അന്ന് തുരത്തിയവരുടെ അതിഥിയായി തലയെടുപ്പോടെ അവൻ വീണ്ടും കൂടല്ലൂരിൽ; ആളെക്കൊല്ലി കടുവയെ പിടിക്കാൻ വിക്രമും

By Web TeamFirst Published Dec 15, 2023, 11:44 AM IST
Highlights

വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂടല്ലൂരിലും പരിസര പ്രദേശങ്ങളിലുമായി വിറപ്പിച്ച വടക്കനാട് കൊമ്പനാണിപ്പോള്‍ വിക്രം എന്ന കുങ്കിയാനയായി കടുവയെ പിടികൂടാനുള്ള ദൗത്യത്തിന്‍റെ ഭാഗമായി സ്ഥലത്തെത്തിയത്. 

 

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ ക്ഷീര കര്‍ഷകനായ പ്രജീഷിനെ കടിച്ചുകൊലപ്പെടുത്തിയ ആളെക്കൊല്ലി കടുവയെ പിടികൂടാനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പ്. കുങ്കിയാനകളെ സ്ഥലത്തെത്തിച്ചാണ് തെരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. വിക്രം, ഭരത് എന്നീ കുംകികള്‍ക്കൊപ്പമാണ് ആര്‍ആര്‍ടി സംഘം ഉള്‍പ്പെടെ തെരച്ചില്‍ വ്യാപിപ്പിച്ചിരിക്കുന്നത്. കടുവയെ പിടികൂടാന്‍ വാകേരിയില്‍ എത്തിയ വിക്രമം പണ്ട് ഈ നാടിനെ വിറപ്പിച്ച വില്ലന്‍ കൂടിയായിരുന്നു. അന്ന് വിലസിയ നാട്ടില്‍ ഇത്തവണ തലയെടുപ്പോടെ അനുസരണയോടെ വിക്രം എത്തിയപ്പോള്‍ കൂടല്ലൂരുകാര്‍ അവന്‍റെ ചുറ്റും ഒത്തുചേര്‍ന്നു.

കാട്ടാനയായിരുന്നപ്പോള്‍ ഭീതിയോടെ കൂടല്ലൂരുകാര്‍ പടക്കം എറിഞ്ഞായിരുന്നു അന്ന് തുരത്തിയിരുന്നത്. 2019 മാര്‍ച്ച് പത്തിനാണ് പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനായിരുന്ന കാട്ടാനയെ വനം വകുപ്പ് പിടികൂടിയത്. തുടര്‍ന്ന് വിക്രം എന്ന പേരും നല്‍കി കുങ്കി പരിശീലനം തുടങ്ങി. കുങ്കിയാന ആയശേഷം മുത്തങ്ങയിലെ എലഫന്‍റ് സ്ക്വാഡിന്‍റെ ഭാഗമായി. കാട്ടാനയായിരുന്നപ്പോള്‍ വടക്കനാട് കൊമ്പന്‍ എന്നായിരുന്നു വിക്രമിന്‍റെ പേര്.  അന്ന് നാട് വിറപ്പിച്ച വഴികളിലൂടെ ഇന്ന് പുതിയ ദൗത്യവുമായാണ് വിക്രം എത്തിയത്. കൂടല്ലൂരുകാരെ ഭീതിയിലാഴ്ത്തുന്ന കടുവയെ പിടികൂടുന്നതിന് വനംവകുപ്പിനെ സഹായിക്കുകയാണ് വിക്രമിന്‍റെ ദൗത്യം. കൂട്ടിന് ഇത്തവണ ഭരത് എന്ന കുങ്കിയാനയും വിക്രമിനൊപ്പമുണ്ട്.

Latest Videos


കൂടുല്ലൂരിലും വടക്കനാടിലും ഉള്‍പ്പെടെ വ്യാപക അക്രമം അഴിച്ചുവിട്ട് ഭീതി പടര്‍ത്തിയിരുന്ന കൊമ്പനായിരുന്നു പണ്ട് വിക്രം. എന്നാല്‍ പഴയകാലമൊക്കെ കടന്ന് ഇന്നിപ്പോള്‍ എലിഫന്‍റ് ക്യാമ്പിലെ മിടുക്കനായ കുങ്കിയാനയായി മാറിയ വിക്രമിന് കടുവയെ പിടികൂടാനുള്ള ദൗത്യത്തില്‍ പണി ഏറെയുണ്ട്. കാഴ്ച മറയ്ക്കുന്ന കുറ്റിക്കാടുകളിൽ ആര്‍ആര്‍ടിയുടെ കണ്ണാവണം, കടുവയ്ക്ക് നേരെ ഉന്നം പിടിക്കാൻ ആനപ്പുറത്തൊരു തോക്കുധാരിയെ കൊണ്ടുപോകണം തുടങ്ങിയ കാര്യങ്ങള്‍ക്കൊപ്പം കടുവയെ അടുത്തുകണ്ടാല്‍ തെരച്ചില്‍ നടത്തുന്നവരെ ആക്രമിക്കാതെ സുരക്ഷിതമാക്കുകയും വേണം. ഇതിനിടെ, ഇന്ന് തന്നെ കടുവയെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് വനംവകുപ്പ്. 13 വയസുള്ള ആണ്‍ കടുവയാണ് പ്രജീഷിനെ കടിച്ചുകൊന്നതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കടുവയുടെ കാല്‍പ്പാടുകള്‍ ഉള്‍പ്പെടെ നോക്കിയാണ് തെരച്ചില്‍ നടത്തുന്നത്. കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധവും ശക്തമാണ്. 

കൂട്ടില്‍ കയറാതെ വയനാട്ടിലെ നരഭോജി കടുവ; തെരച്ചില്‍ ആറാം ദിവസത്തിലേക്ക്, കൂട് വെച്ചിരിക്കുന്നത് മൂന്നിടത്ത്

 

click me!