ചീറിപ്പാഞ്ഞ ബൊലേറോ കാർ, വാഹനത്തിൽ യുവതിയടക്കം മൂന്ന് പേർ; അങ്കമാലിയിൽ തടഞ്ഞു; കണ്ടെത്തിയത് 300 ഗ്രാം എംഡിഎംഎ

By Web Team  |  First Published Oct 19, 2024, 6:50 AM IST

അങ്കമാലിയിൽ വാഹന പരിശോധനക്കിടെ 300 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ പൊലീസ് പിടികൂടി


കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട. 300 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. അങ്കമാലി ടൗണിലൂടെ അമിത വേഗത്തിലെത്തിയ വാഹനം തടഞ്ഞ് നിർത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ രാസലഹരി പിടികൂടിയത്.

അമിത വേഗത്തിലെത്തിയ ബൊലോറെ കാർ അങ്കമാലി ടി.ബി ജംഗ്ഷനിൽ വച്ചാണ് പൊലീസ് സാഹസികമായി തടഞ്ഞ് നിർത്തിയത്. വാഹനത്തിൽ പൊലീസ് വിശദമായ പരിശോധന നടത്തി. ഡ്രൈവർ സീറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് 11 പ്രത്യേക പായ്ക്കറ്റുകളിൽ മയക്ക് മരുന്ന് കണ്ടെത്തിയത്. ആകെ 325 ഗ്രാം എംഡിഎംഎ, പത്ത് ഗ്രാം എക്സ്റ്റസി എന്നിവയാണ് കണ്ടെത്തിയത്. ബെംഗലൂരുവിൽ നിന്നാണ് ഇവ കൊണ്ടുവന്നത്. എം.ഡി.എം.എയേക്കാളും അപകടകാരിയാണ് എക്സ്റ്റസി. ചാലക്കുടി മേലൂർ സ്വദേശി വിനു, അടിമാലി സ്വദേശി സുധീഷ്, തൃശൂർ അഴീക്കോട് സ്വദേശി ശ്രീക്കുട്ടി എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബെംഗളൂരുവിൽ നിന്നെത്തിക്കുന്ന രാസലഹരി ഇവർ വിവിധ പ്രദേശങ്ങളിലായി വിതരണം ചെയ്തുവെന്നാണ് വിവരം.
 

Latest Videos

click me!