പൂര്‍ണ ആരോഗ്യവതി, സ്നേഹ വാത്സല്യങ്ങളുടെ കരുതലിലേക്ക് അവളും, അമ്മത്തൊട്ടിലിൽ ഈ മാസത്തെ നാലാമത്തെ പെൺകുട്ടി

By Asianet MalayalamFirst Published Oct 27, 2024, 8:41 PM IST
Highlights

അമ്മത്തൊട്ടിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതൽ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്ത് ആണ്. 

ചിത്രം പ്രതീകാത്മകം

തിരുവനന്തപുരം: പല സാഹചര്യങ്ങളാൽ ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകളെ  കൈ നീട്ടി സ്വീകരിച്ച് പെറ്റമ്മയുടെ സ്നേഹവാത്സല്യങ്ങൾ നൽകുന്ന അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥി കൂടി. തലസ്ഥാനത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിലാണ് കരുതലിനായി ഒരു നവാഗത കൂടി എത്തിയത്. ശനിയാഴ്ച രാത്രി 12.30 നാണ് 2.600 കി.ഗ്രാം ഭാരവും 12 ദിവസം പ്രായവും തോന്നിക്കുന്ന പെൺകുരുന്നിനെ അമ്മത്തൊട്ടിലിൽ നിന്ന് കിട്ടിയത്.

ഈ മാസം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന അഞ്ചാമത്തെ കുട്ടിയും നാലാമത്തെ പെൺകുട്ടിയുമാണ് പുതിയ അതിഥി ശിശുദിന കലോത്സവങ്ങൾ ആരംഭിക്കാനിരിക്കെ എത്തിയ കുഞ്ഞിന് പ്രതിഭ എന്ന പേര് നൽകിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി വാര്‍ത്താ കുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ കഴിഞ്ഞ 19ന് ലഭിച്ച ആൺകുഞ്ഞിന് ബുദ്ധ എന്ന പേര് നൽകിയിരുന്നു. അമ്മത്തൊട്ടിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതൽ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്ത് ആണ്. സർക്കാറിന്റെയും വകുപ്പ് മന്ത്രി വീണാ ജോർജിന്റേയും സമിതിയുടെയും തീവ്രമായ ബോധവൽക്കരണങ്ങളിലൂടെ അമ്മത്തൊട്ടിലിനെ ജനപ്രിയമാക്കാൻ സാധിച്ചു.

Latest Videos

മുൻ കാലങ്ങളിൽ നിന്ന് വത്യസ്ഥമായി കുരുന്നു ജീവനുകൾ നശിപ്പിക്കപ്പെടുന്ന പ്രവണത മാറി സുരക്ഷിതമായി അമ്മത്തൊട്ടിലിന്റെ സംരക്ഷണാർത്ഥം എത്തിക്കാൻ ഇത് കാരണമായി. ഇവിടെ എത്തപ്പെടുന്ന ബാല്യങ്ങൾക്ക് മതിയായ പരിചരണം നൽകി സുതാര്യമായ ദത്തെടുക്കൽ നടപടിക്രമങ്ങളിലൂടെ ദത്ത് നൽകാൻ സമിതിക്ക് കഴിഞ്ഞുവെന്നും അരുൺ ഗോപി പറഞ്ഞു

കഴിഞ്ഞ 19 മാസത്തിനിടയിൽ സമിതി ഇപ്രകാരം 114 കുട്ടികളെയാണ് നിയമപരമായ മാർഗ്ഗങ്ങളിലൂടെ ദത്ത് നൽകിയത്. അമ്മത്തൊട്ടിലിൽ നിന്നും സമിതി ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ കുരുന്നിനെ തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ പരിശോധനനടത്തി. പൂർണ്ണ ആരോഗ്യവതിയാണ് കുരുന്ന്.  തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 612-ാമത്തെ കുട്ടിയും 2024-ൽ ലഭിക്കുന്ന 18-ാ മത്തെ കുഞ്ഞുമാണ് നവാഗത. 'പ്രതിഭയുടെ' ദത്തെടുക്കൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ കുട്ടിക്ക് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ തൈക്കാട് സമിതി ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.

നവരാത്രി ദിനത്തിൽ അമ്മ തൊട്ടിലിൽ ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് 'നവമി', ഈ ആഴ്ചയിലെ രണ്ടാമത്തെ പെൺകുഞ്ഞ്..

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!