ലോറിക്കുള്ളിലും ഡ്രൈവറുടെ സീറ്റിന് സമീപത്തെ ഡോറിലും രക്തക്കറയുണ്ട്. ഒടിഞ്ഞ മുളവടിയും ലോറിക്ക് അകത്ത് നിന്ന് കണ്ടെത്തി.
കാഞ്ഞങ്ങാട്: കാസര്‍കോട് പൈവളിഗ കായര്‍ക്കട്ടയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയതിൽ ദുരൂഹത. ബായാര്‍പദവ് സ്വദേശി മുഹമ്മദ് ഹാഷിഫിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച പുലര്‍ച്ചെയാണ് നിര്‍ത്തിയിട്ട ലോറിയില്‍ ബായാര്‍പദവ് അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ഹാഷിഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലോറിക്കുള്ളിലും ഡ്രൈവറുടെ സീറ്റിന് സമീപത്തെ ഡോറിലും രക്തക്കറയുണ്ട്. ഒടിഞ്ഞ മുളവടിയും ലോറിക്ക് അകത്ത് നിന്ന് കണ്ടെത്തി. ഇതോടെ മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. ആരെങ്കിലും അപായപ്പെടുത്തിയതാണോ അതോ അസുഖം കാരണം രക്തം ഛര്‍ദ്ദിച്ച് മരിച്ചതാണോ എന്നുള്ള സംശയത്തിലാണ് നാട്ടുകാര്‍. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് 29 വയസുകാരന്‍ മുഹമ്മദ് ഹാഷിഫ് വീട്ടില്‍ നിന്ന് ടിപ്പര്‍ ലോറിയുമായി ഇറങ്ങിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.
വീട്ടില്‍ പ്രശ്നമുണ്ടാക്കി ഗ്ലാസ് അടിച്ച് പൊട്ടിച്ച ശേഷം പുറത്ത് പോവുകയായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോഴാണ് വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കായര്‍ക്കട്ടയില്‍ റോഡരികില്‍ ലോറി കണ്ടത്. യുവാവിന്‍റെ ചെരിപ്പുകള്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ആയിരുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.
Read More : മാളിലെ എസ്കലേറ്ററിന്‍റെ കൈവരിയിൽ നിന്ന് തെന്നി വീണു, 3 വയസുകാരന് ദാരുണാന്ത്യം