എടിഎം മെഷീനാണെന്ന് കരുതി തകർത്തത് പാസ്ബുക്ക് പ്രിൻറിങ് മെഷീനും സിഡിഎമ്മും, തിരൂരിൽ യുപി സ്വദേശി പിടിയിൽ

By Web Team  |  First Published Aug 6, 2024, 11:27 AM IST

പുത്തനത്താണിയിൽ താമസിക്കുന്ന ഇയാൾ എടിഎം കൗണ്ടറിൽ കയറിയ ഇയാൾ യന്ത്രംപൊളിച്ച് പണം കൈക്കലാക്കാനാണ് ശ്രമിച്ചത്


മലപ്പുറം: എടിഎം മെഷീനെന്ന ധാരണയിൽ  പാസ്ബുക്ക് പ്രിൻറിങ് മെഷീനും സി.ഡി.എമ്മും തകർത്ത യുവാവ് തിരൂരിൽ പിടിയിൽ. മോഷണത്തിനായി പാസ്ബുക്ക് പ്രിൻറിങ് മെഷീനും സി.ഡി.എമ്മും തകർത്ത യു.പി സ്വദേശിയായ ജിതേന്ദ്ര ബിന്ദ് എന്ന 33കാരനാണ് പിടിയിലായത്. തിരൂർ താഴെപാലത്ത് ബാങ്ക് കെട്ടിടത്തോടുചേർന്നുള്ള എസ്.ബി.ഐയുടെ എ.ടി.എം. കൗണ്ടറിൽ ഞായറാഴ്ച പുലർച്ചെയാണ് മോഷണശ്രമം നടന്നത്. പുത്തനത്താണിയിൽ താമസിക്കുന്ന ഇയാൾ എടിഎം കൗണ്ടറിൽ കയറിയ ഇയാൾ യന്ത്രംപൊളിച്ച് പണം കൈക്കലാക്കാനാണ് ശ്രമിച്ചത്. 

പാസ്ബുക്ക് പ്രിൻറിങ് മെഷീൻ, സി.ഡി.എം എന്നിവ കുത്തിത്തുറന്നു. പണം കൈക്കലാക്കാനാക്കുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇവിടെനിന്നു കടന്നു. ബാങ്കിന്റെ കെട്ടിടത്തിനകത്തായിരുന്ന സുരക്ഷാ ജീവനക്കാരൻ പുറത്തെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. ബാങ്ക് അധികൃതർ പൊലീസിനെ ഉടൻ വിവരം അറിയിച്ചു. എ.ടി.എം. കൗണ്ടറിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തിരൂർ ബസ് സ്റ്റാൻഡിൽവെച്ച് മണിക്കൂറുകൾക്കകമാണ് പ്രതിയെ പിടികൂടിയത്.

Latest Videos

undefined

മോഷണശ്രമത്തിനും ഒരുലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിയതിനും ബാങ്ക് മാനേജരുടെ പരാതിയിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരൂർ ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ നിർദേശാനുസരണം ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ എസ്.ഐ. ആർ.പി. സുജിത്ത്, സീനിയർ സി.പി.ഒ. വി.പി. രതീഷ്, സി.പി.ഒ.മാരായ ദിൽജിത്ത്, അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കവർച്ചാ ശ്രമം നടന്ന എ.ടി.എം. കൗണ്ടറുകൾ മലപ്പുറത്തുനിന്നെത്തിയ ഫൊറൻസിക് വിദഗ്ധൻ പി. നൂറുദ്ദീൻ തുടങ്ങിയവർ പരിശോധിച്ചു. തിരൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ തിരൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!