പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനമില്ല, വൈദ്യുതിയോ ഇന്‍റര്‍നെറ്റോ ഇല്ല; 'വിലക്കപ്പെട്ട ദ്വീപി'ലെ വിശേഷങ്ങള്‍

By Web Team  |  First Published Sep 20, 2020, 3:22 PM IST

കൂടുതൽ താമസക്കാരും നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നതുപോലെ തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്. പൂർവ്വികരെ പോലെ പരമ്പരാഗത രീതികൾ ഉപയോഗിച്ച് വേട്ടയാടിയും, മത്സ്യബന്ധനം നടത്തിയുമാണ് അവർ ജീവിക്കുന്നത്. 


ഗാർഡൻ ദ്വീപിന്‍റെ തെക്കുപടിഞ്ഞാറ് മാറിയാണ് ഹവായിയിലെ നിഹാവു എന്ന ദ്വീപ് സ്ഥിതിചെയ്യുന്നത്. അതിന് 'വിലക്കപ്പെട്ട ദ്വീപ്' എന്നൊരു പേരും കൂടിയുണ്ട്. നിഹാവു പ്രകൃതിമനോഹരമായ ഒരിടമാണ്. പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം പുറമെയുള്ളവർക്ക് അവിടെ 'നോ എൻട്രി' യാണ്. ലോകത്തിൽ നിന്നും തീർത്തും ഒറ്റപ്പെട്ട് കിടക്കുന്ന ഈ ദ്വീപിൽ ആളുകൾ താമസിക്കുന്നുണ്ടെങ്കിലും, അവർക്ക് പുറംലോകവുമായി വലിയ ബന്ധമൊന്നുമില്ല. അത് മാത്രവുമല്ല, ഇവിടം തീർത്തും വേറിട്ട ഒരു ലോകമാണ്. ദ്വീപിൽ റോഡുകളോ, കാറുകളോ, കടകളോ, റസ്റ്റോറന്‍റുകളോ, ഇന്‍റർനെറ്റോ, വൈദ്യുതിയോ, ഇൻഡോർ പ്ലംബിംഗോ ഒന്നുമില്ല.  

ഒരിക്കൽ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു നിഹാവു 1864 -ൽ കമെഹമെഹ രാജാവിൽ നിന്ന് റോബിൻ‌സൺ കുടുംബം വാങ്ങുകയായിരുന്നു. 10,000 ഡോളറിനാണ് അന്ന് ഈ ദ്വീപ് വാങ്ങിയത്. ഇപ്പോഴല്ലെങ്കിലും, അന്നത്തെ കാലത്ത് അതൊരു വലിയ തുകയായിരുന്നു. കുടുംബം ദ്വീപ് സ്വന്തമാക്കിയപ്പോൾ രാജാവിന് ഒരു വാക്ക് കൊടുത്തു. ദ്വീപിനെയും, അവിടത്തെ നിവാസികളെയും ബാഹ്യസ്വാധീനങ്ങളിൽ നിന്ന് സംരക്ഷിച്ചുകൊള്ളാമെന്നായിരുന്നു അത്. ഇന്നും അവർ ആ വാക്ക് പാലിക്കുന്നു. ഉടമകൾക്കും, അവരുടെ അതിഥികൾക്കും, ചുരുക്കം ചില ഭരണാധികാരികള്‍ക്കും മാത്രമേ അവിടേക്ക് പ്രവേശനമുള്ളൂ. അങ്ങനെയാണ് അതിന് 'വിലക്കപ്പെട്ട ദ്വീപ്' എന്ന പേര് വന്നത്.  

Latest Videos

undefined

ദ്വീപിന്റെ ഏറ്റവും വലിയ വാസസ്ഥലമായ Pu’uwai-യിലെ വീടുകളിൽ വൈദ്യുതിക്കായി ചെറിയ ജനറേറ്ററുകളാണ് ഉപയോഗിക്കുന്നത്. അതേസമയം അവിടത്തെ സ്കൂൾ സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്. വാസ്തവത്തിൽ, സൂര്യപ്രകാശത്തിൽ മാത്രം പ്രവർത്തിക്കുന്ന രാജ്യത്തെ ഏക വിദ്യാലയം നിഹാവുവിലെ വിദ്യാലയമാണ്.

കൂടുതൽ താമസക്കാരും നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നതുപോലെ തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്. പൂർവ്വികരെ പോലെ പരമ്പരാഗത രീതികൾ ഉപയോഗിച്ച് വേട്ടയാടിയും, മത്സ്യബന്ധനം നടത്തിയുമാണ് അവർ ജീവിക്കുന്നത്. ദ്വീപിൽ ആകെ എത്രപേർ താമസമുണ്ടെന്ന് കൃത്യമായ കണക്കില്ല. 2010 -ലെ സെൻസസ് അനുസരിച്ച് ദ്വീപിൽ 170 സ്ഥിരവാസികളുണ്ടായിരുന്നു. എന്നാൽ, ഈ എണ്ണം ശരിക്കും ഒരു ഊഹം മാത്രമാണ്. റോബിൻസൺ കുടുംബത്തിന് ആളുകളുടെ എണ്ണം റിപ്പോർട്ടുചെയ്യേണ്ടതില്ല, കൂടാതെ നിരവധി താമസക്കാർ ദ്വീപിൽ നിന്ന് പോവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ യഥാർത്ഥ ജനസംഖ്യ കണക്ക് ഒരു വലിയ രഹസ്യമാണ്. എന്നിരുന്നാലും, ആളുകളുടെ എണ്ണം 70 -ന് അടുത്താണെന്നാണ് ഒരു ഉറവിടം കണക്കാക്കുന്നത്. റോബിൻസൺ കുടുംബം വളരെ കർശന നിയമങ്ങളാണ് അവിടെ നടപ്പിലാക്കുന്നത്. താമസക്കാർക്ക് മദ്യമോ, തോക്കുകളോ അനുവദനീയമല്ല. പുരുഷന്മാർക്ക് നീളമുള്ള മുടിയോ, കമ്മലുകളോ പാടില്ല. ഗ്രാമം മുഴുവൻ ഞായറാഴ്ച പള്ളിയിൽ പോകണമെന്നും പറയപ്പെടുന്നു.  

അതുപോലെ തന്നെ വിദേശികളുടെ അനധികൃത പ്രവേശനം കർശനമായി അവിടെ നിരോധിച്ചിരിക്കുന്നു. എന്നിരുന്നാലും, നിങ്ങൾക്ക് അവിടെ പോകാൻ കഴിയില്ലെന്ന് ഇതിനർത്ഥമില്ല. റോബിൻസൺ കുടുംബത്തിലെ ഒരു അംഗം നിങ്ങളെ ക്ഷണിക്കുകയോ, അല്ലെങ്കിൽ നിങ്ങൾ ഒരു സ്ഥിരനിവാസിയോ ആണെങ്കിൽ നിങ്ങൾക്ക് ആ ദ്വീപ് സന്ദർശിക്കാം. അതുമല്ലെങ്കിൽ നിഹാവുവിലെ അരദിവസത്തെ ഗൈഡഡ് ടൂറിനു നിങ്ങൾക്ക് ഒരവസരമുണ്ട്. ഒരു സ്വകാര്യ ചാർട്ടേഡ് ഹെലികോപ്റ്ററിൽ നിങ്ങൾക്ക് ദ്വീപിന്റെ മുഴുവൻ ആകാശ കാഴ്ചകൾ കണ്ടാസ്വദിക്കാം. ഒരു ദിവസം നീണ്ടുനിൽക്കുന്ന ഗൈഡഡ് ഹണ്ടിംഗ് സഫാരിക്കും പോകാം. അപ്പോഴും ദ്വീപിന്റെ കൂടുതൽ അകത്തേയ്ക്ക് നിങ്ങൾക്ക് പ്രവേശനമില്ല. പ്രത്യേകിച്ച് ആളുകൾ താമസിക്കുന്ന ഗ്രാമങ്ങളിൽ. 
 

click me!