തിരൂരിലെ 22 കാരി, ലോകത്തിലെ മികച്ച കുതിരയോട്ടക്കാരി നിദ; എഫ്ഇഐ ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വനിത

By Web TeamFirst Published Sep 2, 2024, 9:17 PM IST
Highlights

കഴിഞ്ഞ വർഷത്തെ എഫ്.ഇ.ഐ ജൂനിയർ ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കി റെക്കോർഡിട്ട ശേഷം, ഇപ്പോൾ ആഗോളവേദിയിൽ ചരിത്രംകുറിക്കുന്നത് തുടരുകയാണ് നിദ. 40 രാജ്യങ്ങളിൽ നിന്നുള്ള 144 കുതിരയോട്ടക്കാരെയാണ് നിദ നേരിടുന്നത്.

കൊച്ചി: ദീർഘദൂര കുതിരയോട്ടത്തിലെ ലോക ചാംപ്യൻഷിപ്പായ എഫ്.ഇ.ഐ എൻഡ്യൂറൻസ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതയാകാൻ ഒരുങ്ങി മലപ്പുറം തിരൂർ സ്വദേശി നിദ അൻജും ചേലാട്ട്. ഇതാദ്യമായല്ല ആഗോളതലത്തിൽ ഈ കായികയിനത്തിൽ നിദ രാജ്യത്തിൻറെ യശ്ശസുയർത്തുന്നത്. കഴിഞ്ഞ വർഷം നടന്ന എഫ്.ഇ.ഐ ജൂനിയർ ലോകചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തിയാക്കി നിദ ലോകമെമ്പാടും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇക്കൊല്ലം സെപ്റ്റംബർ ഏഴിന് ഫ്രാൻസിലെ മോൺപാസിയറിൽ നടക്കുന്ന സീനിയർ ചാമ്പ്യൻഷിപ്പിലാണ് 22കാരിയായ താരം മാറ്റുരയ്ക്കുന്നത്. കുതിരയോട്ട മത്സരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഇന്റർനാഷണൽ എക്യൂസ്ട്രിയൻ ഫെഡറേഷൻ അഥവാ എഫ്.ഇ.ഐയാണ് മത്സരങ്ങൾ നടത്തുന്നത്. 

ഇന്ത്യയിൽ ഈ കായികയിനത്തിന് ജനപ്രീതി കുറവാണെങ്കിലും ലോകത്തെ വിവിധ രാജ്യങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തിൽ ആഴത്തിൽ വേരോട്ടമുള്ള ഇനമാണ് കുതിരയോട്ടം. ആ രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും പ്രഗത്ഭരായ കുതിരയോട്ടക്കാരുടെ നിരയിലാണ് ഈ യുവ കായികതാരം തലയുയർത്തി നിൽക്കുന്നത്. കടുത്ത പോരാട്ടം നടക്കുന്ന ഈ കായികമത്സരത്തിൽ അസാധാരണമായ മെയ്‌വഴക്കവും സൂക്ഷമതയും വേഗതയും അത്യാവശ്യമാണ്. 40 രാജ്യങ്ങളിൽ നിന്നുള്ള 144 കുതിരയോട്ടക്കാരെയാണ് നിദ നേരിടുന്നത്. തന്റെ വിശ്വസ്ത പങ്കാളിയായ പെൺകുതിര പെട്ര ഡെൽ റെയ്‌ക്കൊപ്പമാണ് നിദ കളത്തിലിറങ്ങുന്നത്. നിദയുടെ ആൺകുതിരയായ ഡിസൈൻ ഡു ക്‌ളൗഡും മത്സരത്തിലേക്ക്  യോഗ്യത  നേടിയിട്ടുണ്ട്. 160 കിലോമീറ്റർ ദൈർഖ്യമുള്ള ദുർഘടപാതയാണ് മത്സരത്തിൽ നിദയെ കാത്തിരിക്കുന്നത്. 

Latest Videos

യുഎഇ, ബഹ്‌റൈൻ, ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ഉറുഗ്വായ്, അർജന്റീന, ബ്രിട്ടൺ, ഹംഗറി, എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ കാലാകാലങ്ങളായി മേധാവിത്വം പുലർത്തുന്ന വിഭാഗത്തിലാണ് നിദ ഇക്കൊല്ലം മത്സരിക്കാനിറങ്ങുന്നത്. ഈ വിഭാഗത്തിൽ മത്സരിക്കാൻ യോഗ്യത നേടുന്നത് തന്നെ വലിയ നേട്ടമാണ്. കുതിരയോട്ടത്തിൽ പരിശീലനത്തിനും മത്സരങ്ങൾക്കും മറ്റും ധാരാളം നിക്ഷേപങ്ങൾ നടത്തി മികച്ച കളിക്കാരെ നിരന്തരം രംഗത്തിറക്കുന്ന ലോകരാജ്യങ്ങൾക്കിടയിലാണ് നിദ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. എതിരാളികൾക്ക് കിട്ടുന്നത്രയും സൗകര്യങ്ങളേതുമില്ലാതെ സ്വന്തം കഠിനപ്രയത്നത്താലും പരിശ്രമത്താലുമാണ് നിദ ഇന്നീ ആഗോളവേദിയിൽ എത്തിനിൽക്കുന്നത്. എഫ്.ഇ.ഐയുടെ എൻഡ്യൂറൻസ് ലോക ചാമ്പ്യൻഷിപ്പിന്റെ സീനിയർ വിഭാഗത്തിൽ എത്തിനിൽക്കുന്ന നിദയുടെ ഈ യാത്ര, രാജ്യത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nida Anjum (@nidaanjum1)

ദീർഘദൂര കുതിരയോട്ടത്തിലെ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അടക്കാനാവാത്ത സന്തോഷവും അഭിമാനവുമുണ്ടെന്ന് നിദ പറഞ്ഞു.  കഴിഞ്ഞ വർഷത്തെ ജൂനിയർ ചാമ്പ്യൻഷിപ്പിലെ നേട്ടമാണ് ഈ വെല്ലുവിളി ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്. എനിക്ക് ചുറ്റുമുള്ളവരിൽ നിന്ന് കിട്ടുന്ന സ്നേഹവും പിന്തുണയും വലിയ പ്രചോദനമാണ്. ആഗോളവേദിയിൽ നമ്മുടെ രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ അതെന്നെ പ്രചോദിപ്പിക്കുന്നു - നിദ കൂട്ടിച്ചേർത്തു. കുതിരയോട്ടമെന്ന കായികയിനത്തിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും പ്രൗഢോജ്വല മത്സരമാണ് എഫ്.ഇ.ഐ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പ്. അതിൽ പങ്കെടുക്കാൻ യോഗ്യത നേടിയതിലൂടെ ലോകത്തെ ഏറ്റവും മികച്ച കുതിരയോട്ടക്കാരുടെ നിരയിലേക്കാണ് നിദ ഉയർന്നുവന്നിരിക്കുന്നത്. അസാധാരണമായ മെയ്‌വഴക്കം മാത്രമല്ല, ഈ മത്സരത്തിൽ ജയിക്കണമെങ്കിൽ ഓടിക്കുന്ന കുതിരയുമായി തകർക്കാനാകാത്ത ആത്മബന്ധവും ഉണ്ടാകണം. 

കുതിരയെയും അതിനെ നിയന്ത്രിക്കുന്നയാളെയും കടുത്ത സമ്മർദ്ദത്തിലാക്കുന്ന മത്സരമാണിത്. പങ്കെടുക്കുന്നയാളുടെ സഹനശക്തി, കുതിരയോട്ടത്തിലെ പ്രാവീണ്യം, കുതിരയുമായുള്ള അടുപ്പം എന്നിവ നിരന്തരം പരീക്ഷിക്കപ്പെടും. കുതിരയും അതിനെ ഓടിക്കുന്നയാളും നിരവധി വെല്ലുവിളികൾ ഈ മത്സരത്തിനിടെ അതിജീവിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം കാസ്റ്റൽസെഗ്രാറ്റിൽ നടന്ന എക്യൂസ്ട്രിയൻ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിലെ ജൂനിയർ ആൻഡ് യങ് റൈഡർ വിഭാഗത്തിലെ മത്സരയോട്ടം പൂർത്തിയാക്കി നിദ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 120 കിലോമീറ്റർ ദൈർഖ്യമുള്ള ആ മത്സരം വെറും 7.29 മണിക്കൂർ കൊണ്ടാണ് നിദ പൂർത്തിയാക്കിയത്. എപ്സിലോൺ സലോ എന്ന കുതിരപ്പുറത്തേറിയാണ് നിദ മത്സരിച്ചത്. 25 രാജ്യങ്ങളിൽ നിന്നുള്ള 70 മത്സരാർഥികളാണ് ഓട്ടത്തിൽ പങ്കെടുത്തത്. 

എഫ്.ഇ.ഐ ദീർഘദൂര ലോക കുതിരയോട്ട സീനിയർ ചാംപ്യൻഷിപ്പിൽ മത്സരിക്കുന്നതിനുള്ള തീവ്രപരിശീലനത്തിലാണ് നിദ ഇപ്പോൾ. നിദയുടെ നേട്ടങ്ങളിൽ ഇന്ത്യയ്ക്ക് വലിയ അഭിമാനവും നമ്മുടെ രാജ്യത്ത് നിന്ന് വളർന്നുവരുന്ന പുതുതലമുറ കുതിരയോട്ടക്കാർക്ക് വലിയ പ്രചോദനവുമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കുതിരയോട്ടക്കാരിൽ ഒരാളാണ് ഇന്ന് നിദ. യമമ ആപ്പിലൂടെ നിദയുടെ മത്സരയോട്ടം കാണാവുന്നതാണ്.

click me!