തെക്കുപടിഞ്ഞാറൻ ചൈനയിലെ പാറ്റ ഫാം നടത്തിപ്പുകാരനായ ലി ബിങ്‌കായ് പാറ്റകളെ വളർത്തുന്നത് മനുഷ്യർക്ക് കഴിക്കാനായിട്ടാണ്. ഫാമിനടുത്തുള്ള ഒരു റെസ്റ്റോറന്റിൽ ഷെഷ്വാൻ സോസിൽ മുക്കി പാറ്റകളെ വറുക്കുന്നു.
നമ്മൾ പാറ്റകളെ വീടുകളിൽ നിന്ന് തുരത്താൻ നോക്കുമ്പോൾ, ചൈനയിൽ ആളുകൾ പാറ്റകളെ വളർത്തുകയാണ്. ചൈനയിലെ ഏറ്റവും വലിയ പാറ്റഫാമിൽ 6000 കോടി പാറ്റകളെയാണ് വളർത്തുന്നതെന്നാണ് പറയുന്നത്. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചാങ് നഗരത്തിലാണ് ഗുഡ്ഡോക്ടർ എന്ന ആ ഫാം സ്ഥിതിചെയ്യുന്നത്. അവിടെ ഇടുങ്ങിയ വഴികളുടെ ഇരുവശത്തുമുള്ള അലമാരകളിൽ പാറ്റകള്‍ നിറഞ്ഞിരിക്കുകയാണ്. രണ്ട് സ്‌പോർട്‌സ് മൈതാനത്തിന്റെ വലിപ്പത്തിലുള്ള ഒരു ബഹുനില കെട്ടിടമാണ് അത്. അലമാരയിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും തുറന്ന പാത്രങ്ങൾ നിരത്തിയിരിക്കുന്നു. അകത്തുള്ള ഇരുട്ടിൽ അവയുടെ ചിറകടി നമുക്ക് കേൾക്കാം. വർഷം മുഴുവനും ഇവിടം ഊഷ്മളവും, ഈർപ്പമുള്ളതും, ഇരുട്ട് നിറഞ്ഞതുമാണ്. പ്രജനനത്തിന് സൗകര്യപ്രദമായ ഒരന്തരീക്ഷത്തിന് വേണ്ടിയാണ് ഇത്.
undefined
ഈ ജീവികൾ നമുക്ക് അറപ്പുളവാക്കുന്ന ഒന്നാണെങ്കിലും, ചൈനയിൽ ഇവ നല്ല വരുമാനം കൊണ്ടുവരുന്ന ഒരു പ്രധാന ബിസിനസ്സാണ്. മൃഗങ്ങളുടെ തീറ്റയായോ, ഭക്ഷണ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായോ, മനുഷ്യർക്ക് ആഹാരമായോ, പരമ്പരാഗത ചൈനീസ് മെഡിസിനായോ ഒക്കെ ഇവ വിൽക്കപ്പെടുന്നു. പാറ്റകളെ വളർത്തുന്ന ഫാമുകൾ ചൈനയിൽ കുതിച്ചുയരുന്ന ഒരു വ്യവസായമായി മാറിയിരിക്കുന്നു. ചൈനയിൽ പാറ്റ വളർത്തൽ ഫാമുകളുടെ വിവരങ്ങൾ ആദ്യമായി പുറത്തുവന്നത് 2013 -ൽ ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്തപ്പോഴാണ്. അക്കാലത്ത് രാജ്യത്ത് 100 പാറ്റ ഫാമുകൾ ഉണ്ടായിരുന്നു. ഇന്നത് ഇരട്ടിയാണ്.
ചൈനീസ് നഗരങ്ങളിൽ നിർമാർജ്ജനം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഭക്ഷ്യമാലിന്യങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ, പാറ്റകൾ ഈ ഭക്ഷ്യമാലിന്യങ്ങളെ ഇല്ലാതാക്കുന്നതിനുള്ള നല്ലൊരു മാർഗ്ഗമാണ്. കിഴക്കൻ ഷാൻഡോംഗ് പ്രവിശ്യയുടെ തലസ്ഥാനമായ ജിനാന്റെ പ്രാന്തപ്രദേശത്ത്, ഒരു ബില്യൺ പാറ്റകൾ ഒരുദിവസം 50 ടൺ അടുക്കള മാലിന്യങ്ങൾ കഴിക്കുന്നുണ്ടെന്നാണ് പറയുന്നത്. വെളുപ്പാൻ കാലമാവുമ്പോൾ ഭക്ഷ്യമാലിന്യം ഫാമുകളിൽ എത്തുന്നു. അവിടെയുള്ള പൈപ്പുകളിലൂടെ പാറ്റകളുടെ ആഹാരമായി അവ മാറുന്നു. ഒടുവിൽ ചാവുമ്പോൾ കന്നുകാലികൾക്ക് പോഷകം നിറഞ്ഞ ആഹാരമായും ഈ പാറ്റകൾ മാറുന്നു. അതേസമയം ഗുഡ്‌ഡോക്ടർ ഫാമിൽ, ഇതിനെ മരുന്നിനായി ഉപയോഗിക്കുന്നു. പാറ്റകൾക്ക് ആറുമാസമാകുമ്പോൾ അവയെ ആവി കൊള്ളിച്ച് കഴുകി ഉണക്കുന്നു. തുടർന്ന് പോഷകങ്ങൾ വേർതിരിച്ചെടുക്കാനായി ഒരു വലിയ ടാങ്കിൽ അവയെ നിക്ഷേപിക്കുന്നു.
തെക്കുപടിഞ്ഞാറൻ ചൈനയിലെ പാറ്റ ഫാം നടത്തിപ്പുകാരനായ ലി ബിങ്‌കായ് പാറ്റകളെ വളർത്തുന്നത് മനുഷ്യർക്ക് കഴിക്കാനായിട്ടാണ്. ഫാമിനടുത്തുള്ള ഒരു റെസ്റ്റോറന്റിൽ ഷെഷ്വാൻ സോസിൽ മുക്കി പാറ്റകളെ വറുക്കുന്നുവെന്ന് എഎഫ്‍പി എഴുതുന്നു. “പാറ്റയെ കഴിക്കുന്നതുവരെ ഇത് ഇത്ര സ്വാദുള്ള ഒന്നാണെന്ന് പലരും തിരിച്ചറിയുന്നില്ല. ഒരിക്കൽ കഴിച്ചാൽ വീണ്ടും ഇത് വേണമെന്ന് നിങ്ങൾക്ക് തോന്നും” ലി പറഞ്ഞു. അമേരിക്കൻ കോക്രോച്ച് എന്നറിയപ്പെടുന്ന ഒരിനമാണ് അദ്ദേഹം വളർത്തുന്നത്. ആമാശയത്തിലെ അൾസർ, ശ്വാസകോശ പ്രശ്നങ്ങൾ എന്നിവയ്ക്ക് പുറമെ ടോണിക്കായി പോലും പല ആളുകളും ഇതിനെ കഴിക്കുന്നു. ബ്യൂട്ടി മാസ്കുകൾ, ഡയറ്റ് ഗുളികകൾ, മുടി കൊഴിച്ചിൽ തടയുന്നതിനുള്ള മരുന്നുകൾ എന്നിവയിൽ പാറ്റയെ ഉപയോഗിക്കുന്നതിനെക്കുറിച്ചും ഗവേഷണം നടത്തി വരികയാണ്.
കഴിഞ്ഞ വർഷം അദ്ദേഹം ഒരു ടൺ ഉണങ്ങിയ പാറ്റകളെ ഒരു ഫാർമസ്യൂട്ടിക്കൽ ഫാക്ടറിക്ക് വിറ്റത് ഒമ്പത് ലക്ഷത്തിനാണ്. കൂടാതെ അതിന്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞതിനുശേഷം റെസ്റ്റോറന്റുകളിൽ ഇപ്പോൾ പാറ്റ പൊരിച്ചതിന് വൻ ഡിമാൻഡാണ് എന്നും ലി പറയുന്നു. “ഒരുപാട് ഗുണങ്ങൾ ഈ പ്രാണിക്കുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ ആളുകളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരുപാട് ആളുകൾ ഇതിനെ വെറും ഒരു ജീവിയായിട്ടാണ് കരുതുന്നത്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അവ സ്വർണ്ണം പോലെ വിലപിടിപ്പുള്ളതാണ്. അവ എനിക്ക് എന്റെ മക്കളെപ്പോലെയാണ്” എന്നും ലി പറഞ്ഞു.