Temple Attacked : പൂജ മുടക്കി ക്ഷേത്രത്തിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; ജീവനക്കാരനെ ആക്രമിച്ചു

By Web TeamFirst Published Dec 28, 2021, 12:20 PM IST
Highlights

ക്ഷേത്ര ജീവനക്കാരനായ റഷീദിനെ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തു. ക്ഷേത്ര ജീവനക്കാരിയായ മാധവി കാണിക്കു നേരെയും ആക്രമണം ഉണ്ടായി. ഇവർ ഇറങ്ങി ഓടിയതിനാൽ പരിക്കേറ്റില്ല. തിങ്കളാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം

തിരുവനന്തപുരം: ആദിവാസികളുടെ (Tribals) ക്ഷേത്രമായ കോട്ടൂർ മുണ്ടണിമാടൻ തമ്പുരാൻ ക്ഷേത്രത്തിൽ(Temple) സാമൂഹ്യ വിരുദ്ധരായ ഗുണ്ടകളുടെ അതിക്രമമെന്ന് പരാതി. ക്ഷേത്ര വാതിൽ തകർത്ത് അകത്തു കടന്ന സംഘം പൊങ്കാല അടുപ്പുകൾ തകർക്കുകയും വിളക്കും പൂജാസാധനകളും വലിച്ചു വാരി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായുമാണ് പരാതി. ക്ഷേത്ര ജീവനക്കാരനായ റഷീദിനെ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തു. ക്ഷേത്ര ജീവനക്കാരിയായ മാധവി കാണിക്കു നേരെയും ആക്രമണം ഉണ്ടായി. ഇവർ ഇറങ്ങി ഓടിയതിനാൽ പരിക്കേറ്റില്ല.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം. റഷീദുമായുള്ള വിഷയമാണ്  ആക്രമണത്തിലേക്ക് കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ആര്യനാട് പൊലീസിൽ അറിയിച്ചതനുസരിച്ചു സിഐയുടെ നേതൃത്വത്തിലെത്തി പരിശോധന നടത്തി. ക്ഷേത്ര ആചാരങ്ങൾക്ക് വിരുദ്ധമായും പൂജയ്ക്ക് തടസം സൃഷിടിച്ചു കൊണ്ടുമാണ് ഒരു സംഘം ആക്രമണം നടത്തിയതെന്ന് ക്ഷേത്ര ട്രസ്റ്റി വിനോദ് പറഞ്ഞു. പൂജയ്ക്കായി ഒരുക്കങ്ങൾ  നടക്കുന്നതിനിടെയാണ് സംഘം അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. ക്ഷേത്ര വാതിൽ തകർത്തു അകത്തു കടന്ന സംഘം പൊങ്കാല അടുപ്പുകൾ പൊളിച്ചു

Latest Videos

ആ കല്ലുകൾ എടുത്തെറിഞ്ഞാണ് ആക്രമിച്ചത് എന്ന് ക്ഷേത്ര ജീവനക്കാരി മാധവി കാണി പറഞ്ഞു. ആക്രോശിച്ചു കൊണ്ട് അകത്തേക്ക് വന്നവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സംഘം ഇത് അവഗണിച്ചു. അകത്തേക്ക് കയറി കല്ലെടുത്ത് എറിയാൻ തുടങ്ങിയതോടെയാണ് താൻ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടതെന്നും തുടർന്നു ക്ഷേത്ര ട്രസ്റ്റിയെ വിവരം അറിയിക്കുകയായിരുന്നു എന്നും മാധവി കാണി പറഞ്ഞു.

അതേസമയം അകത്തു കടന്ന സംഘം ജീവനക്കാരനായ റഷീദിനെ  ആയുധങ്ങൾ ഉപയോഗിച്ച് ശരീരത്തിൽ പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തു. മത സൗഹാർദ്ദാന്തരീക്ഷത്തിൽ കേരളത്തിനകത്ത് നിന്നും പുറത്തുനിന്നുമായി നാനാജാതി മതസ്ഥർ എത്തുന്ന ക്ഷേത്രത്തിൽ അതിക്രമിച്ചു കയറുകയും ക്ഷേത്രവസ്തുക്കൾ നശിപ്പിക്കുകയും മത വികാരം വ്രണപ്പെടുത്താനും ശ്രമിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായി നടപടി വേണമെന്നും കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ക്ഷേത്ര എക്സിക്യുട്ടീവ് ട്രസ്റ്റി ആർ വിനോദ് കുമാർ നെയ്യാർ ഡാം സർക്കിൾ ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. നെയ്യാർ ഡാം ഇൻസ്പെക്ടർ ബിജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

click me!