കടബാധ്യത, ലോൺ തിരച്ചടവ് മുടങ്ങി: വയനാട്ടിൽ വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു

By Web TeamFirst Published Sep 11, 2024, 7:30 AM IST
Highlights

അയല്‍ക്കൂട്ടത്തില്‍ നിന്നും ബാങ്കില്‍ നിന്നുമൊക്കെയായി ജോസ് വായ്പകള്‍ എടുത്തിട്ടുള്ളതായും ഇതിന്റെ തിരച്ചടവിന് പ്രയാസം നേരിട്ടിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു

കല്‍പ്പറ്റ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വയനാട്ടിൽ വ്യാപാരി കടക്കുള്ളില്‍ ജീവനൊടുക്കി. പാടിച്ചിറ കിളിയാകട്ട ജോസ് (68) നെയാണ് സ്വന്തം കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാടിച്ചിറ ടൗണില്‍ പച്ചക്കറിക്കച്ചവടം നടത്തിവരികയായിരുന്നു ജോസ്. ചൊവ്വാഴ്ച പകല്‍ സമയം ജോസ് കടയില്‍ ഉണ്ടായിരുന്നതായി പറയുന്നു. എന്നാല്‍ വൈകുന്നേരത്തോടെ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. 

ഫോണില്‍ വിളിച്ചു നോക്കിയിട്ടും പ്രതികരണമില്ലാതെ വന്നതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് പച്ചക്കറി കടയോട് ചേര്‍ന്ന് തന്നെ അടച്ചിട്ട ജോസിന്റെ കോഴിക്കടയില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍ക്കൂട്ടത്തില്‍ നിന്നും ബാങ്കില്‍ നിന്നുമൊക്കെയായി ജോസ് വായ്പകള്‍ എടുത്തിട്ടുള്ളതായും ഇതിന്റെ തിരച്ചടവിന് പ്രയാസം നേരിട്ടിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. 

Latest Videos

പച്ചക്കറി കച്ചവടത്തിനൊപ്പം തന്നെ പാടിച്ചിറ ടൗണിലെ ചുമട്ടുതൊഴിലാളി കൂടിയായിരുന്നു ജോസ്. മൃതദേഹം പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി സുല്‍ത്താന്‍ബത്തേരി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.  ലിസിയാണ് ഭാര്യ. ലിജോ, ജിതിന്‍, ജിസ എന്നിവര്‍ മക്കളാണ്.

Read More : വയനാട്ടിലെ അരിവാൾ രോഗികളുടെ കൈ പിടിച്ച് സർക്കാർ; ന്യൂട്രീഷൻ കിറ്റ് കൂടാതെ പ്രത്യേക ഓണക്കിറ്റും നൽകും

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

click me!