ടവർ കമ്പനി നികുതി അടച്ചില്ല, പണി കിട്ടിയത് സ്ഥലം ഉടമയ്ക്ക്, വീടിനും സ്ഥലത്തിനും ബാധ്യത, കുരുക്കിലായി കർഷകൻ

By Web Team  |  First Published Aug 31, 2024, 2:39 PM IST

കരിമണ്ണൂർ പഞ്ചായത്തിൻ്റെ പരാതിയെ തുടർന്നാണ് റവന്യു വകുപ്പ് അറ്റാച്ച് നടപടികൾ സ്വീകരിച്ചത്. നികുതി അടയ്ക്കുന്നത് സംബന്ധിച്ച് തർക്കമുള്ള എട്ട് സെന്റ് ഭൂമിയുടെ പേരിൽ വിൻസെൻ്റിൻ്റെ വീടും 44 സെന്റ് സ്ഥലവുമാണ് അറ്റാച്ച് ചെയ്തത്


ഇടുക്കി: റിലയൻസ് കമ്പനിയുമായി നികുതി തർക്കം നിലനിൽക്കുന്ന കേസിൽ വയോധികനായ കർഷകൻ്റെ വീടും സ്ഥലവും അറ്റാച്ച് ചെയ്ത് റവന്യു വകുപ്പ്. കരിമണ്ണൂർ പഞ്ചായത്ത് ആറാം വാർഡ് നെല്ലിമല കോടത്തറ വിൻസെന്റാണ് ഉദ്യോഗസ്ഥരുടെ കരുണയില്ലാത്ത പ്രവൃത്തിയാൽ ദുരിതത്തിലായിരിക്കുന്നത്. കരിമണ്ണൂർ പഞ്ചായത്തിൻ്റെ പരാതിയെ തുടർന്നാണ് റവന്യു വകുപ്പ് അറ്റാച്ച് നടപടികൾ സ്വീകരിച്ചത്. നികുതി അടയ്ക്കുന്നത് സംബന്ധിച്ച് തർക്കമുള്ള എട്ട് സെന്റ് ഭൂമിയുടെ പേരിൽ വിൻസെൻ്റിൻ്റെ വീടും 44 സെന്റ് സ്ഥലവുമാണ് അറ്റാച്ച് ചെയ്തത്.

20 വർഷം മുൻപാണ് സംഭവത്തിന്റെ തുടക്കം. അടുത്തടുത്തായ രണ്ട് പ്ലോട്ടുകളിലാണ് വിൻസെന്റ് 44 സെന്റ് ഭൂമിയുമുള്ളത്. ഇതിൽ വീടില്ലാത്ത പ്ലോട്ടിലെ എട്ട് സെന്റ് റിലയൻസ് കമ്പനിക്ക് മൊബൈൽ ടവർ നിർമിക്കാനായി വാടകയ്ക്ക് കൊടുത്തു. 1.5 സെന്റ് സ്ഥലത്ത് കമ്പനി ടവർ നിർമിച്ചു. ഈ ഒന്നര സെന്റിലെ നിർമാണത്തിനാണ് പഞ്ചായത്ത് വസ്തുനികുതി (പ്രോപ്പർട്ടി ടാക്സ്) ഈടാക്കേണ്ടത്. ഇതിന് പകരം എട്ട് സെന്റിൽ നിർമാണമുണ്ടെന്ന് പറഞ്ഞ് അന്നത്തെ പഞ്ചായത്ത് ഉദ്യോഗസ്ഥർ കമ്പനിക്ക് നികുതി ചുമത്തി. ഇത് നിയമാനുസൃതമല്ലെന്ന് കമ്പനി അന്ന് ചൂണ്ടിക്കാട്ടി. ടാക്സ് അടയ്ക്കാൻ തയ്യാറായില്ല. ഈ പ്രശ്നം പരിഹരിക്കാന് ഉദ്യോഗസ്ഥർ തയ്യാറായില്ല. പിന്നീട് റിലയൻസ് ജിയോയുമായി ലയിച്ചു. കരം സംബന്ധിച്ചുള്ള നടപടികൾ നീണ്ടുപോകുന്നതിനാൽ കമ്പനി ദേശീയ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചു. ഈ നിയമനടപടികൾ തുടരുകയാണ്.

Latest Videos

എന്നാൽ, കഴിഞ്ഞ മെയിൽ വിൻസെന്റിനെ രണ്ടാം കക്ഷിയാക്കി നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നൽകുകയായിരുന്നു. കമ്പനി 556530 രൂപയും വിൻസെന്റ്  32000 രൂപ അടയ്ക്കണമെന്നുമായിരുന്നു നോട്ടീസ്. ആ മാസം തന്നെ ജപ്തി നോട്ടീസ് നൽകി ഭൂമി അറ്റാച്ച് ചെയ്യുകയുമുണ്ടായി. ഇപ്പോൾ വിൻസെന്റിന്റെ വസ്തുവകളിൽ എല്ലാം ബാധ്യത ചുമത്തിയിരിക്കുകയാണ്. അതിനാൽ വിദേശ യാത്ര അടക്കമുള്ളത് സാധിക്കാത്ത അവസ്ഥയാണ് കർഷകനുള്ളത്. ഓസ്ട്രേലിയയിലുള്ള മകളുടെ അടുത്തേക്ക് പോകേണ്ട ആവശ്യം വന്നിട്ടും അതിന് കഴിഞ്ഞില്ല. പ്രധാനമന്ത്രി കിസാന് യോജനയുടെ സഹായവും ലഭിക്കുന്നില്ലെന്നാണ് കർഷകന്റെ പരാതി. 

യാതൊരു തെറ്റും ചെയ്യാത്ത താൻ മുൻപ് പഞ്ചായത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതമൂലം കഷ്ടപ്പെടുകയാണെന്ന് വിൻസെന്റ് വിശദമാക്കുന്നത്. വിൻസെന്റിനെ രണ്ടാം കക്ഷിയായി ചേർത്തത് നിയമപരമാണോ എന്ന് പരിശോധിക്കുമെന്നും പരാതി പഞ്ചായത്ത് കമ്മറ്റിയിൽ ചർച്ചചെയ്ത് അനുഭാവപൂർവമായ പരിഹാരത്തിന് ശ്രമിക്കുമെന്നും സെക്രട്ടറി പറഞ്ഞു. പഞ്ചായത്ത് കളക്ടർക്ക് നൽകിയ അപേക്ഷ പ്രകാരമാണ് വസ്തു അറ്റാച്ച് ചെയ്തതെന്ന് കരിമണ്ണൂർ വില്ലേജ് ഓഫീസർ പറഞ്ഞു. ബാധ്യതയില്ലെന്ന് പഞ്ചായത്ത് കത്ത് നൽകിയാൽ അറ്റാച്ച്മെന്റ് ഒഴിവാക്കുമെന്നാണ് വില്ലേജ് ഓഫീസർ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!