കഥകളി അരങ്ങില്‍ തനിമയാര്‍ന്ന സ്ത്രീവേഷങ്ങളിലൂടെ ആസ്വാദകരുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രമായ കോട്ടക്കല്‍ ശിവരാമന്‍റെ വിയോഗത്തിന് വ്യാഴാഴ്ച എട്ടാണ്ട്. കാറല്‍മണ്ണയിലെ വാരിയത്ത് പള്ളിയാലില്‍ വീട്ടില്‍ വിശ്രമജീവിതം നയിക്കവെ 2010 ജൂലൈ 19നായിരുന്നു കഥകളിയിലെ 'നിത്യഹരിത നായിക'യുടെ വിയോഗം. വിടവാങ്ങി എട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ദമയന്തിയുടെയും മോഹിനിയുടെയുമൊക്കെ വേഷങ്ങള്‍ കെട്ടിയാടാനുള്ള ഏറ്റവും യോഗ്യനായ ആളുടെ ആ ഇരിപ്പിടം ഒഴിഞ്ഞുതന്നെ കിടക്കുന്നു.
1936ൽപാലക്കാട് ജില്ലയിലെ കാറൽമണ്ണയിലാണ് കോട്ടക്കൽ ശിവരാമന്റെ ജനനം. പില്‍ക്കാലത്ത് അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ സ്ത്രീവേഷങ്ങള്‍ യഥാര്‍ഥത്തില്‍ ശിവരാമന്‍റെ തെരഞ്ഞെടുപ്പായിരുന്നില്ല. മറിച്ച് ആ വേഷങ്ങള്‍ തങ്ങളെ അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള ഒരു നടനെ തെരഞ്ഞെടുക്കുന്നത് പോലെയായിരുന്നു അത്. അരനൂറ്റാണ്ട് മുന്‍പ് ദില്ലിയിൽ നടന്ന നളചരിതം കഥകളിയിൽ പകരക്കാരനായി ദമയന്തിയുടെ വേഷം കെട്ടിയതായിരുന്നു തുടക്കം. പിന്നീട് കഥകളി ആചാര്യൻമാരുടെയും ആസ്വാദകരുടെയും സ്നേഹപൂർണ്ണമായ നിർബന്ധങ്ങളെത്തുടർന്നാണ് സ്ത്രീവേഷങ്ങള്‍ അദ്ദേഹം തുടര്‍ന്നത്. ദമയന്തിയെക്കൂടാതെ കർണ്ണശപഥത്തിലെ കുന്തിയും രുഗ്മാംഗദചരിതത്തിലെ മോഹിനിയുമൊക്കെയായി ശിവരാമൻ അനവധി അരങ്ങുകളിൽ പിന്നീട് തന്നിലെ നടന്‍റെ പ്രഭാവം അറിയിക്കുകയായിരുന്നു. പിന്നീടുള്ള അര നൂറ്റാണ്ടിലേറെക്കാലം സ്ത്രീവേഷങ്ങളുടെ പൂര്‍ണതയെന്നാല്‍ ശിവരാമന്‍ എന്നായി. വാഴേങ്കട കുഞ്ചുനായർ ആശാന്റെ കീഴിൽ കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിലെ ശിക്ഷണമാണ് ഈ കാറൽമണ്ണക്കാരനെ കോട്ടയ്ക്കൽ ശിവരാമനാക്കി മാറ്റിയത്. പ്രശംസകള്‍ക്ക് മുന്നിലെല്ലാം ആ ഗുരുവിനെ നമിച്ച് അദ്ദേഹം വിനയാന്വിതനായി.
കളിയരങ്ങളിലെ സ്ത്രീരത്നം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും പലപ്പോഴായി ഈ മികച്ച നടനെ തേടിയെത്തി. 2009ലെ സംസ്ഥാന സർക്കാരിന്‍റെ കഥകളി പുരസ്കാരം, കലാമണ്ഡലത്തിലെ പ്രഥമ കലാരത്നം പുരസ്കാരം, കേരള സംഗീതനാടക അക്കാമദി അവാർഡുകൾ, കേരള കലാമണ്ഡലം അവാർഡ് തുടങ്ങിയവ അവയിൽ ചിലതാണ്. ഭാരത സർക്കാറിന്റെ സംഗീത നാടക അക്കാദമി പുരസ്ക്കാരം 1988-ൽ ലഭിച്ചു.
സ്ത്രീകഥാപാത്രങ്ങളെ തനിമയോടെ അവതരിപ്പിച്ച് നിരവധി അരങ്ങുകളില്‍ കൈയ്യടികള്‍ നേടിയപ്പോഴും ഒരേതരം വേഷങ്ങള്‍ ആസ്വാദകര്‍ക്ക് ആവര്‍ത്തന വിരസത സമ്മാനിക്കുമെന്ന ദീര്‍ഘവീഷണം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാൽ കഥകളിലോകത്ത് പുത്തൻ തലമുറക്ക് ധാരാളം അവസരങ്ങൾ ലഭിക്കട്ടെ എന്നും അദ്ദേഹം ആശിർവദിച്ചിരുന്നു. അവസാനകാലത്ത് ഭാര്യയ്ക്കൊപ്പം കാറല്‍മണ്ണയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകായിരുന്നു. അപ്പോഴും പല അരങ്ങുകളില്‍ തങ്ങളെ മഥിച്ച ആ സ്ത്രീവേഷങ്ങള്‍ കാണാനുള്ള ആഗ്രഹത്താല്‍ ആസ്വാദകരും കഥകളിസംഘക്കാരും അദ്ദേഹത്തെ സമീപിച്ചുകൊണ്ടിരുന്നു. പുതിയ തലമുറയെ ചൂണ്ടിക്കാട്ടി ആ അവസരങ്ങളെല്ലാം അദ്ദേഹം സ്നേഹപൂര്‍വ്വം നിരസിച്ചു.