ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി ഇന്നലെ രാത്രി നടത്തിയ വാഹന പരിശോധനയിലാണ് മാരുതി സ്വിഫ്റ്റ് കാറിൽ രണ്ട് കിലോ കഞ്ചാവുമായി എത്തിയ സംഘം കുടുങ്ങിയത്.
കൊല്ലം: കാറിൽ കഞ്ചാവ് കടത്തിയ യുവാക്കളെ ചടയമംഗലം എക്‌സൈസ് പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി ഇന്നലെ രാത്രി നടത്തിയ വാഹന പരിശോധനയിലാണ് മാരുതി സ്വിഫ്റ്റ് കാറിൽ രണ്ട് കിലോ കഞ്ചാവുമായി എത്തിയ സംഘം കുടുങ്ങിയത്. വാമനപുരം സ്വദേശികളായ 38 വയസുള്ള ഷെഫീക്, 28 വയസുള്ള പ്രശാന്ത് എന്നിവരെയാണ് കഞ്ചാവ് കടത്തിയതിന് എക്സൈസ് അറസ്റ്റ് ചെയ്തത്.
ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ കെയുടെ നേതൃത്വത്തിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഉണ്ണികൃഷ്ണൻ, പ്രിവന്റിവ് ഓഫീസർമാരായ ബിനീഷ്, സനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മാസ്റ്റർ ചന്തു, ജയേഷ്, ഷൈജു, നിഷാന്ത്, രാഹുൽ ദാസ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സാബു എന്നിവർ കേസ് എടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.
അതേസമയം, തിരുവനന്തപുരത്ത് നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് രണ്ട് യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. 2.617 ഗ്രാം എംഡിഎംഎ വിൽപനയ്ക്കായി കൈവശം സൂക്ഷിച്ച മേനംകുളം സ്വദേശി അഭിലാഷ്, പള്ളിതുറ സ്വദേശി കൃഷ്ണ എസ് ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ മയക്കുമരുന്ന് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്.
കൂടാതെ, കോഴിക്കോട് ഒഡീഷാ സ്വദേശിയെ 5.04 കിലോഗ്രാം കഞ്ചാവുമായും എക്സൈസ് പിടികൂടി. കോഴിക്കോട് സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് സനാതൻ ദലൈ എന്ന് പേരുള്ള പ്രതിയെ ആണ് എക്സൈസ് പിടികൂടിയത്. സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പ്രജിത്തും സംഘവുമാണ് മാങ്കാവ് കുറ്റിയിൽ താഴം റോഡ് അരികിൽ വച്ച് കേസ് എടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം