Wild Boar : കോഴിക്കോട് റോഡില്‍ പട്ടാപ്പകലും കാട്ടുപന്നി; കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണി

By Web Team  |  First Published Jan 15, 2022, 11:15 AM IST

 ഇരുചക്രവാഹനങ്ങളും കാറും റോഡിലൂടെ പോകുന്നതിന് ഇടയിലായിരുന്നു പന്നിയുടെ റോഡ് മുറിച്ച് കടന്നുള്ള ഓട്ടം. കാർ യാത്രക്കാർ മൊബൈലിൽ പകർത്തിയത് കൊണ്ട് മാത്രമാണ് സംഭവം പുറത്തറിയുന്നത്.


കോഴിക്കോട്: കാട്ടുപന്നികൾ (Wild Boar) വാഹനയാത്രക്കാരുടെ ജീവനെടുക്കുന്ന സംഭവങ്ങൾ നടക്കുന്നതിനിടെ താമരശ്ശേരിയിൽ പട്ടാപ്പകൽ കാട്ടുപന്നി സംസ്ഥാനപാത മുറിച്ച് ഓടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാത മുറിച്ച് കാട്ടുപന്നി കോരങ്ങാട്ടെ താമരശ്ശേരി ജി.വി.എച്ച്.എസ്. സ്കൂളിൻറെ ഗെയ്റ്റ് കടന്നാണ് ഓടിയത്. ഇരുചക്രവാഹനങ്ങളും കാറും റോഡിലൂടെ പോകുന്നതിന് ഇടയിലായിരുന്നു പന്നിയുടെ റോഡ് മുറിച്ച് കടന്നുള്ള ഓട്ടം. കാർ യാത്രക്കാർ മൊബൈലിൽ പകർത്തിയത് കൊണ്ട് മാത്രമാണ് സംഭവം പുറത്തറിയുന്നത്.

 കാട്ടുപന്നി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇടിച്ച് വാഹനങ്ങൾ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ച് തൊണ്ടയാട് ബൈപ്പാസിൽ വ്യാഴാഴ്ച പുലർച്ചെ ഒരാൾ മരിച്ചിരുന്നു. മുൻപ് കട്ടിപ്പാറയിൽ ഓട്ടറിക്ഷയിൽ  കാട്ടുപന്നിയിടിച്ച് ഓട്ടോഡ്രൈവർ മരണപ്പെട്ടിരുന്നു. ഈ സംഭവങ്ങൾളെല്ലാം രാത്രിയിലായിരുന്നു. അപകടത്തിനിടയാക്കിയ പന്നിയെ പിന്നീട് വെടിവെച്ച് കൊലപ്പെടുത്തി.

എന്നാല്‍ പകലും കാട്ടുപന്നികൾ  അപകട ഭീഷണിയുമായി റോഡ് മുറിച്ച് കടക്കുന്ന  സാഹചര്യമുണ്ടെന്നാണ് താമരശ്ശേരിയിലെ സംഭവം  കാണിക്കുന്നത്. കാട്ടുപന്നികൾ  റോഡ് മുറിച്ച് കടന്ന് ഓടുന്നതിനിടെ വാഹനങ്ങളിൽ തട്ടിയാൽ അപകടം ഉറപ്പാണ്. ഇരുചക്രവാഹന യാത്രക്കാർക്കാണ് കൂടുതൽ ഭീഷണി. വനംവകുപ്പ് ഇടപെട്ട് പന്നിശല്യം കുറച്ചില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ ഉണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

click me!