'വ്യാഴാഴ്ച വെടിയേറ്റു, കണ്ടെത്തിയത് വെള്ളിയാഴ്ച'. ആലപ്പുഴയിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു

By Web Team  |  First Published Sep 7, 2024, 3:01 PM IST

പട്ടാപ്പകൽ പോലും ജനവാസമേഖലയിലെത്തുന്ന കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്യുന്നത് പതിവായതോടെയാണ് പഞ്ചായത്ത് ഭരണസമിതി ഷൂട്ടർമാരെ നിയോഗിച്ചത്


വള്ളികുന്നം: വള്ളികുന്നത്ത് കൃഷി നശിപ്പിച്ച കാട്ടുപന്നിയെ പഞ്ചായത്ത് ഭരണ സമിതി നിയോഗിച്ച ഷൂട്ടർമാർ വെടിവച്ചുകൊന്നു. വള്ളികുന്നം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡായ മണയ്ക്കാട് ടി ഡി വിജയനെന്ന കർഷകന്റെ പറമ്പിൽ തമ്പടിച്ച് കൃഷി നശിപ്പിച്ച കാട്ടുപന്നിയെയാണ് കഴിഞ്ഞ ദിവസംകൊന്നത്. വ്യാഴാഴ്ച വെടിയേറ്റ് ഓടിയ കാട്ടുപന്നിയെ വെള്ളിയാഴ്ച രാവിലെയാണ് സമീപത്തെ വിജനമായ സ്ഥലത്ത് ചത്തനിലയിൽ കണ്ടെത്തിയത്. 

കഴിഞ്ഞ ഏതാനും മാസങ്ങളായി പട്ടാപ്പകൽ പോലും ജനവാസമേഖലയിലെത്തുന്ന കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്യുന്നത് പതിവായതോടെയാണ് പഞ്ചായത്ത് ഭരണസമിതി ഷൂട്ടർമാരെ നിയോഗിച്ചത്. മാസങ്ങൾക്ക് മുമ്പ് ഷൂട്ടർമാരെ നിയോഗിച്ചെങ്കിലും നാടാകെ ജനങ്ങളുടെ സ്വൈര ജീവിതത്തിന് കാട്ടുപന്നി ഭീതിയായതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് ഡി രോഹിണിയുടെ നേതൃത്വത്തിൽ കാട്ടുപന്നിയ്ക്കെതിരായ നടപടികൾ ശക്തമാക്കിയത്. പന്നിയുടെ മൃതശരീരം വെറ്ററിനറി ഡോക്ടറുടെ പരിശോധനകൾ പൂർത്തിയാക്കിയശേഷം സംസ്കരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!