അതിവേഗം പായുന്ന കാര്‍, പിന്നാലെ പൊലീസ്, പരിഭ്രാന്തരായി ആള്‍ക്കൂട്ടം; അങ്കമാലി 'റേസിങ്' നടത്തിയവര്‍ റിമാൻഡിൽ

By Web TeamFirst Published Aug 20, 2024, 12:54 AM IST
Highlights

അതിവേഗം പായുന്ന കാര്‍, പിന്നാലെ പൊലീസ്, പരിഭ്രാന്തരനായി ആള്‍ക്കൂട്ടം; അങ്കമാലി 'റേസിങ്' നടത്തിയവര്‍ റിമാൻഡിൽ

എറണാകുളം: അങ്കമാലിയില്‍ പൊലീസിനെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തി കാര്‍ റേസിംഗ് നടത്തിയ സംഭവത്തില്‍ യുവാക്കളെ റിമാന്‍ഡ് ചെയ്തു. വാഹനത്തിലുണ്ടായിരുന്ന ലഹരി വസ്തുക്കള്‍ വഴിയോരത്ത് വലിച്ചെറിഞ്ഞെന്ന് യുവാക്കള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചെങ്കിലും ഇത് കണ്ടെത്താനായിട്ടില്ല.  ഇന്നലെ രാത്രി അങ്കമാലി പെരുമ്പാവൂര്‍ റൂട്ടില്‍ അപകടകരമാംവിധം വാഹനമോടിച്ച മൂന്ന് പേരില്‍ ഒരാള്‍ ഇപ്പോഴും ഒളിവിലുമാണ്.

അതിവേഗത്തില്‍ പായുന്ന കാര്‍. പിന്നാലെ പിന്തുടരുന്ന പൊലീസ് വാഹനം. പരിഭ്രാന്തരനായി ഓടിക്കൂടുന്ന ആള്‍ക്കൂട്ടം. സിനിമ സ്റ്റൈലിലായിരുന്നു ഇന്നലെ അങ്കമാലി പെരുമ്പാവൂര്‍ റൂട്ടിലെ ചെയ്സിംഗ്. ലഹരി കടത്തുന്നെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് കൈ കാണിച്ചതോടെയാണ് തൊടുപുഴ സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച കാര്‍ അമിത വേഗത്തില്‍ കടന്നു കളഞ്ഞത്. റോഡിലുണ്ടായിരുന്ന മൂന്നു വാഹനങ്ങളില്‍ യുവാക്കളുടെ കാറു തട്ടി. ഒടുവില്‍ ഗതികെട്ട് പെരുമ്പാവൂരിനടത്ത് ഒക്കലില്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളില്‍ രണ്ടു പേരെ നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്വദേശികളായ അജ്മലും റിന്‍ഷാദുമാണ് പിടിയിലായത്.
 
ഇവരുടെ വാഹനത്തില്‍ പരിശോധന നടത്തിയെങ്കിലും ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ല. വരുന്ന വഴി ലഹരി വസ്തുക്കള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞതായി യുവാക്കള്‍ മൊഴി നല്‍കിയെന്നും ഇതനുസരിച്ച് പലയിടത്തും തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും അങ്കമാലി പൊലീസ് അറിയിച്ചു. കൃത്യനിര്‍വഹണത്തിനിടെ പൊലീസുകാരെ പരിക്കേല്‍പ്പിച്ചതിനും പൊലീസ് വാഹനം തകര്‍ത്തതിനുമാണ് കേസെടുത്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. ഓടിരക്ഷപ്പെട്ട മൂന്നാമന്‍ തൊടുപുഴ സ്വദേശി അരുണ്‍കുമാറിനായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Latest Videos

മരിച്ചതോ, കൊലപ്പെടുത്തിയതോ? പൂച്ചാക്കലിൽ ചോരക്കുഞ്ഞിനെ കുഴിച്ചുമൂടിയ അമ്മ ഡോണയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!