ബൈക്കിന്റെ മുമ്പിൽ കാട്ടു പന്നി കുറുകെ ചാടുകയായിരുന്നു. ഇതോടെ ബൈക്ക് റോഡിലേക്ക് മറിഞ്ഞു വീണു.
കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടിയതോടെ ബൈക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചേമ്പ്രക്കുണ്ട ബംഗ്ലാവുകുന്നു അബ്ദുൽ സലീം സുഹൃത്ത് മുഫസ്സിർ എന്നിവർക്കാണ് പരിക്കേറ്റത്. പൂനൂർ അങ്ങാടിയിൽ നിന്ന് ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന വഴി വെട്ടിഒഴിഞ്ഞതോട്ടം അങ്ങാടിക്ക് സമീപം വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ മുമ്പിൽ കാട്ടു പന്നി കുറുകെ ചാടുകയായിരുന്നു. ഇതോടെ ബൈക്ക് റോഡിലേക്ക് മറിഞ്ഞു വീണു. അപകടത്തിൽ രണ്ട് പേർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്
ഇവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആറ് മാസം മുൻപ് വെട്ടിഒഴിഞ്ഞതോട്ടം ചെമ്പ്രകുണ്ട അങ്ങാടിക്ക് സമീപം കാട്ടുപന്നി കൂട്ടം ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഓട്ടോറിക്ഷ ഓടിച്ചിരുന്ന കൂരാച്ചുണ്ട് സ്വദേശി ഗുരുതമായ പരിക്ക് പറ്റി മരിച്ചിരുന്നു. വെട്ടിഒഴിഞ്ഞതോട്ടം ഭാഗത്ത് ചില വീടുകളിൽ കാട്ടു പന്നികൾ ഓടി കയറി നിരവധി പേർക്ക് പരിക്ക് ഏല്പിച്ചിട്ടുണ്ട്. വെട്ടിഒഴിഞ്ഞതോട്ടവും പരിസര പ്രദേശങ്ങളിലും കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമാണ്. കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുള്ള നടപടികൾ ഉടനെ സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം തിരുവനന്തപുരം കുറ്റിച്ചലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. സിപിഐ കുറ്റിച്ചൽ ലോക്കൽ കമ്മറ്റി അംഗവും കേരള മഹിളാസംഘം നേതാവുമായ അഡ്വ. മിനിക്കും മകൾ ദയയ്ക്കുമാണ് പരിക്കേറ്റത്. രാവിലെ ആറരയ്ക്ക് സ്കൂട്ടറിൽ കള്ളിക്കാട്ട് നിന്ന് കുറ്റിച്ചലിലേയ്ക്ക് വരുമ്പോൾ ദേവൻ കോട് ഭാഗത്ത് വച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Read More : അടിമാലിയില്‍ കൃഷി നശിപ്പിച്ച ശേഷം കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു