ആശയുടെ മരണത്തില്‍ സംശയമെന്ന പരാതി, 'കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം'; ബന്ധുക്കളെ സന്ദർശിച്ച് ജി സുധാകരൻ

By Web TeamFirst Published Jan 21, 2024, 2:04 PM IST
Highlights

കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അവരെ ആശ്വസിപ്പിച്ചെന്ന് സുധാകരന്‍ അറിയിച്ചു.

ആലപ്പുഴ: ആലപ്പുഴയില്‍ പ്രസവം നിര്‍ത്താനുള്ള ലാപ്രോസ്‌കോപിക് ശസ്ത്രക്രിയക്കിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ച ആശാ ശരത്തിന്റെ വീട്ടിലെത്തി ജി സുധാകരന്‍. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അവരെ ആശ്വസിപ്പിച്ചെന്ന് സുധാകരന്‍ അറിയിച്ചു. കുടുംബാംഗങ്ങളുടെ സാന്നിധ്യം ഇല്ലാതെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയതായും, മരണത്തില്‍ സംശയമുള്ളതായും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലാ പൊലീസ് മേധാവിയെ ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടതായി ജി സുധാകരന്‍ പറഞ്ഞു. 

അതേസമയം, സംഭവത്തില്‍ വിദഗ്ധ സര്‍ജന്മാരുടെ സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തും. പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ ചിത്രീകരിക്കും. ചികിത്സാ പിഴവുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യം പരിഗണിച്ചാണ് ജില്ലാ കളക്ടര്‍ ജോണ്‍ വി സാമൂവല്‍ ഉത്തരവിട്ടത്. 

Latest Videos

സ്വകാര്യ മെഡിക്കല്‍ സ്റ്റോറില്‍ ഫാര്‍മസിസ്റ്റായ ആശ ശരത്ത് ഇന്നലെ വൈകിട്ടാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചത്. കടപ്പുറം വനിതാ-ശിശു ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രസവം നിര്‍ത്താനുള്ള ലാപ്രോസ്‌കോപിക് ശസ്ത്രക്രിയയ്ക്കിടെ ഗുരുതരാവസ്ഥയിലായതിനെ കുറിച്ച് വിശദ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇതിനായി വിദഗ്ധരായ സര്‍ജന്മാര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. രാവിലെ തുടങ്ങേണ്ടിയിരുന്ന പോസ്റ്റുമോര്‍ട്ടം ഇതുമൂലം വൈകി. ഉച്ചയോടെ സഹോദരന്‍ അരുണും മറ്റു ബന്ധുക്കളും ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിലെത്തി പരാതി നല്‍കി. കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച ജില്ലാ കളക്ടര്‍ ഒരു ഫോറന്‍സിക് സര്‍ജനും രണ്ട് പൊലീസ് സര്‍ജന്‍മാരും അടങ്ങുന്ന വിദഗ്ധ സംഘത്തെ പോസ്റ്റ്‌മോര്‍ട്ടത്തിന് നിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ആശയുടെ മരണത്തിന് കാരണം കടപ്പുറം വനിതാ ശിശു ആശുപത്രിയിലെ പിഴവാണ് എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. 

വെള്ളിയാഴ്ച രാവിലെയാണ് ആശയെ ശസ്ത്രക്രിയയ്ക്കായി കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കിടെ അസ്വസ്ഥത കാണിക്കുകയും അമിത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ആശ ഗുരുതരാവസ്ഥയിലായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. വിദേശത്ത് ജോലി ചെയ്യുന്ന ആശയുടെ ഭര്‍ത്താവ് ശരത്ത് ഉടന്‍ നാട്ടിലെത്തും. ഏഴും നാലും വയസ്സുള്ള രണ്ട് കുട്ടികളുണ്ട് ആശയ്ക്കും ശരത്തിനും. 

സെപ്റ്റിക് ടാങ്കിൽ യുവതിയുടെ അർദ്ധനഗ്ന മൃതദേഹം; പീഡനശേഷം കൊന്നതെന്ന് പൊലീസ് 
 

click me!