അല്ല ചേട്ടമ്മാരെ, പെണ്ണുങ്ങള്‍ കാറോടിച്ച് പോകുമ്പോള്‍ മാത്രം നിങ്ങള്‍ക്കെന്താണിത്ര 'പുച്ഞം'?

 ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

tulunadan kathakal humour column by tulu rose tony

പെണ്ണുങ്ങള്‍ കാറോടിച്ച് പോകുമ്പോള്‍ വേറെയാരേലും ബ്ലോക്ക് ഉണ്ടാക്കിയാലും, ആ കുറ്റം പെണ്ണിന്റെ തലയിലിടുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ട് ഈ മത്തങ്ങാത്തലയന്മാര്‍ക്ക്. അതൊരു സുഖമാ എന്റെ സാറേ..
 

tulunadan kathakal humour column by tulu rose tony

Latest Videos

 

കാര്‍ സ്റ്റിയറിങ്ങും കൊണ്ട് അമ്മേടെ വയറ്റീന്ന് പെറ്റ് വീണ ചില മ..മ..മത്തങ്ങാ തലയന്മാരോടാണ്.

എടോ മനുഷ്യന്മാരേ, നിങ്ങളുടെയൊക്കെ വിചാരം എന്താ? പെണ്ണുങ്ങള്‍ കാറോടിച്ച് പോകുമ്പോള്‍ നിങ്ങള്‍ക്കെന്താണിത്ര പുച്ഞം?

നിങ്ങള്‍ക്ക് ഒരു കാര്യമറിയാവോ.. വേണ്ടി വന്നാല് റോഡില്‍ അല്ലറ ചില്ലറ പോട്ട് ഒരു വലിയ ബ്ലോക്ക് ഒക്കെ ഉണ്ടാക്കാനേ ഞങ്ങള്‍ക്ക് പറ്റൂ. അല്ലാതെ നിങ്ങളെ പോലെ അഹങ്കാരം മൂത്ത് വണ്ടിയോടിച്ച് വല്ലയിടത്തും കൊണ്ട് ചാര്‍ത്താനും, അപകടങ്ങളുണ്ടാക്കാനും ഞങ്ങള്‍ക്കറിയില്ല. 

അതെന്ത്‌കൊണ്ടാ...?
അത്രക്കും സൂക്ഷിച്ചാണ് പെണ്ണുങ്ങള്‍ വണ്ടി ഓടിക്കുന്നത്. അത് ജന്മനാ ഉള്ളതാണേ.
മത്തങ്ങാത്തലയന്മാര്‍ക്ക് സൂക്ഷ്മത ഇല്ലെന്നല്ല, അവര്‍ പൊതുവെ കൗതുകം കൂടുതല്‍ ഉള്ളവരാണ്.

അതായത്..ഇതെഴുതാനുള്ള കാരണം പറയാം.

ഇന്നലെ ഞാന്‍ കാറും ഓടിച്ചോണ്ടിങ്ങനെ പോകുവാരുന്നേ. പാട്ട് കേട്ട് വണ്ടിയോടിക്കുമ്പോള്‍ ഇടക്ക് എനിക്ക് വഴി തെറ്റും. സ്വാഭാവികം!

അങ്ങനെ ഇന്നലെയും വഴി തെറ്റി, റൈറ്റ് ഇന്ഡിക്കേറ്ററിട്ട് ഒരു റോഡിലേക്ക് കയറി. കുറച്ചങ്ങ് പോയി കഴിഞ്ഞപ്പോഴാണ് മനസ്സിലായത് തെറ്റ് പറ്റി എന്ന്. 

മനുഷ്യരല്ലേ, ഒരു പത്ത് പതിനഞ്ച് തെറ്റൊക്കെ ദിവസവും പറ്റും. മനുഷ്യ സഹജം!

അങ്ങനെ ഞാനോടിച്ചോടിച്ച് ഒരു നാലും കൂടിയ മൂലയിലെത്തി. സ്‌കൂള്‍ വിട്ട സമയം ആയത് കൊണ്ട് ആ ഭാഗത്ത് നല്ല തിരക്ക്. 

എനിക്ക് വണ്ടി റിവേര്‍സ് എടുക്കണം. പക്ഷേ, അവിടുന്നും ഇവിടുന്നും ഒക്കെ വണ്ടികള്‍. 

ഞാന്‍ പതുക്കെ വണ്ടി ഒരു സൈഡിലാക്കി. ആ കിട്ടിയ ഒരു ഗ്യാപ്പിലൂടെ ഒരു മത്തങ്ങാത്തലച്ചി സ്‌കൂട്ടറും തുഴഞ്ഞൊരു പോക്ക്. ആ പെണ്ണുമ്പിള്ള ഒന്ന് ഒതുക്കി നിര്‍ത്തിയിരുന്നുവെങ്കില്‍, മുന്നില്‍ കൂടെ വരുന്നവര്‍ക്ക് പോകാമായിരുന്നു. 

അതെങ്ങനെയാ, ക്ഷമ നമ്മുടെ ഡിക്ഷണറിയില്‍ ഇല്ലല്ലോ. 

ആഹ്, ലവള് പോട്ടെ. ഞാനങ്ങ് ഡീസന്റായി മാറി നിന്നേക്കാം എന്നോര്‍ത്തത് എന്റെ നല്ല മനസ്സ് ഒന്നും അല്ല. 

അങ്ങോട്ട് പോയി ഞാനിടിച്ചാലും ഇങ്ങോട്ട് വന്നെന്നെ ഇടിച്ചാലും കുറ്റം എനിക്ക് മാത്രം ആയിരിക്കും എന്ന് അറിയാമായിരുന്നത് കൊണ്ടാണ്. 

ബൈ ദ ബൈ, തിരക്ക് ഒന്നൊതുങ്ങിയപ്പോള്‍ ഞാന്‍ മുന്നിലേക്ക് വണ്ടിയെടുത്തു. എന്നിട്ട് വേണം ഒള്ള സ്ഥലത്തിട്ട് തിരുവാതിര കളിക്കാന്‍. 

പക്ഷേ, ഞാന്‍ വണ്ടി മുന്നിലേക്കെടുത്തതും ഒരു ഇന്നോവ എന്റെ എതിരേ വന്ന് ഒറ്റ ചവിട്ട്. 

ഹോ, എന്റെ ഭാഗ്യത്തിന് ഞാനും ഒരൊറ്റ ചവിട്ട് കൊടുത്തില്ലായിരുന്നെങ്കില്‍ ആകെ അളിപിളി ആയേനെ.

ചവിട്ടിയതോ പോട്ടെ, ഇന്നോവ ഓടിക്കുന്ന മത്തങ്ങാത്തലയന്‍ വണ്ടി ന്യൂട്രലില്‍ ഇട്ട് കിടപ്പായി. അയാളൊന്ന് വണ്ടി ലെഫ്റ്റിലേക്ക് ഒടിച്ചിരുന്നുവെങ്കില്‍, എനിക്ക് ഈസിയായി റിവേര്‍സെടുക്കാന്‍ പറ്റിയേനെ. 

ഈ മത്തങ്ങാത്തലയന്‍ ഏതാണ്ട് എന്നോടെന്തോ പൂര്‍വ്വ വൈരാഗ്യം ഉള്ളത് പോലെ എന്നെ തുറിപ്പിച്ച് നോക്കി അവിടെ കിടക്കുവാ.

നീ എങ്ങനെ വണ്ടി എടുക്കും എന്ന് ഞാനൊന്ന് കാണട്ടെ എന്നാണ് അങ്ങേരുടെ ഭാവം. 

പെണ്ണുങ്ങള്‍ കാറോടിച്ച് പോകുമ്പോള്‍ വേറെയാരേലും ബ്ലോക്ക് ഉണ്ടാക്കിയാലും, ആ കുറ്റം പെണ്ണിന്റെ തലയിലിടുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ട് ഈ മത്തങ്ങാത്തലയന്മാര്‍ക്ക്. അതൊരു സുഖമാ എന്റെ സാറേ..

ശ്ശെടാ! ഇനിയെവനെങ്ങാനും എന്റെ പണ്ടത്തെ വല്ല ലൈനുമായിരുന്നോ? കിട്ടിയ താപ്പിലെന്നോട് പ്രതികാരം ചെയ്യുന്നതാണോ എന്ന് വരെ ഞാന്‍ ചിന്തിച്ചു.

അവനാണെങ്കില്‍ ഗ്ലാസ്സും താഴ്ത്തുന്നുമില്ല, വണ്ടിയൊട്ട് അനക്കുന്നതുമില്ല.

ഞാന്‍ വിചാരിച്ചു തുടങ്ങി എന്റെ ഭാഗത്താണ് തെറ്റ് എന്ന്. അല്ലെങ്കില്‍ ഒരാളിങ്ങനെ പെരുമാറില്ലല്ലോ.

ഞാന്‍ ഗ്ലാസ്സ് താഴ്ത്തി. ബ്ലോക്ക് കൂടി തുടങ്ങി. ഞാനാകെ വിയര്‍ത്തും തുടങ്ങി. 

അപ്പോഴാണ് മാലാഖ പോലൊരു ചേട്ടന്‍ എന്റെ വണ്ടിയുടെ പുറകില്‍ നിന്നും വരുന്നത്. എന്നെ വഴക്ക് പറയുവാനുള്ള വരവാണെന്ന് കരുതി ഞാന്‍ ചൂളി. 

പക്ഷേ.. ആ മാലാഖയുണ്ടല്ലോ ഇന്നോവയില്‍ പ്രതിമ പോലെയിരിക്കുന്ന മത്തങ്ങാത്തലയനോട് ഒരൊറ്റ ചോദ്യം:

'എടോ തനിക്ക് തന്റെ വണ്ടിയൊന്ന് മുന്നിലേക്ക് നീക്കി കൊടുത്താല്‍ ഈ ബ്ലോക്ക് ഇവിടുണ്ടാകുവോടോ?'

മാലാഖ നല്ല കലിപ്പനായിരുന്നത് കൊണ്ടാവണം മത്തങ്ങാത്തലയന്‍ ഇന്നോവ ലെഫ്‌റ്റൊടിച്ച് മുന്നിലേക്ക് നീക്കി.

എന്റെ ഭാഗത്തല്ല തെറ്റ് എന്ന് മനസ്സിലായ ആ നിമിഷം ഉണ്ടല്ലോ, അത് മതിയാരുന്നു എനിക്ക് ഒരു ദീര്‍ഘനിശ്വാസം വിടാനും മത്തങ്ങാത്തലയനോട് രണ്ട് വര്‍ത്തമാനം പറയുവാനും

എന്റെ വണ്ടി നേരെയെടുത്ത് മത്തങ്ങാത്തലയന്റെ വിന്‍ഡോയുടെ അവിടെ കൊണ്ട് നിര്‍ത്തി. 

'എന്ത് തേങ്ങയാടോ താനീ കാണിക്കണത്, ഈ റോഡ് നിന്റെ പിതാശ്രീയുടെ വകയാണോ ഇങ്ങനെ വടി പോലെ നിര്‍ത്തിയിടാന്‍?'

മാലാഖമാരുടെ എണ്ണം അപ്പോഴേക്കും കൂടിയിരുന്നു. അതിന്റെ ധൈര്യത്തിലാണ് ഞാനത്രയും കത്തിക്കയറിയത്. 

എന്റെ ഡയലോഗ് ഡെലിവറി കഴിഞ്ഞാണ് ഞാനാ സത്യം മനസ്സിലാക്കിയത്.

മത്താങ്ങാത്തലയന്‍സ് ഗ്ലാസ്സ് ഇസ് സ്റ്റില്‍ അപ്പ്!

അതായത് അവനൊന്നും കേട്ടില്ല എന്റെ ഡയലോഗ് എന്ന്.

അതൊരു ചമ്മലായി പോയി എനിക്ക്.

അവനതിന്റെ ഉള്ളിലിരുന്ന് എന്നെ കോക്കിരി കാണിക്കുന്നത് കണ്ട് എനിക്കങ്ങ് ദേഷ്യം വന്നു.

ഞാന്‍ പിന്നേയും അവനോട് ഡയലോഗിട്ടു വിത്ത് ആക്ഷന്‍:

'ധൈര്യമൊണ്ടേല് ഗ്ലാസ്സ് താഴ്ത്തിയിട്ടിട്ട് തെറി പറയെടാ മ..മ..മാങ്ങാണ്ടിമോറാ.'

പിന്നെ ഒട്ടും വൈകിയില്ല, വണ്ടിയും റിവേര്‍സെടുത്ത് ഞാനൊരു പോക്ക് പോയി.

മത്തങ്ങാത്തലയന്‍ ഡോറെങ്ങാനും തുറന്ന് വരുമോ എന്ന് സംശയം ഉണ്ടായിരുന്നത് കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടേ ഞാന്‍ വണ്ടി നിര്‍ത്തിയുള്ളൂ.

നമ്മളോടാ അവന്റെ കളി! പേടിച്ചോടി പള്ളിയില്‍ കയറി ഒളിച്ചിരിന്നു ഞാന്‍??


വാല്‍ക്കഷണം: എല്ലാ പുരുഷകേസരികളും മത്തങ്ങാത്തലയന്മാരല്ല. ഇത്രയും വര്‍ഷത്തെ വണ്ടിയോട്ടത്തിനിടയില്‍ ഒരുപാട് നല്ല മാലാഖമാരേയും കണ്ടിട്ടുണ്ട്. മറക്കില്ല 

സോ ആണുങ്ങളേ, ദയവ് ചെയ്ത് നിങ്ങള്‍ വണ്ടി ഓടിച്ച് പോകുന്ന സ്ത്രീകളെ കാണുമ്പോഴും, അവര്‍ക്ക് ഓരോ ചെറിയ തെറ്റുകള്‍ പറ്റുമ്പോഴും കളിയാക്കാതിരിക്കൂ. ഞാന്‍ നേരത്തേ പറഞ്ഞത് പോലെ റോഡ് ആരുടേയും തറവാട്ട് സ്വത്തൊന്നും അല്ലല്ലോ. 

മത്തങ്ങാത്തലയന്മാരേ നിങ്ങള്‍ ക്ഷമിക്കാന്‍ പഠിക്കൂ, ഞങ്ങളെ പോലെ!
 

click me!