പല കംബോഡിയൻ ഗ്രാമങ്ങളിലും ഒരു നൂറ്റാണ്ടിലേറെയായി നിലനിൽക്കുന്ന വിശ്വാസമാണ് ഇത്.
മാസ്കും, അണുനാശിനികളും, സാമൂഹിക അകലവും പ്രയോഗിച്ച് കൊറോണ വൈറസ് എന്ന മഹാമാരിയെ പടിക്ക് പുറത്ത് നിർത്താൻ പാടുപെടുകയാണ് ആളുകൾ. എത്രയൊക്കെ തടുത്ത് നിർത്തിയിട്ടും അത് പിന്നെയും രാജ്യങ്ങൾതോറും പടർന്നു കയറുകയാണ്. പല വിചിത്രമായ മാർഗ്ഗങ്ങളിലൂടെ ഇതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവരും കുറവല്ല. കംബോഡിയൻ ഗ്രാമത്തിലെ നിവാസികൾ കൊറോണ വൈറസ് എന്ന മഹാമാരിയെ പ്രതിരോധിക്കാൻ നമ്മളെ പോലെ മാസ്‌കോ, സാനിറ്റൈസാറോ ഒന്നും ഉപയോഗിക്കുകയല്ല. പകരം കൊറോണ വൈറസിനെ വിരട്ടി ഓടിക്കാനായി അവർ നോക്കുകുത്തികളെ പലയിടത്തും സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
മാരകമായ വൈറസിനെ തടയാൻ ഇതിനാകുമെന്നാണ് അവരുടെ അവകാശവാദം. നമ്മുടെ നാട്ടിൽ പാടത്തും പറമ്പിലുമെല്ലാം കാക്കയെയും, മറ്റ് പക്ഷികളെയും അകറ്റാൻ ഉപയോഗിക്കുന്ന ഇത് അവിടങ്ങളിൽ ദുരാത്മാക്കളെയും, രോഗങ്ങളെയും അകറ്റി നിർത്താനും കൂടി ഉപയോഗിക്കുന്നു. "ടിംഗ് മോംഗ്" എന്നാണ് നോക്കുകുത്തികൾ അവിടെ അറിയപ്പെടുന്നത്. ഗ്രാമവാസിയായ 64 -കാരി ഏക് ചാൻ പറയുന്നത് വീടിന് മുന്നിൽ അവർ കാവലായി സ്ഥാപിച്ചിരിക്കുന്ന രണ്ട് കോലങ്ങളാണ് അവരെ ഈ അസുഖത്തിൽ നിന്ന് കാക്കുന്നത് എന്നാണ്. വൈറസിനെ തടയാൻ ഇതിന് കഴിയുമെന്നാണ് അവർ അവകാശപ്പെടുന്നത്. കംബോഡിയയുടെ തലസ്ഥാനമായ നോം പെന്നിനടുത്തുള്ള കണ്ടൽ പ്രവിശ്യയിലാണ് അവരുടെ വീട്.
undefined
പല കംബോഡിയൻ ഗ്രാമങ്ങളിലും ഒരു നൂറ്റാണ്ടിലേറെയായി നിലനിൽക്കുന്ന വിശ്വാസമാണ് ഇത്. ഏക് ചാനെ പോലുള്ള നിരവധിപ്പേർ ദുരാത്മാക്കളെയും രോഗങ്ങളെയും പ്രതിരോധിക്കാനായി ഇങ്ങനെ വീടുകൾക്ക് മുന്നിൽ കോലങ്ങൾ കുത്തിവയ്ക്കുന്നു. “ഈ ടിംഗ് മോങ്‌സ്, കൊറോണ വൈറസ് ഉൾപ്പെടെയുള്ള എല്ലാ വൈറസിനെ ഭയപ്പെടുത്തുകയും, അത് എന്റെ കുടുംബത്തിലേക്ക് പടരുന്നത് തടയുകയും ചെയ്യുന്നു. വൈറസ് പിടിപ്പെടുമെന്നതിനെ കുറിച്ചോർത്ത് എനിക്ക് ഒട്ടും ഭയമില്ല” ഏക് ചാൻ പറഞ്ഞു.
എന്നാൽ, ഇതിൽ രസകരമായ കാര്യം കൊറോണ വൈറസ് ഏറ്റവും കുറവ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് കംബോഡിയയും ഉൾപ്പെടുന്നത്. വെറും 307 കേസുകളുള്ള അവിടെ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം ഈ മാസം ആദ്യം ഹംഗറിയുടെ വിദേശകാര്യമന്ത്രി രാജ്യം സന്ദർശിക്കുകയും പിന്നീട് രോഗബാധിതനായി തീരുകയും ചെയ്തത് ആശങ്കയ്ക്ക് ഇടനൽകുന്നു. ഇതിനെ തുടർന്ന് ടെസ്റ്റിംഗ് വ്യാപകമാകുകയും, കംബോഡിയൻ പ്രധാനമന്ത്രി അടക്കം നിരവധിപേർ ക്വാറന്റൈനിൽ പോവുകയും ചെയ്‌തു. പല കംബോഡിയക്കാരും രോഗബാധിതരാണോ എന്ന് സംശയിക്കേണ്ടിരിക്കുന്നു.
എന്നിരുന്നാലും അവിടെയുള്ള കോലങ്ങൾ മഹാമാരിയിൽ നിന്ന് തങ്ങളെ രക്ഷിക്കുമെന്ന വിശ്വാസത്തിലാണ് നിവാസികൾ. അരി പുല്ല്, മുള അല്ലെങ്കിൽ തടി എന്നിവ ഉപയോഗിച്ച് നിർമ്മിച്ച കോലങ്ങളെ പഴയ വസ്ത്രങ്ങൾ ധരിപ്പിച്ച് വീടുകൾക്ക് മുന്നിൽ അവർ കാവൽ നിർത്തുന്നു. ഇനി വൈറസ് എങ്ങാൻ ആക്രമിക്കാൻ വന്നാൽ സംരക്ഷണത്തിനായി അവയ്ക്ക് ഹെൽമെറ്റും കൈയിൽ വടിയും, കത്തിയും പോലുള്ള ആയുധങ്ങളും ഉടമസ്ഥർ നൽകുന്നു. പലരും ഇപ്പോഴും ഈ തെറ്റായ വിശ്വാസം മുറുകെ പിടിക്കുന്നവർ തന്നെയാണ് അവിടെ.