പരസ്പരം കൈകോർത്തുപിടിച്ച് ഒരേ മനസ്സോടെ വിഷമവൃത്തങ്ങൾ കരകയറാൻ അവർക്ക് സാധിക്കണമെന്നും അതിനുള്ള തുടക്കമാണ് ഇന്നത്തെ പുന:പ്രവേശനോത്സവമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൽപ്പറ്റ: അതിജീവനത്തിന്റെ പടവുകളിൽ ഒരു പ്രധാന ചുവടുവയ്പുമായി തങ്ങളുടെ പുതിയ വിദ്യാലയത്തിലേയ്ക്ക് വയനാടിലെ കുരുന്നുകൾ. ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ ജിഎല്‍പിഎസ്, വെള്ളാര്‍മല ജിവിഎച്ച്എസ് സ്‌കൂളുകളിലെ കുട്ടികളെ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മേപ്പാടി കമ്മ്യൂണിറ്റി ഹാളിലും ഒരുക്കിയ പുതിയ സൗകര്യങ്ങളിലേയ്ക്ക് പ്രവേശനോത്സവത്തോടെ സ്വാഗതം ചെയ്തു.
പരസ്പരം കൈകോർത്തുപിടിച്ച് ഒരേ മനസ്സോടെ വിഷമവൃത്തങ്ങൾ കരകയറാൻ അവർക്ക് സാധിക്കണമെന്നും അതിനുള്ള തുടക്കമാണ് ഇന്നത്തെ പുന:പ്രവേശനോത്സവമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അധ്യയനത്തിലേക്ക് തിരിച്ചെത്തുന്ന ഓരോ കുഞ്ഞുങ്ങൾക്കും ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വയനാട് ദുരന്തം സൃഷൃടിച്ച നികത്താനാകാത്ത നഷ്ടങ്ങൾ ഏറെയുണ്ടെങ്കിലും ജീവിതം കൂടുതൽ കരുത്തോടെ അവർക്ക് തിരിച്ചു നൽകാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഏറ്റവും മികച്ച രീതിയിൽ അതു നടപ്പാക്കാൻ നമുക്കാകെ ഒരുമിച്ചു നിൽക്കാം -പിണറായി പറഞ്ഞു.
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ 500 ൽ അധികം വിദ്യാർത്ഥികൾക്കാണ് ഒരൊറ്റ ദിവസം കൊണ്ട് സ്കൂളില്ലാതെ ആയത്. നേരത്തേ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹൈസ്കൂളില്‍ ഉള്‍പ്പെടെ ക്ലാസുകളാരംഭിച്ചിരുന്നു. വിദ്യാർത്ഥികളുടെ യാത്രയ്ക്ക് കെഎസ്ആർടിസിയുമായി സഹകരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേപ്പാടി -ചൂരൽമല റോഡിൽ മൂന്ന് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. കലക്ടർ അനുവദിക്കുന്ന പ്രത്യേക പാസ്സുപയോഗിച്ച് സൗജന്യമായി സ്കൂൾ യാത്ര നടത്താം.