'മൂന്ന് വയസല്ലേ, ഇത്രേം വേണായിരുന്നോ' വിളി കേൾക്കാതെ ടിവി കണ്ട കുട്ടിക്ക് അച്ഛന്റെ കടുത്ത ശിക്ഷ, വിമര്‍ശനം

By Web Team  |  First Published Jul 9, 2024, 6:45 PM IST

അമിതമായി ടെലിവിഷൻ കണ്ടതിന് മൂന്ന് വയസുള്ള മകൾക്ക് പിതാവ് നൽകിയ ശിക്ഷയാണ് വിഷയം. 


കുട്ടികളെ മനസിലാക്കി തെറ്റുകൾ തിരുത്തുന്ന രക്ഷിതാക്കൾ ഏറെയുണ്ട്. എന്നാൽ അവര്‍ ചെയ്യുന്ന ചെറിയ തെറ്റുകൾക്ക് പോലും കഠിനമായ ശിക്ഷ നൽകുന്നവരും ക്രൂരമായി പെരുമാറുന്നവരും പലപ്പോഴും സമൂഹത്തിന് മുന്നിൽ വിമര്‍ശനവും, ഒരുപക്ഷെ നിയമനടപടികളും വരെ നേരിടുന്ന സംഭവങ്ങൾ ഇപ്പോൾ വാര്‍ത്തയാകാറുണ്ട്.  ഇത്തരമൊരു വിഷയത്തിലെ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ചൈനയിൽ നിന്നുള്ള ഒരു വീഡിയോ. അമിതമായി ടെലിവിഷൻ കണ്ടതിന് മൂന്ന് വയസുള്ള മകൾക്ക് പിതാവ് നൽകിയ ശിക്ഷയാണ് വിഷയം. കൂടുതൽ സമയം ടെലിവിഷൻ കണ്ടതിന്റെ ശിക്ഷയായി, ഒരു പാത്രം എടുത്തുനൽകി അതിൽ കണ്ണുനീര്‍ നിറഞ്ഞ ശേഷമേ ഇനി ടിവി കാണാൻ പാടുള്ളൂ എന്ന് ശാസിച്ച പിതാവ് വ്യാപക വിമര്‍ശനം ഏറ്റുവാങ്ങി. 

തെക്കൻ ചൈനയിലെ ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശമായ യുലിനിലാണ് സംഭവം. അത്താഴം തയ്യാറാക്കി, പിതാവ് മകൾ ജിയാജിയയെ ഡൈനിംഗ് ടേബിളിലേക്ക് വിളിച്ചു. എന്നാൽ അവൾ ടിവിയിൽ മുഴുകിയിരിക്കുകയായിരുന്നു. അച്ഛന്റെ വിളി അവളുടെ ശ്രദ്ധയിൽ വന്നില്ല. എന്നാൽ ഇതിൽ ദേഷ്യപ്പെട്ട് അച്ഛൻ ടെലിവിഷൻ ഓഫ് ചെയ്തു. 

Latest Videos

undefined

ഇതോടെ ജിയാജിയ  കരയാൻ തുടങ്ങി. അപ്പോഴായിരുന്നു അച്ഛന്റെ ശാസന.  ഒരു ഒഴിഞ്ഞ പാത്രം നൽകി, "ഈ പാത്രത്തിൽ കണ്ണുനീർ നിറച്ചാൽ നിനക്ക് ടിവി കാണാം" എന്ന് അവളോട് അച്ഛൻ പറഞ്ഞു.  കുട്ടിയുടെ അമ്മയാണ് വീഡിയോ പകര്‍ത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇൻസ്റ്റഗ്രാം റീലിന് സമാനമായ ചൈനീസ് പ്ലാറ്റ്ഫോം ഡൂയിനിലാണ് വീഡിയോ പങ്കുവച്ചത്. തുടര്‍ന്ന് പാത്രത്തിൽ കണ്ണുനീര്‍ നിറയ്ക്കാൻ കുട്ടി ശ്രമിക്കുന്നതും പിന്നാലെ ഇതിന് പറ്റില്ലെന്ന് പറയുന്നതും വീഡിയോയിലുണ്ട്. ഇതിന് പിന്നാലെ കണ്ണുനിറച്ചുനിൽക്കുന്ന കുട്ടിയോട് അച്ഛൻ ചിരിക്കാൻ ആവശ്യപ്പെടുന്നതും ഈ ചിത്രം പകര്‍ത്തുന്നതും വീഡിയോയിലുണ്ട്. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് സംഭവം വിശദമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചൈനയിൽ നിന്ന് മുമ്പ് ഇത്തരം സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടുതൽ സമയം ടിവി കണ്ടതിന്, മാതാപിതാക്കൾ ഉറങ്ങാൻ സമ്മതിക്കാതെ കുട്ടിയെ ടിവി കാണിക്കുന്നതും രാവിലെ അഞ്ച് മണിവരെ ഉറങ്ങുന്നുണ്ടോ എന്ന് നോക്കിയിരുന്ന് ശിക്ഷ ഉറപ്പുവരുത്തുന്നതും അടക്കമുള്ള സംഭവമായിരുന്നു അന്ന് പുറത്തുവന്നത്. തളര്‍ന്ന കുഞ്ഞിനെ അ‍ഞ്ച് മണിക്ക് ശേഷമാണ് രക്ഷിതാക്കൾ ഉറങ്ങാൻ അനുവദിച്ചത്. വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയ സംഭവത്തിന് പിന്നാലെ പുതിയ വീഡിയോയും സോഷ്യൽ മീഡിയയിൽ വലിയ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. 

മഴ നനഞ്ഞ് മണ്ണറിഞ്ഞ് പുതിയൊരു പാഠം, കൃഷി ചെയ്യാന്‍ കൃഷ്ണ മേനോൻ കോളേജിലെ വിദ്യാർത്ഥിനികൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!