ഗുരുവായൂർ മേൽശാന്തിയായി കവപ്രമാറത്ത് മന അച്യുതന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു 

വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനാണ് ഇദ്ദേഹം. കവപ്ര മാറത്ത് മന നീലകണ്ഠന്‍ നമ്പുതിരിയുടേയും പാര്‍വതി അന്തര്‍ജനത്തിന്റേയും മകനാണ്.


തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മലപ്പുറം എടപ്പാള്‍ കവപ്രമാറത്ത് മന അച്യുതന്‍ നമ്പൂതിരി(52)യെ തെരഞ്ഞെടുത്തു. യോഗ്യരായ 38 പേരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് അച്യുതന്‍ നമ്പൂതിരിയെ ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത ആറുമാസത്തേക്കുള്ള മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നാലാം തവണയാണ് അച്യുതന്‍ നമ്പൂതിരി മേല്‍ശാന്തിയാകാന്‍ അപേക്ഷ നല്‍കുന്നത്.

വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനാണ് ഇദ്ദേഹം. കവപ്ര മാറത്ത് മന നീലകണ്ഠന്‍ നമ്പുതിരിയുടേയും പാര്‍വതി അന്തര്‍ജനത്തിന്റേയും മകനാണ്. ഭാര്യ: നിസ (മാറഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക), മകന്‍: കൃഷ്ണദത്ത്. ഇന്ന് ഉച്ച പൂജക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി.സി. ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലായിരുന്നു മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ്. 

Latest Videos

ഉച്ചപൂജ നിര്‍വഹിച്ച മേല്‍ശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരിയാണ് നമസ്‌ക്കാര മണ്ഡപത്തില്‍ വെള്ളിക്കുടത്തില്‍നിന്ന് നറുക്കെടുത്തത്. മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി.സി. ദിനേശന്‍ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 51 പേരില്‍ 44 പേര്‍ ഹാജരായി. ഇവരില്‍ നിന്നും യോഗ്യത നേടിയ 38 പേരുടെ പേരുകള്‍ എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച ശേഷമാണ് നറുക്കെടുപ്പ് നടത്തിയത്. 

തെരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാര്‍ച്ച് 31 ന് അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേല്‍ക്കും. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍, ഭരണസമിതി അംഗങ്ങളായ ബ്രഹ്‌മശ്രീ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.

click me!