കൊവിഡിന് മുമ്പ് രാവിലെ നാട്ടിലെ കാരണവർമാരടക്കം നല്ലൊരു വിഭാഗമാളുകൾ സുബഹി നമസ്‌കാരത്തിന് ശേഷം കടയിലെത്തുമെന്ന് ആലിക്കുട്ടി പറയുന്നു. നാട്ടിലെയും രാജ്യത്തിന് പുറത്തുമുള്ള കാര്യങ്ങളുടെ ചർച്ചയാണ് പിന്നീട്.
എടവണ്ണപ്പാറ: 18 വർഷമായി ചായക്ക് അഞ്ച് രൂപ മാത്രം ഈടാക്കി വിൽക്കുന്ന കടക്കാരനുണ്ട് മലപ്പുറത്ത്. എടവണ്ണപ്പാറയിലെ പരപ്പൻ ആലിക്കുട്ടിയുടെ കടയിലാണ് ഇപ്പോഴും ചായക്ക് അഞ്ച് രൂപ മാത്രം ഈടാക്കുന്നത്. മാവൂർ റയോൺസ് പൂട്ടിയതിന് ശേഷം തുടങ്ങിയ കച്ചവടത്തിൽ കാലക്രമേണ പഞ്ചസാരയിലും ഗ്യാസിലും വില കുതിച്ചപ്പോഴും ഇവിടെ ചായക്ക് അഞ്ച് രൂപ മാത്രമാണ്.
മപ്രം മുട്ടുങ്ങലിലാണ് 'കുർബ്ബീസ്' എന്ന ഈ കടയുള്ളത്. മധുരമില്ലാത്ത കട്ടൻ ചായയാണെങ്കിൽ തികച്ചും സൗജന്യമാണ്. കട്ടൻ ചായ കുടിക്കുന്ന പ്രമേഹ രോഗികൾക്ക് ഈ ഓഫർ എന്നുമുണ്ടാവും. പത്ത് രൂപയുണ്ടെങ്കിൽ ഒരു ചായയും ഒരു കടിയും കഴിക്കാം. കടിയായി ബിസ്‌ക്കറ്റോ നുറുക്കോ ആണെങ്കിൽ വില വീണ്ടും കുറയും. ചായക്കച്ചവടത്തോടൊപ്പം പലചരക്ക് കടയുമുണ്ട് ആലിക്കുട്ടിക്ക്.
രാവിലെ ആറ് മുതൽ രാത്രി ഒമ്പത് മണി വരെയാണ് കട തുറക്കാറ്. കൊവിഡ് കാലത്തെ പ്രോട്ടോക്കോൾ പാലിച്ചാണ് ഇപ്പോൾ കടതുറക്കുന്നത്. കൊവിഡിന് മുമ്പ് രാവിലെ നാട്ടിലെ കാരണവർമാരടക്കം നല്ലൊരു വിഭാഗമാളുകൾ സുബഹി നമസ്‌കാരത്തിന് ശേഷം കടയിലെത്തുമെന്ന് ആലിക്കുട്ടി പറയുന്നു. നാട്ടിലെയും രാജ്യത്തിന് പുറത്തുമുള്ള കാര്യങ്ങളുടെ ചർച്ചയാണ് പിന്നീട്. ഈ ചർച്ച ആസ്വദിക്കാൻ യുവാക്കളുമെത്താറുണ്ട്. ഇദ്ദേഹത്തെ സഹായിക്കാൻ മകൻ ബാവയും മകളുടെ മകൻ ആദിലുമുണ്ടാകാറുണ്ട്.