തന്റെ സഹപ്രവർത്തകയും സുഹൃത്തുമായിരുന്ന യുവതിക്ക് മാത്രമറിയുന്ന തന്‍റെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് പ്രവര്‍ത്തിക്കുന്നതെന്ന് യുവതി ആരോപിക്കുന്നു.
ആലപ്പുഴ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്ക് ടോക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തന്‍റെ ഫോട്ടോകള്‍ ഉപയോഗിച്ച് മോശമായ രീതിയിൽ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിക്കുന്നുവെന്ന് യുവതിയുടെ പരാതി. അമ്പലപ്പുഴ തകഴി സ്വദേശിയായ കൃഷ്ണേന്ദു എന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. തൃശ്ശൂർ സ്വദേശിയും തന്റെ സഹപ്രവർത്തകയും സുഹൃത്തുമായിരുന്ന യുവതിക്ക് മാത്രമറിയുന്ന തന്‍റെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് പ്രവര്‍ത്തിക്കുന്നതെന്ന് യുവതി പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഇരുപതോളം വ്യാജ അക്കൗണ്ടുകളിലൂടെയാണ് ചിത്രങ്ങളും വിവരങ്ങളും പ്രചരിക്കുന്നത്. പലരുടെയും സ്വാകാര്യ വിവരങ്ങള്‍ കൈക്കലാക്കി ട്രോൾ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങൾക്ക് മുന്നിൽ പ്രചരിപ്പിച്ച് പല കുടുംബങ്ങളിലും ഇവർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും യുവതി പറയുന്നു.
'വളർത്തുമകനുള്ള കുടുംബം, ജ്യൂസ് കട നടത്തുന്ന സ്ത്രീ, അധ്യാപിക, മകളുടെ ചികിത്സയ്ക്കായി പണം ആവശ്യപ്പെടുന്ന സ്ത്രീ, മിലിട്ടറി ഉദ്യോഗസ്ഥയും മകളും' തുടങ്ങി പത്തോളം പേര്‍ വ്യാജ അക്കൗണ്ടില്‍ കുരുങ്ങിയെന്നാണ് യുവതി പറയുന്നു. തന്‍റെ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു.