
വാഷിങ്ടൺ: ആണവ പദ്ധതി സംബന്ധിച്ച് വാഷിംഗ്ടണുമായി ഒരു കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ബോംബാക്രമണം നടത്തുമെന്നും ഇരട്ട തീരുവയും ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. എൻബിസി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കരാർ സംബന്ധിട്ട് യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ സംസാരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
കരാറിൽ എത്തിയില്ലെങ്കിൽ ഇറാനിൽ ബോംബാക്രമണം ഉണ്ടാകുമെന്നും നാല് വർഷം മുമ്പ് ഞാൻ ചെയ്തതുപോലെ ഞാൻ അവർക്ക് ഇരട്ട നികുതി ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനും ലോകശക്തികളും തമ്മിലുള്ള 2015 ലെ കരാറിൽ നിന്ന് ട്രംപ് പിന്മാറിയിരുന്നു. ട്രംപ് വീണ്ടും അധികാരത്തിലേറിയതോടെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തി.അതേസമയം, കരാറിൽ ഏർപ്പെടുകയോ അല്ലെങ്കിൽ സൈനിക പ്രത്യാഘാതങ്ങൾ നേരിടുകയോ ചെയ്യണമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ ഇറാൻ തള്ളി.
ട്രംപ് അയച്ച കത്തിന് ഒമാൻ വഴിയാണ് ഇറാൻ മറുപടി അയച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്‌ചിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ വ്യാഴാഴ്ച പറഞ്ഞു. ഉയർന്ന ഫിസൈൽ പ്യൂരിറ്റിയിലേക്ക് യുറേനിയം സമ്പുഷ്ടമാക്കി ആണവായുധ ശേഷി വികസിപ്പിക്കുക എന്ന രഹസ്യ അജണ്ട ഇറാൻ നടത്തുന്നുവെന്ന് പാശ്ചാത്യ ശക്തികൾ ആരോപിക്കുന്നു.എന്നാൽ തങ്ങളുടെ ആണവ പദ്ധതി പൂർണ്ണമായും സിവിലിയൻ ഊർജ്ജ ആവശ്യങ്ങൾക്കുള്ളതാണെന്നാണ് ഇറാന്റെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam