'47 വർഷം സിപിഎമ്മിൽ, പക്ഷേ എന്നെ അറിയില്ല'; തകർന്ന വീടിന് സഹായം പഞ്ചായത്ത് മുടക്കിയെന്ന് വൃദ്ധദമ്പതികൾ

By Web TeamFirst Published Jan 28, 2024, 2:23 PM IST
Highlights

കുതിരാന്‍ തുരങ്ക നിര്‍മാണത്തിന് പാറപൊട്ടിച്ചു തുടങ്ങിയതോടെയാണ് ഇവരുടെ കഷ്ടകാലം തുടങ്ങുന്നത്. വീടു വിണ്ടു കീറി. മേല്‍ക്കൂര ഇളകി. കഴിഞ്ഞ ദിവസം മേല്‍ക്കൂര നിലം പൊത്തി. കഷ്ടിച്ചാണ് ഇരുവരും രക്ഷപ്പെട്ടത്.

തൃശൂര്‍: വഴുക്കും പാറയില്‍ വീട് തകര്‍ന്ന വൃദ്ധ ദമ്പതികള്‍ പെരുവഴിയില്‍. അര്‍ഹതപ്പെട്ട സഹായം മുടക്കുന്നത് ഉദ്യോഗസ്ഥ അനാസ്ഥയെന്നാണ് ആക്ഷേപം. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട ഇരുവരും പഞ്ചായത്ത് പട്ടികയിലുള്ളത് ജനറല്‍ കാറ്റഗറിയിലാണ്.

വഴുക്കും പാറയില്‍ പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് വീടു വച്ച് താമസിക്കുകയായിരുന്നു ചന്ദ്രനും ഭാര്യ വിലാസിനിയും. ഡാമിലും കോള്‍ നിലങ്ങളിലും മത്സ്യബന്ധനം നടത്തിക്കിട്ടുന്ന വരുമാനമാണ് ആശ്രയം. കുതിരാന്‍ തുരങ്ക നിര്‍മാണത്തിന് പാറപൊട്ടിച്ചു തുടങ്ങിയതോടെയാണ് ഇവരുടെ കഷ്ട കാലം തുടങ്ങുന്നത്. വീടു വിണ്ടു കീറി. മേല്‍ക്കൂര ഇളകി. കഴിഞ്ഞ ദിവസം മേല്‍ക്കൂര നിലം പൊത്തി. കഷ്ടിച്ചാണ് ഇരുവരും രക്ഷപ്പെട്ടത്. മേല്‍ക്കൂര നന്നാക്കാന്‍ പഞ്ചായത്തിനെയും ബ്ലോക്കിനെയും ഒരു കൊല്ലത്തിലേറെയായി സമീപിക്കുന്നു. 

Latest Videos

"പതിനൊന്നര മാസമായി ഞാന്‍ നടക്കുന്നു. പഞ്ചായത്ത് പ്രസിഡന്‍റിനു വരെ എന്നെ അറിയില്ല. 47 വർഷം ഞാന്‍ സിപിഎമ്മില്‍ പ്രവർത്തിച്ചതാ. ബ്രാഞ്ച് മെമ്പറാണ്. അത് കളഞ്ഞോളാന്‍ പറഞ്ഞു. ഇനി എനിക്ക് പാർട്ടി വേണ്ട"- ചന്ദ്രന്‍ പറഞ്ഞു.

പട്ടികജാതി വിഭാഗത്തില്‍ പെട്ട ഇരുവരുടെ പേര് ജനറല്‍ കാറ്റഗറിയില്‍ എഴുതി വച്ചതാണ് അര്‍ഹമായ ആനുകൂല്യം കിട്ടാനുള്ള പഞ്ചായത്തിലെ തടസ്സം. ബ്ലോക്കിലാകട്ടെ മേല്‍ക്കൂര അറ്റകുറ്റപ്പണിയ്ക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചതാണ്. പഞ്ചായത്തില്‍ നിന്നും ലഭിക്കേണ്ട സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ആ പണവും കിട്ടാതെയാക്കി. ചുവര് വിണ്ടു കീറിയതിനാല്‍ സ്റ്റബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നാണ് പഞ്ചായത്തിലെ എഇ അറിയിച്ചത്. വീട് തകര്‍ന്നതിനാല്‍ തൊട്ടടുത്ത് തന്നെയുള്ള പണി തീരാത്ത മറ്റൊരു ബന്ധു വീട്ടിലാണിവരുടെ താമസം. തദ്ദേശ സ്ഥാപനങ്ങള്‍ പല ന്യായം പറഞ്ഞ് കൈമലര്‍ത്തുമ്പോള്‍ പെരുവഴിയിലാവുകയാണ് ചന്ദ്രനും വിലാസിനിയും.

click me!