മന്ത്രിയുടെ രാഷ്ട്രീയ പ്രചാരണത്തിന് കുടുംബശ്രീ പ്രവര്‍ത്തകരെ ഉപകരണമാക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
കണ്ണൂര്‍: മന്ത്രി എംവി ഗോവിന്ദന്‍റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യണമെന്ന കുടുംബശ്രീ മിഷന്‍ ഡയറക്ടറുടെ നിര്‍ദ്ദേശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതീകാത്മക സമരം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് പേജിന് കുടുംബശ്രീ മുഖേന ലൈക്ക് അടിപ്പിക്കാനുള്ള ഡയറക്ടറുടെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.
ഒരു ജില്ലയില്‍ നിന്നും ദിവസം ഒന്നര ലക്ഷം ലൈക്ക് സംഘടിപ്പിക്കണമെന്നാണ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ക്ക് കുടുംബശ്രീ മിഷന്‍ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ജനപങ്കാളിത്തം വേണ്ട പദ്ധതികളുടെ പ്രചാരണത്തിനായാണ് ലൈക്ക് തേടുന്നതെന്നാണ് വിശദീകരണം. മന്ത്രിയുടെ രാഷ്ട്രീയ പ്രചാരണത്തിന് കുടുംബശ്രീ പ്രവര്‍ത്തകരെ ഉപകരണമാക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
ഫേസ്ബുക്ക് റിയാക്ഷനുകളടങ്ങിയ പോസ്റ്ററുകളുമായി ആണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീകാത്മക സമരം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. യൂത്തുകോണ്‍ഗ്രസ് നേതാക്കളായ വിനേഷ് ചുള്ളിയാന്‍, റോബര്‍ട്ട് വെള്ളാം വള്ളി, കെ. പി ഫാമീദ, ഷാജു കണ്ടമ്പേത്ത്, പി ഇമ്രാന്‍, നികേത് നാറാത്ത്, സജേഷ് നാറാത്ത്, അഭിലാഷ് തുടങ്ങിയവര്‍ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.