ആനയുടെ ദേഹത്ത് ഉണ്ടായിരുന്ന മുറിവുകൾ പഴുത്തതോട് കൂടി ആന അവശനിലയിൽ ആവുകയായിരുന്നു.
ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു ആന ചരിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് 21നായിരുന്നു ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും തമ്മിൽ കൊമ്പുകോർത്തത്. സംഭവത്തിൽ മുറിവാലൻ കൊമ്പന് പുറത്ത് ആഴത്തിലുള്ള പരുക്കുകൾ പറ്റിയിരുന്നു. ആനയുടെ ദേഹത്ത് ഉണ്ടായിരുന്ന മുറിവുകൾ പഴുത്തതോട് കൂടി ആന അവശനിലയിൽ ആവുകയായിരുന്നു.
തുടർന്ന് ഇന്നലെ രാവിലെയോടെ ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള വനമേഖലയിൽ ആന വീണു. പിന്നീട് അവിടെ തന്നെ ആനയ്ക്ക് വനം വകുപ്പ് അധികൃതരുടെയും ഡോക്ടർമാരുടെയും നേതൃത്വത്തിൽ ചികിത്സയും ആരംഭിച്ചിരുന്നു. എന്നാൽ ആനയുടെ ആരോഗ്യനിലയിൽ കാര്യമായി മാറ്റങ്ങൾ ഇല്ലാതെ വന്നതോടെയാണ് ആന ചരിഞ്ഞത്. മേഖലയിൽ സ്ഥിരം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന ആനയാണ് മുറിവാലൻ കൊമ്പൻ.