിക്കുകയുണ്ടായി. അതിൽ നിന്നും ജിയാ ഖാനുമായുള്ള അയാളുടെ എല്ലാ ചാറ്റുകളും മെസ്സേജുകളും നീക്കം ചെയ്യപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. സൂരജ് ഇതുമായി ബന്ധപ്പെട്ട് ഒരു ഇന്റർവ്യൂ പോലും കൊടുക്കാൻ തയ്യാറായില്ല. ഒരു പത്രക്കാരനും വിട്ടുകൊടുക്കാതെ അച്ഛൻ ആദിത്യ പഞ്ചോളി മകനെ തന്റെ ചിറകിനടിയിൽ ഒളിപ്പിച്ചു സംരക്ഷിച്ചു എന്ന് പറയുന്നതാവും ശരി. തന്റെ മകൻ ഒരു പാവമാണെന്നും ഇന്നുവരെ ഒരുറുമ്പിനെപ്പോലും നോവിച്ചിട്ടില്ലാത്ത തന്റെ മകനെ പത്രങ്ങൾ മനഃപൂർവം ടാർഗറ്റ് ചെയ്തതാണെന്നും പഞ്ചോളി പറഞ്ഞു. 

ജിയാ ഖാന്റെ മരണത്തെക്കുറിച്ചുള്ള നിഗൂഢതകൾ ഇന്നും നിലനിൽക്കുന്നു. ഇരുകൂട്ടരും അവരവരുടെ നിലപാടുകളിൽ ഉറച്ചുതന്നെ നിൽക്കുന്നു. സത്യം ആർക്കും പിടിതരാതെയും.. 
 
 

click me!