കുന്നംകുളം പഴയ ബസ് സ്റ്റാൻഡിൽ വന്നിറങ്ങി യുവാവ്, കാത്തിരുന്ന് പൊലീസ്, വിവരം തെറ്റിയില്ല, പിടിച്ചത് എംഡിഎംഎ

By Web Team  |  First Published Oct 18, 2024, 9:54 PM IST

ബെംഗളൂരുവിൽ നിന്ന് കൊണ്ടുവരുന്ന മയക്കുമരുന്ന് വടക്കേക്കാട് ഉൾപ്പെടെയുള്ള മേഖലകളിൽ വിൽപ്പന നടത്തുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു


തൃശൂർ: അതിമാരക സിന്തറ്റിക്ക് മയക്ക് മരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. വടക്കേക്കാട് സ്വദേശി വലിയവീട്ടിൽ മുഹമ്മദ് അൻസാരി (20)യെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പൊലീസും ചേർന്ന് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ  കൊണ്ടുവരുന്നുണ്ടെന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന്  കുന്നംകുളം എസ്എച്ച്ഒ യുകെ ഷാജഹാന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ ബിജുവും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുന്നംകുളം പഴയ ബസ്റ്റാൻഡിൽ നിന്നും പ്രതിയെ പിടികൂടിയത്. ബസിൽ വന്നിറങ്ങിയ യുവാവിനെ നിരീക്ഷിച്ച ശേഷമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.  പിടിയിലാകുമ്പോൾ ഇയാൾ മയക്കുമരുന്നിന് പുറമെ ലഹരിയുണ്ടാക്കുന്ന ഗുളികയും കഴിച്ച നിലയിലായിരുന്നു. 

Latest Videos

undefined

പ്രത്യേക തരം മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച യുവാവിനെ വളരെ അനുനയിപ്പിച്ചാണ് ബസ് സ്റ്റാൻഡിൽ നിന്നും കസ്റ്റഡിയിലെടുത്തത്.  തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയിൽ നിന്ന് 2.30 ഗ്രാം എംഡി എം എ പൊലീസ് കണ്ടെടുക്കുകയായിരുന്നു.

ബെംഗളൂരുവിൽ നിന്ന് കൊണ്ടുവരുന്ന മയക്കുമരുന്ന് വടക്കേക്കാട് ഉൾപ്പെടെയുള്ള മേഖലകളിൽ വിൽപ്പന നടത്തുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് വിൽപ്പന തുക ഗൂഗിൽ പേവഴിയാണ് ഇയാൾ കൈമാറിയിരുന്നത്. ഇയാളുടെ മൊബൈൽ പരിശോധിച്ചപ്പോൾ ഒരു ലക്ഷത്തോളം രൂപയുടെ ഗൂഗിൽ പണമിടപാട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ രവികുമാർ അനൂപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം


 

click me!