അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരും സുഹൃത്തുക്കളും യുവാവിനായുള്ള തെരച്ചിലിലാണ്
മലപ്പുറം: പള്ളിപ്പുറത്ത് യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം. പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്തി(30)നെയാണ് കാണാതായത്. ഇന്ന് വിവാഹം നടക്കേണ്ടിയിരുന്നതായിരുന്നു. ഈ മാസം നാലിന് പാലക്കാട് പോയതായിരുന്നു. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാട്ടേക്ക് പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഒരു ലക്ഷം രൂപ യുവാവിന്റെ പക്കൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ പുറത്തേക്ക് പോവുകയാണെന്ന് പറഞ്ഞാണ് വിഷ്ണുജിത്ത് വീട്ടിൽ നിന്ന് ഇറങ്ങിയത്. വീട്ടിൽ പെയിൻ്റ് പണി നടക്കുന്ന സമയമായിരുന്നു. അമ്മയുടെ പക്കൽ നിന്ന് 500 രൂപ വാങ്ങി പുറത്തേക്ക് പോയ വിഷ്ണു പാലക്കാടേക്കാണ് പോയത്. വിഷ്ണുവിൻ്റെ സഹോദരിയും വധുവും മഞ്ചേരിയിൽ വിവാഹാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാൻ പോയിരുന്നത് ഇതേ ദിവസമായിരുന്നു. ഇവർ വരാൻ വൈകിയപ്പോൾ അമ്മ വിഷ്ണുവിനെ വിളിച്ചു. അന്നേരത്താണ് താൻ പാലക്കാടാണ് ഉള്ളതെന്ന് വിഷ്ണു പറഞ്ഞത്. പിന്നീട് രാത്രി എട്ട് മണിയോടെ വിളിച്ച് താൻ പാലക്കാട് നിന്ന് പുറപ്പെടുന്നതേയുള്ളൂവെന്നും അമ്മയുടെ സഹോദരൻ്റെ വീട്ടിൽ കിടന്ന ശേഷം രാവിലെ വീട്ടിലേക്ക് വന്നുകൊള്ളാമെന്നുമാണ് യുവാവ് പറഞ്ഞത്.
എന്നാൽ രാവിലെയും കാണാതായതോടെ വിഷ്ണുവിൻ്റെ അമ്മ സഹോദരനെ വിളിച്ചപ്പോഴാണ് രാത്രി യുവാവ് അവിടെ എത്തിയില്ലെന്ന് അറിഞ്ഞത്. ഇതോടെ മകൻ്റെ പാലക്കാട്ടെ സുഹൃത്തിനെ വിളിച്ചു. പാലക്കാട് നിന്ന് പോകുമ്പോൾ വിഷ്ണുവിൻ്റെ പക്കൽ ഒരു ലക്ഷം രൂപ ഉണ്ടായിരുന്നുവെന്ന് സുഹൃത്ത് അമ്മയോട് പറഞ്ഞു. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകി. വിഷ്ണുവിൻ്റെ സഹോദരിയും ഭർത്താവും പൊലീസിനൊപ്പം പാലക്കാട് പുതുശേരിയിലെത്തി അന്വേഷിച്ചെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. പുതുശേരിയിലാണ് വിഷ്ണുവിൻ്റെ ഫോണിൻ്റെ അവസാന ടവർ ലൊക്കേഷൻ. അതിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ആയതാണ്. അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരും സുഹൃത്തുക്കളും യുവാവിനായുള്ള തെരച്ചിലിലാണ്.