കുന്നംകുളത്ത് റീൽസിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. സുഹൃത്തുക്കളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷണം പുരോഗമിക്കുന്നു.
തൃശൂർ: കുന്നംകുളം പെരുമ്പിലാവ് മുല്ലപ്പിള്ളി കുന്നിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടു യുവാക്കൾ അറസ്റ്റിൽ. പെരുമ്പിലാവ് ആൾത്തറ സ്വദേശികളായ മണ്ടുമ്പാൽ ലിഷോയി (28), തായ് വളപ്പിൽ നിഖിൽ (30) എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വെട്ടെറ്റ പ്രതിയായ ചങ്ങരംകുളം സ്വദേശി കറുപ്പം വീട്ടിൽ ബാദുഷ പരിക്കുകളുടെ ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതകത്തിൽ കൂടുതൽ പേരുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കടവല്ലൂർ സ്വദേശിയും മരത്തംകോട് താമസിക്കുന്ന കൂത്തൻ എന്നറിയപ്പെടുന്ന അക്ഷയെ (27) പ്രതികൾ കഴിഞ്ഞ രാത്രി സംഘം ചേർന്ന് വെട്ടി കൊലപ്പെടുത്തിയത്.
അറസ്റ്റിലായവരും മരിച്ച അക്ഷയും സുഹൃത്തുക്കളായിരുന്നു. പല തരത്തിലുള്ള അടിപിടി കേസുകളിലും ഇവരെല്ലാം പ്രതികളാണ്. ഇവർ ഇടക്കിടെ കമ്പനി കൂടാറുണ്ട്. കേസിൽ അറസ്റ്റിലായവരിൽ ചിലർ അവരുടെ മറ്റ് ചില സുഹൃത്തുക്കളുമായി ഇൻസ്റ്റഗ്രാമിൽ റിൽസ് ഇട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ച അക്ഷയ് യോട് ശത്രുതയുള്ളവർ ഈ റീൽസിലുള്ളത് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്. രാത്രി എട്ടരയോടെയാണ് ബൈക്കിൽ അക്ഷയ്, ഭാര്യ നന്ദനനെയും കൂട്ടി ലിഷോയുടെ വീട്ടിലെത്തിയത്. ലിഷോയിയുടെ സുഹൃത്തുക്കളും അവിടെയുണ്ടായിരുന്നു. ഇവർ തമ്മിലുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ അക്ഷയ്, ലിഷോയുടെ വീടിനു മുൻപിൽ നിർത്തിയിട്ട കാറ് ഉൾപ്പെടെയുള്ള വാഹനങ്ങൾ തല്ലിത്തകർത്തു. തുടർന്നുള്ള തർക്കത്തിനിടെ അക്ഷയുമായി പ്രതികൾ സംഘർഷത്തിലേർപ്പെട്ടു. മാരകായുധങ്ങൾ കൊണ്ട് പരസ്പരം ഏറ്റുമുട്ടി. ഇതിനിടെയാണ് ഒറ്റപ്പെട്ടു പോയ അക്ഷയെ സംഘം വെട്ടി കൊലപ്പെടുത്തിയതെന്നാണ് മൊഴികളിൽ പറയുന്നത്. പരസ്പരമുള്ള ഏറ്റുമുട്ടലിൽ ബാദുഷക്കും വെട്ടേറ്റു. പരിക്കേറ്റ അക്ഷയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ലഹരി കേസിൽ ജയിലിലായിരുന്ന ലിഷോയ് അടുത്തയിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം