ഗുരുദേവ പ്രതിഷ്ഠാ വാർഷിക ഘോഷയാത്രയെ വരവേറ്റ് മസ്ജിദും ചർച്ചും; മധുരം നൽകി സ്നേഹോഷ്മള സ്വീകരണം

By Web TeamFirst Published Feb 13, 2024, 12:48 PM IST
Highlights

കുട്ടംപേരൂർ മുട്ടേൽ മസ്ജിദിനു മുന്നിലും മുട്ടേൽ സെന്റ്മേരീസ് ഓർത്തഡോക്സ് ചർച്ചിന് മുന്നിലുമാണ് സ്വീകരണം നല്‍കിയത്

മാന്നാർ: ഗുരുദേവ പ്രതിഷ്ഠാ വാർഷിക ഘോഷയാത്രക്ക് മസ്ജിദിലും ചർച്ചിലും സ്വീകരണം നൽകി. എസ് എൻ ഡി പി യോഗം മാന്നാർ യൂണിയനിലെ 4965-ാം നമ്പർ കുട്ടമ്പേരൂർ മുട്ടേൽ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തിനും ശ്രീനാരായണ കൺവെൻഷനും സമാപനം കുറിച്ചാണ് വർണ്ണശബളമായ ഘോഷയാത്ര നടന്നത്. കുട്ടംപേരൂർ മുട്ടേൽ മസ്ജിദിനു മുന്നിലും മുട്ടേൽ സെന്റ്മേരീസ് ഓർത്തഡോക്സ് ചർച്ചിന് മുന്നിലും നൽകിയ സ്വീകരണം മാന്നാറിന്റെ മതസൗഹാർദം വിളിച്ചോതി.

കുരട്ടിശ്ശേരിയിലെ ഗുരുക്ഷേത്ര സന്നിധിയിൽ എസ് എൻ ഡി പി യോഗം മാന്നാർ യൂണിയൻ വനിതാസംഘം കൺവീനർ പുഷ്പാ ശശികുമാർ ഭദ്രദീപം കൊളുത്തിയതോടെയാണ് ഘോഷയാത്ര ആരംഭിച്ചത്. അലങ്കരിച്ച വാഹനങ്ങൾ, ശിങ്കാരിമേളം, പഞ്ചവാദ്യം, കരകം, ആട്ടക്കാവടി, ഡിജിറ്റൽ ഫ്ളോട്ടുകൾ, ഗുരുദേവരഥം എന്നിവയുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. പീത പതാകകളും മുത്തുക്കുടകളും കയ്യിലേന്തി യോഗം നേതാക്കളും ഭാരവാഹികളും അനുയായികളും അണിനിരന്നു. 

Latest Videos

ഘോഷയാത്ര മുട്ടേൽ മസ്ജിദിനു മുന്നിൽ എത്തിയപ്പോൾ എസ് എൻ ഡി പി മുട്ടേൽ ശാഖായോഗം പ്രസിഡന്റ് കെ വിക്രമനെ ചിറയ്ക്കൽ പുത്തൻപറമ്പിൽ അഷ്റഫ് പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഇമാം അമീർ സുഹ്രി, കുഞ്ഞുമോൻ, സുബൈർ, ബഷീർ, അനീസ്, അൽത്താഫ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. ശീതള പാനീയങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. ഒരു പതിറ്റാണ്ടോളമായി പ്രതിഷ്ഠാവാർഷിക ഘോഷയാത്രക്ക് മുട്ടേൽ മസ്ജിദിനു മുന്നിൽ നൽകി വരുന്ന സ്വീകരണത്തിന് ഭാരവാഹികൾ നന്ദി അറിയിച്ചു. തുടർന്ന് മുട്ടേൽ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിന് മുന്നിലും ശീതള പാനീയങ്ങളും ലഘുഭക്ഷണങ്ങളും നൽകി ഘോഷയാത്രയെ വരവേറ്റു. മുട്ടേൽ ബോട്ട്ക്ലബ് മാന്നാർ, ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ എന്നിവയും സ്വീകരണം ഒരുക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!