പ്രദേശം നിരീക്ഷിച്ച ശേഷം കൃത്യമായ ആസൂത്രണത്തോടെയാണ് മരങ്ങൾ മുറിച്ചതെന്നാണ് വനം വകുപ്പിൻ്റെയും പൊലീസിൻ്റെയും നിഗമനം.
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ ചന്ദനമരങ്ങൾ മുറിച്ചു കടത്തി. ചോഴിയക്കോട് സ്വദേശി ചന്ദ്രിക, അരിപ്പ സ്വദേശി പ്രിയദര്‍ശിനി എന്നിവരുടെ പുരയിടത്തിൽ നിന്ന ഓരോ മരങ്ങളാണ് ഇന്നലെ രാത്രി മുറിച്ചു കടത്തിയത്. രാവിലെയാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്. രണ്ടിടങ്ങളിലും വനംവകുപ്പും പൊലീസും പരിശോധന നടത്തി. മഴയായിരുന്നതു കൊണ്ട് മരം മുറിക്കുന്ന ശബ്ദം കേട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. പ്രദേശം നിരീക്ഷിച്ച ശേഷം കൃത്യമായ ആസൂത്രണത്തോടെയാണ് മരങ്ങൾ മുറിച്ചതെന്നാണ് വനം വകുപ്പിൻ്റെയും പൊലീസിൻ്റെയും നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.