നായയ്ക്ക് വേണ്ടി മാത്രം ഒരു അമ്പലമുണ്ടോ നമ്മുടെ രാജ്യത്ത്?

By Web Team  |  First Published Dec 17, 2020, 10:22 AM IST

ഗ്രാമത്തിലെ രണ്ട് നായ്ക്കളെ ഒരിക്കൽ കാണാതാവുകയുണ്ടായി. ഗ്രാമത്തിലെ പ്രധാന ദേവതയായ കെപമ്മ ദേവിക്കായി ക്ഷേത്രം നിർമ്മിച്ച ഒരു വ്യവസായി, കാണാതായ നായ്ക്കൾക്കായി മറ്റൊന്ന് നിർമ്മിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.


നമ്മുടെ രാജ്യത്ത് തന്നെ നായക്ക് വേണ്ടി ഒരു ക്ഷേത്രമുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? പല പുരാണങ്ങളിലും നായയെ കുറിച്ചുള്ള പരാമർശങ്ങൾ നമുക്ക് കാണാം. ഈജിപ്ഷ്യൻ വിശ്വാസം അനുസരിച്ച്, മരണദേവനായ അനുബിസിന്റെ പ്രതിച്ഛായയാണ് നായ. ഗ്രീക്ക് പുരാണത്തിൽ, സെർബെറസ് പാതാളത്തിന്റെ കാവൽ ഒരു നായയാണ്. ഹിന്ദു പുരാണത്തിൽ, ഭൈരവദേവന്റെ വാഹനമായും നായയെ കാണുന്നു. അതുകൊണ്ട് തന്നെ ചില ആളുകൾ നായ്ക്കളെ സംരക്ഷിക്കുന്നത് ദൈവീകമായി കണക്കാക്കുന്നു. അതേസമയം കർണാടകയിലെ ചന്നപട്ടണം എന്ന നഗരം ഒരുപടി കൂടി കടന്ന് നായയ്ക്ക് വേണ്ടി ഒരു ക്ഷേത്രം തന്നെ അങ്ങ് പണിയുകയുണ്ടായി.       

ചന്നപട്ടണ നായ ക്ഷേത്രം എന്നാണ് ഇതറിയപ്പെടുന്നത്. ഇത് ചന്നപട്ടണ നഗരത്തിലെ അഗ്രഹാര വലഗരഹള്ളി എന്ന എളിയ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. നാട്ടുകാർ ഇതിനെ ‘നായ ദേവസ്ഥാനം’ എന്ന് വിളിക്കുന്നു. ഗ്രാമത്തിലെ ഒരാൾക്ക് ഒരു ദിവസം ക്ഷേത്രം പണിയാൻ സ്വപ്നത്തിൽ ഒരു ദർശനം ലഭിച്ചെന്നും അതിനെ തുടർന്ന് അയാൾ ക്ഷേത്രം പണിതുവെന്നുമാണ് അതിന്റെ പിന്നിലുള്ള വിശ്വാസം. 

Latest Videos

undefined

ഗ്രാമത്തിലെ രണ്ട് നായ്ക്കളെ ഒരിക്കൽ കാണാതാവുകയുണ്ടായി. ഗ്രാമത്തിലെ പ്രധാന ദേവതയായ കെപമ്മ ദേവിക്കായി ക്ഷേത്രം നിർമ്മിച്ച ഒരു വ്യവസായി, കാണാതായ നായ്ക്കൾക്കായി മറ്റൊന്ന് നിർമ്മിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ടെന്നും, ക്ഷേത്രം പണിയാൻ ആവശ്യപ്പെട്ടുവെന്നുമാണ് പറയുന്നത്. ഗ്രാമത്തിന്റെയും ഗ്രാമീണരുടെയും സംരക്ഷണം ഉറപ്പാക്കാൻ ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാൽ, ഇതിനെ കുറിച്ചുള്ള മറ്റൊരു കഥ കാണാതായ ആ രണ്ട് നായ്ക്കളെ കണ്ടെത്താൻ ദേവി ആ വ്യക്തിയോട് ആവശ്യപ്പെട്ടുവെന്നും, എന്നാൽ അതിന് കഴിയാതായപ്പോൾ, പകരം ഒരു ക്ഷേത്രം പണിതുവെന്നുമാണ് പറയുന്നത്. ഗ്രാമവാസികൾ ആ മൃഗത്തിന്റെ ഗുണങ്ങളായ വിശ്വസ്തത, സംരക്ഷണം, ശത്രുകൾക്ക് നേരെയുള്ള മനോഭാവം എന്നിവയിൽ വിശ്വസിക്കുന്നു. ഒരു അവതാരമെന്ന നിലയിൽ നായ്ക്കൾക്ക് സമൂഹത്തിലെ എല്ലാ തെറ്റുകളെയും തിരുത്താനാവുമെന്ന് അവർ വിശ്വസിക്കുന്നു.

മനോഹരമായി മിനുക്കിയ തടി കളിപ്പാട്ടങ്ങൾക്ക് പേരുകേട്ട ചന്നപട്ടണയ്ക്ക് ‘കളിപ്പാട്ടങ്ങളുടെ നഗരം’ എന്നും പേരുണ്ട്. ഗ്രാമവാസികൾ ക്ഷേത്രത്തിന്റെ വാർഷിക ഉത്സവം ആഘോഷിക്കുകയും അതിന്റെ ഭാഗമായി ആടുകളെ ബലിയർപ്പിക്കുകയും ഗ്രാമത്തിലെ എല്ലാ നായ്ക്കൾക്കും അത് ഭക്ഷണമായി നൽകുകയും ചെയ്യുന്നു. നായയെ സ്നേഹിക്കുന്ന ഏവർക്കും പോകാൻ പറ്റിയ ഒരിടമാണ് ഇത്.  

click me!