Web Desk | Published: Mar 15, 2025, 4:44 PM IST
പ്രിയാമണി വൻ കലിപ്പിൽ നിൽക്കുന്ന കാഴ്ചയാണ് ഇഷിത കണ്ടത്. എന്താ കാര്യം ..സുചി ഇന്നലെ വിനോദിനൊപ്പം സിനിമയ്ക്ക് പോയി ലേറ്റ് ആയി വന്നു. അത് പ്രിയാമണിയ്ക്ക് ഇഷ്ടപ്പെട്ടില്ല. അത് തന്നെ കാര്യം. സുചിയ്ക്ക് ഇന്നാണ് ജോലിയിൽ ജോയിൻ ചെയ്യേണ്ടത്. പക്ഷെ അവൾ ഇളയമ്മ ദേഷ്യത്തിൽ ആയതുകൊണ്ട് സങ്കടത്തിലാണ്. എന്തായാലും ഇഷിത ഇടപെട്ട് ആ പ്രശ്‍നം വിദഗ്ദ്ധമായി സോൾവ് ആക്കി. ശേഷം ഇഷിത ആശുപത്രിയിലേയ്ക്ക് പോയി. ഇഷാദിനെ വിളിച്ച് വീട്ടിലേയ്ക്ക് കൊണ്ടുവരാനാണ് അവൾ ആശുപത്രിയിലേയ്ക്ക് പോയതെങ്കിലും സ്റ്റീഫൻ ഡോകട്ർ ആ സങ്കടവാർത്ത ഇഷിതയോട് പറഞ്ഞു. ഇന്നലെ ആശുപത്രിയിൽ നടന്ന വിവരങ്ങളും, ഇഷാദിന് ഓർമ്മ വന്ന വിവരങ്ങളുമുൾപ്പടെ എല്ലാ കാര്യങ്ങളും ഡോക്ടർ ഇഷിതയോട് പറഞ്ഞു. ഇഷിത സത്യത്തിൽ അങ്ങനൊരു ദിവസം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഇന്ന് തന്നെ ആവുമെന്ന് ഒട്ടും കരുതിയിരുന്നില്ല. ഇഷാദ് അവന്റെ അമ്മയുടെയും അച്ഛന്റെയും അടുത്ത് ഇപ്പോൾ എത്തിക്കാണുമെന്നും ഡോക്ടർ ഇഷിതയോട് പറഞ്ഞു. ഇഷാദിന് ഓർമ്മ തിരിച്ച് കിട്ടിയ സന്തോഷം ഉണ്ടെങ്കിലും അവൻ പോയ സങ്കടവും ഇഷിതയ്ക്ക് ഉണ്ടായിരുന്നു.
അവൾ വല്ലാതെ കരഞ്ഞു.
അതേസമയം തന്റെ മകനെ കാണാത്ത വിഷമത്തിൽ ഇരിക്കുകയായിരുന്നു രചന. അവനെ ഇതുവരെ കണ്ടെത്താൻ കഴിയാത്തതുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുന്ന കാര്യം രചന ആകാശിനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് വീടിന്റെ ഗേറ്റിന് അടുത്ത് ആദി ഇരിക്കുന്നത് കണ്ടത്. രചന ഓടിച്ചെന്ന് മകനെ കെട്ടിപ്പിടിച്ച് നിറയെ ഉമ്മ കൊടുത്തു. വീടിനകത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്ന് അവനു വിശപ്പ് മാറുന്നതുവരെ ഭക്ഷണം നൽകി. എന്നാൽ ഇത്ര ദിവസം നീ എവിടെ ആയിരുന്നു എന്ന ചോദ്യത്തിന് തനിയ്ക്ക് ഓർമ്മ ഇല്ലെന്നാണ് ആദി മറുപടി നൽകിയത്. അതായത് ആദി തനിയ്ക്ക് സംഭവിച്ച കാര്യങ്ങളെല്ലാം മറന്നു. ഒരപകടം സംഭവിച്ചത് ഓർമ്മയുണ്ട്, എന്നാൽ അത് ഏത് കാർ ആണെന്നോ, ആരാണ് ഇടിച്ചതെന്നോ അറിയില്ലെന്ന് ആദി ആകാശിനോട് പറഞ്ഞു. ആദിയ്ക്ക് ഒന്നും ഓർമ്മയില്ലെന്ന് ആകാശിന് മനസ്സിലായി. താൻ പിടിക്കപ്പെടാത്ത സമാധാനത്തിലാണ് നിലവിൽ ആകാശ്.