ഇനി നമ്മള്‍ കാണുമോ, കുറേക്കാലം കഴിഞ്ഞ് കണ്ടാല്‍ നീയെന്നെ തിരിച്ചറിയുമോ?

ബാല്‍ക്കെണിയില്‍ നിന്നും താഴേയ്ക്ക് നോക്കിയപ്പോൾ കൊച്ചനുജത്തിയെ ചേര്‍ത്ത് പിടിച്ചിരുന്ന് കരയുന്ന മാന്‍വിയുടെ ചിത്രം ഇന്നും ദേ മുന്നിലുണ്ട്. 


ബാല്‍ക്കെണിയില്‍ നിന്നും താഴേയ്ക്ക് നോക്കിയപ്പോൾ കൊച്ചനുജത്തിയെ ചേര്‍ത്ത് പിടിച്ചിരുന്ന് കരയുന്ന മാന്‍വിയുടെ ചിത്രം ഇന്നും ദേ മുന്നിലുണ്ട്. 

 

Latest Videos

 

മാന്‍വി. അതാണവളുടെ പേര്. അഞ്ച് വയസുള്ള കൊച്ച് ചട്ടമ്പി. മഹാരാഷ്ട്രക്കാരിയാണ്. മാന്‍വിക്ക് രണ്ട് വയസ്സുള്ള ഒരു കൊച്ചനുജത്തിയുണ്ട്. ഹിവാന്‍സി എന്ന രാജകീയമായ പേരുണ്ടെങ്കിലും ഞങ്ങള്‍  അവളെ ചോട്ട്‌ലൂ എന്നാണ് വിളിച്ചിരുന്നത്.

എട്ടുമാസത്തെ ഹൈദരാബാദ് വാസം കഴിഞ്ഞ് ഞാന്‍ തിരികെ നാട്ടിലേക്ക് പോരുന്നതിന്‍റെ തലേ ദിവസമാണ് ചോട്ട്‌ലൂ ആദ്യമായി നടന്നു തുടങ്ങിയത്. ഇവരുടെ മുറിയുടെ തൊട്ടുമുകളിലായിരുന്നു എന്‍റെ  കൊച്ചു ലോകം. അന്ന് അവസാനമായി ഞാനവിടെ നിന്ന് ഇറങ്ങുമ്പോള്‍ നിലത്തു വിരിച്ച പുല്‍പ്പായയില്‍ നല്ല ഉറക്കത്തിലായിരുന്നു ചോട്ട്‌ലൂ.

ഇറങ്ങാന്‍ നേരം മാന്‍വിയെയും കണ്ടില്ല. അവള്‍ പിള്ളേരോടൊപ്പം കളിക്കാന്‍ പോയി എന്ന് മനീഷ പറഞ്ഞു. മനീഷ നമ്മുടെ കഥാനായികയുടെ അമ്മയാണ്. ഉദയിന്‍റെ മനീഷ. ഉദയ് അടുത്തുള്ള ഒരു ഇരുമ്പ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. അങ്ങനെയാണ് മഹാരാഷ്ട്രയില്‍ നിന്നും ഈ കൊച്ചു കുടുംബം ഹൈദരാബാദില്‍ എത്തുന്നത്.

നാല് ചുവരുകള്‍ക്കുള്ളിലെ കൊച്ചു ലോകം. അതായിരുന്നു അവരുടെ ജീവിതവും സന്തോഷവും. രാവിലെ എഴുന്നേറ്റ് ഭക്ഷണം ഉണ്ടാക്കി ഭര്‍ത്താവിനെ ജോലിക്കും മാന്‍വിയെ സ്‌കൂളിലേക്കും അയച്ച് ബാക്കി സമയം വീട്ടുപണികളും ചോട്ട്‌ലുവുമൊക്കെയായി പോകുന്ന ഒരു ടിപ്പിക്കല്‍ വീട്ടമ്മയാണ് മനീഷ. 

അവരെ കാണാന്‍ നല്ല ഭംഗിയാണ്. സാരിയാണ് എപ്പോഴും ഉടുത്തിരുന്ന വേഷം. മാന്‍വി അങ്ങനെ  സ്ഥിരം  സ്‌കൂളില്‍ പോകുന്നത് ഞാന്‍ കണ്ടിട്ടില്ല. എങ്കിലും പോവുമ്പോള്‍ അതൊരു കാണേണ്ട കാഴ്ച തന്നെയാണ്. യൂണിഫോം ഒന്നുമില്ല. ഉദയിന് ഒരു സൈക്കിള്‍  ഉണ്ട്. പിറകിലെ കൊച്ചുസീറ്റില്‍ മാന്‍വിയും മുന്നില്‍ അവളുടെ അച്ഛനും. സൈക്കിളില്‍ കയറി  പോവാന്‍ നേരം യാത്രയയക്കാന്‍ മനീഷയും ചോട്ട്‌ലുവും  ഗേറ്റിനടുത്ത് ഉണ്ടാവും. പിറകിലെ സീറ്റില്‍ അച്ഛനെ കെട്ടിപിടിച്ചിരുന്ന് കാലുകളാട്ടി കുശലം പറഞ്ഞു കൊണ്ട് മാന്‍വി പോകുന്ന കാഴ്ച ഏറെ സന്തോഷം തരുന്നതാണ്. 

മാന്‍വിയെ സ്‌കൂളിലാക്കിയിട്ട് ഉദയ് നേരെ കമ്പനിയിലേക്ക് പോകും. വൈകിട്ട് മനീഷയാണ് മാന്‍വിയെ തിരിച്ച് കൊണ്ട് വരുന്നത്. അങ്ങനെ പോകുമ്പോള്‍ മിക്കപ്പോഴും ചോട്ട്‌ലുവിനെ ഉറക്കി മുകളില്‍ എന്‍റെ അടുത്താക്കിയിട്ടാണ് മനീഷ പോവാറുളളത്. ജോലിക്കിടെ ഇടക്കിടക്ക് സിസ്തര്‍ എന്നും വിളിച്ചു  കുശലാന്വേഷണത്തിന് എത്താറുണ്ട്  കക്ഷി. 

ഞാനവിടെ ചെന്ന് ആദ്യ ദിവസങ്ങളിലൊക്കെ ദീദി എന്നായിരുന്നു അവള്‍ വിളിച്ചിരുന്നത്. പിന്നെ ചേച്ചിയുടെ പിള്ളേര്‍ സിസ്റ്റര്‍ എന്ന് വിളിക്കുന്നത് കേട്ട് അവളും അത് ശീലമാക്കി. പക്ഷേ, മാന്‍വി വിളിക്കുമ്പോ സിസ്റ്റര്‍ മാറി സിസ്തര്‍  എന്നാവും. ഇടക്ക് സിസ്തര്‍ എന്ന് നീട്ടി വിളിച്ച് എന്‍റടുക്കല്‍ വരും. ജോലിക്കിടെ കുശലാന്വേഷണം ഒരിച്ചിരി കൂടുന്നു എന്ന് തോന്നിയാല്‍ എനിക്ക് ബുദ്ധിമുട്ടാകണ്ട എന്ന് കരുതി മനീഷ വന്ന് മാന്‍വിയെ കൊണ്ട് പോകും.

ആളൊരു കുട്ടിക്കുറുമ്പി ആണെങ്കിലും സ്‌നേഹമുണ്ട്. ആള് ഒരു കൊച്ചു ചേച്ചിയമ്മയാണ്.

ഒരിക്കല്‍ അഞ്ച് മണിക്ക് ജോലി തീര്‍ത്ത് ഫോണില്‍ പാട്ടും കേട്ടിരിക്കുമ്പോള്‍ മാന്‍വീടെ  കരച്ചില്‍ കേട്ടു. എന്തെങ്കിലും വികൃതി ഒപ്പിച്ചതിന് മനീഷ ഇട്ടു പെരുമാറിയതാവാം എന്നാണ് ആദ്യം കരുതിയത്. പിന്നെ  കരച്ചില്‍ നില്‍ക്കാഞ്ഞപ്പോള്‍ എഴുന്നേറ്റ് വാതില്‍ തുറന്ന് ബാല്‍ക്കണിയിലൂടെ താഴേക്ക് നോക്കി. 

അയ്യോ, മാന്‍വി ഗേറ്റിന് പുറത്തിരുന്നു നല്ല കരച്ചിലാണ്. മടിയില്‍ ചോട്ട്‌ലുവും ഉണ്ട്. ചേര്‍ത്ത് പിടിച്ച്, കരയണ്ട എന്ന് പറയുമ്പോഴും മാന്‍വിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ 
കണ്ടു. കരഞ്ഞു വിതുമ്പി വിതുമ്പി അവള്‍ എന്നോട് കാര്യം പറഞ്ഞു. പകുതി ഹിന്ദിയും തെലുങ്കുമൊക്കെയാണെങ്കിലും എനിക്ക് കാര്യം മനസിലായി. 

മനീഷ സാധനങ്ങള്‍ വാങ്ങിക്കാന്‍ കടയില്‍ പോയതാണ്. കുറച്ചു സമയം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോള്‍ മാന്‍വിക്ക്  പേടിയായി. ചോട്ട്‌ലുവിന്‍റെ കരച്ചില്‍ കൂടി ആയപ്പോള്‍ പാവം നല്ലവണ്ണം പേടിച്ചു പോയി. മുകളീന്ന് നോക്കിയപ്പോള്‍ താഴെ കൊച്ചനുജത്തിയെ ചേര്‍ത്ത് പിടിച്ചിരുന്ന് കരയുന്ന മാന്‍വിയുടെ ചിത്രം ഇന്നും ദേ മുന്നിലുണ്ട്. ചില കാഴ്ച്ചകള്‍ അങ്ങനെയാണല്ലോ. പിന്നെ മെല്ലെ ചോട്ട്‌ലുവിനെ എടുത്ത് മാന്‍വിയെയും കൂട്ടി മിഠായി ഒക്കെ മേടിച്ച് ഞങ്ങള്‍ വെറുതേ കുറച്ച് നടന്നു.

പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും മനീഷ എത്തി. സാധരണ അങ്ങനെ പിള്ളേരേ തനിച്ചാക്കി  പോകാത്തതാണ് മനീഷ. വേഗം വരാം എന്നു കരുതി പോയതാണ് പാവം.

അങ്ങനെയങ്ങനെ കുറേയുണ്ട് മാന്‍വി കഥകള്‍.

ഹിന്ദിയാണ് മാന്‍വിയുടെ ഭാഷ. എനിക്കുണ്ടോ ഹിന്ദി ഒക്കെ പറയാന്‍ അറിയുന്നു. എങ്കിലും അവള്‍ ചോദിക്കും ഞാന്‍ പറയും. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് അങ്ങനെ ഒക്കെ കൂടി കലര്‍ന്ന കൊച്ചു വര്‍ത്തമാനങ്ങള്‍. 

നാട്ടിലേക്ക് പോന്ന് കുറച്ചു ദിവസം കഴിഞ്ഞ് മാന്‍വിയും കുടുംബവും നാട്ടില്‍ ഉദയിന്‍റെ അനിയന്‍റെ കല്യാണത്തിന്  പോയി. പോകുമെന്ന് മുമ്പേ പറഞ്ഞിരുന്നു. തിരിച്ചു  വന്നപ്പോള്‍ അവരെ അവിടെ നിര്‍ത്തി  ഉദയ് ഒറ്റക്കാണ് വന്നതെന്നും ഉദയ് മറ്റൊരു മുറിയിലേക്ക് താമസം മാറി എന്നും കേട്ടു. 

മാന്‍വി. ഇനി നമ്മള്‍ ഒരിക്കലും കണ്ടുമുട്ടാന്‍ ഇടയില്ല. ഇനി കണ്ടാല്‍ തന്നെ തമ്മില്‍ തിരിച്ചറിയുമോ, ഓര്‍ത്തെടുക്കുമോ എന്നൊന്നുമറിയില്ല. എന്നാല്‍ മറക്കാന്‍ കഴിയില്ല നിന്നെ. പ്രിയപ്പെട്ട കൊച്ചുപൂമ്പാറ്റ.

 

എന്‍റെ ജീവിതത്തിലെ സ്ത്രീ  കൂടുതല്‍ എഴുത്തുകൾ വായിക്കാം

 

 

 

click me!