കക്ഷി രാഷ്ട്രീയ ഭേദമന്യേ നാടൊന്നാകെ ഒരു ലക്ഷ്യത്തിനായി ഒന്നിച്ചപ്പോള്‍ അതൊരു പുതുമയുള്ള വിജയഗാഥയായി മാറുകയായിരുന്നു.
കോഴിക്കോട്: തങ്ങളുടെ യാത്രാസൗകര്യത്തിനായി ഒരു റോഡ് എന്ന പതിറ്റാണ്ടുകള്‍ നീണ്ട ആഗ്രഹം സഫലീകരിക്കാൻ വെസ്റ്റ് കൊടിയത്തൂരുകാര്‍ ഒരു കല്യാണം തന്നെ അങ്ങ് നടത്തിക്കളഞ്ഞു. അതും റോഡ് കല്യാണം. അതിശയം തോന്നുന്നുണ്ടെങ്കില്‍ ഇതുകൂടി കേള്‍ക്കുക. റോഡ് കല്യാണം നടത്തിയതിലൂടെ 1045000 രൂപയാണ് ഇവര്‍ക്ക് സംഭാവനയായി ലഭിച്ചത്.
ഒന്നരക്കിലോമീറ്റര്‍ ദൂരമുള്ള വെസ്റ്റ് കൊടിയത്തൂര്‍ - ഇടവഴിക്കടവ് പാതയുടെ നിലവിലെ വീതി നാല് മീറ്ററോളം മാത്രമാണ്. ഇത് ആറ് മീറ്ററെങ്കിലുമായി വീതി കൂട്ടുന്നതിനായാണ് റോഡ് കല്യാണം എന്ന പേരില്‍ ഒരു നാടൊന്നാകെ ഒന്നിച്ചത്. റോഡ് വീതി കൂട്ടുന്നതിനായി ഇരുവശങ്ങളിലുമുള്ള വീട്ടുകാര്‍ സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറായിരുന്നു. ഇങ്ങനെ വിട്ടുനല്‍കുന്ന സ്ഥലങ്ങളിലെ മതില്‍ ഉള്‍പ്പെടെ പൊളിച്ചു കെട്ടുന്നതിനും മറ്റ് ചെലവുകള്‍ കണ്ടെത്തുന്നതിനും കൂടുതല്‍ തുക ആവശ്യമായി വന്നപ്പോള്‍ നാട്ടുകാര്‍ തന്നെ വ്യത്യസ്തമായൊരു ആശയവുമായി രംഗത്തിറങ്ങുകയായിരുന്നു.
undefined
ഈ കല്യാണം കൂടാനായി നാട്ടുകാരെ ഒന്നടങ്കം ക്ഷണിച്ചിരുന്നു. നാട്ടില്‍ നിന്നും വിവാഹം കഴിച്ച് ഭര്‍തൃവീടുകളിലേക്ക് പോയവരെയും അവരുടെ ബന്ധുക്കളെയും നാട്ടിലേക്ക് വിവാഹം കഴിച്ച് എത്തിയവരെയും ബന്ധുക്കളെയും ഉള്‍പ്പെടെ നിരവധി പേരെ സംഘാടകര്‍ നേരിട്ടെത്തി ക്ഷണിച്ചിരുന്നു. പ്രത്യേകം തയ്യാറാക്കിയ വിവാഹപ്പന്തലില്‍ ചായ മക്കാനിയും ലഘുഭക്ഷണങ്ങളും ബിരിയാണിയും ഉപ്പിലിട്ടതും കലാപരിപാടികളും ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. രണ്ടായിരത്തിലധികം പേര്‍ക്കുള്ള ബിരിയാണി പാചകപ്പുരയില്‍ ഒരുക്കിയിരുന്നു. കല്യാണം കൂടാനെത്തിയവര്‍ക്കെല്ലാം ഇത് പാര്‍സലായി നല്‍കി.
കൊടിയത്തൂര്‍ പഞ്ചായത്തിലെ വെസ്റ്റ് കൊടിയത്തൂര്‍ ഭാഗത്തുള്ള വിവിധ സ്ഥലങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് പ്രത്യേകം കൗണ്ടറുകള്‍ വിവാഹപ്പന്തലില്‍ ഒരുക്കിയിരുന്നു. നാട്ടുകാര്‍ സംഭാവനയായി നല്‍കുന്ന പണം ഈ കൗണ്ടറുകളിലൂടെയാണ് സമാഹരിച്ചത്. കുട്ടികള്‍ അവരുടെ പണക്കുഞ്ചി ഉള്‍പ്പെടെ സംഭാവനയായി ഇവിടേക്ക് എത്തിച്ചു. അതിനിടെ പോളണ്ട് സ്വദേശികളായ യുവദമ്പതികള്‍ റോഡ് കല്യാണം കാണാനെത്തിയതും ഏവരേയും ആവേശത്തിലാക്കി. കക്ഷി രാഷ്ട്രീയ ഭേദമന്യേ നാടൊന്നാകെ ഈ ലക്ഷ്യത്തിനായി ഒന്നിച്ചപ്പോള്‍ അതൊരു പുതുമയുള്ള വിജയഗാഥയായി മാറുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം