5000 രൂപ 1500 ആക്കി കുറച്ചു, കോഴിക്കോട്ടെ ഹെൽത്ത് ഇൻസ്പെക്ടറുടെ വലിയ 'ദയ'!, ഒടുവിൽ വിജിലൻസ് കയ്യോടെ പൊക്കി

By Web TeamFirst Published Dec 12, 2023, 7:37 PM IST
Highlights

കോഴിക്കോട് ജില്ലയിലെ ഈസ്റ്റ് ഹില്ലിൽ ഒരു പലവ്യഞ്ജന കട തുടങ്ങാനുള്ള ലൈസൻസിനായി ഒരു മാസം മുമ്പാണ് കോഴിക്കോട് കോർപ്പറേഷനിൽ അപേക്ഷ കൊടുത്തത്.

കോഴിക്കോട്: കോർപ്പറേഷനിലെ കാരപ്പറമ്പ് ഹെൽത്ത് ഇൻസ്പെക്ടറായ ഷാജിയെ 1,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് കൈയോടെ പിടികൂടി. മലപ്പുറം ജില്ലയിലെ മുറ്റിച്ചിറ സ്വദേശിയുടെ പരാതിയിലാണ് നടപടി. കോഴിക്കോട് ജില്ലയിലെ ഈസ്റ്റ് ഹില്ലിൽ ഒരു പലവ്യഞ്ജന കട തുടങ്ങാനുള്ള ലൈസൻസിനായി ഒരു മാസം മുമ്പാണ് കോഴിക്കോട് കോർപ്പറേഷനിൽ അപേക്ഷ കൊടുത്തത്.

അപേക്ഷ നൽകിയപ്പോൾ, ലൈസൻസ് ശരിയാക്കുന്നതിന് കൈക്കൂലി തരണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ഷാജി പറഞ്ഞിരുന്നു. നവംബർ മാസം 22-ാം തിയതി ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് കോഴിക്കോട് കോർപ്പറേഷൻ ഓഫീസിൽ അടയ്ക്കുകയും ചെയ്തു. എന്നാൽ ഹെൽത്ത് ഇൻസ്പെക്ടർ ഷാജി പരാതിക്കാരനെ ഫോണിൽ വിളിച്ച് ലൈസൻസ് ശരിയാക്കാൻ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. 

Latest Videos

തുടർന്ന് പരാതിക്കാരൻ തന്റെ കയ്യിൽ ഇത്രയും കൈക്കൂലി നൽകാനില്ലായെന്നും, സാമ്പത്തിക ബുദ്ധിമുട്ടാണെന്നും അറിയിച്ചതിനെ തുടർന്നാണ് കൈക്കൂലി തുക 1,500 രൂപയായി കുറച്ചുനൽകിയത്.  ഇന്നലെ വൈകുന്നേരം ലൈസൻസ് കിട്ടാനായി ഹെൽത്ത് ഇൻസ്പെക്ടറെവീണ്ടും ഫോണിൽ ബന്ധപ്പെട്ടപ്പോൾ 1,500 രൂപയുമായി ഇന്ന് ഓഫീസിൽ വരാൻ ആവശ്യപ്പെട്ടു. 

തുടർന്ന്പരാതിക്കാരൻ ഈ വിവരം വിജിലൻസ് കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്  സുനിൽകുമാർ ഇ-യെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പരാതിക്കാരനിൽ നിന്നും 1,500 രൂപ കൈക്കൂലി വാങ്ങവെ കൈയ്യോടെ പിടികൂടുകയും ആയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

വിജിലൻസ് സംഘത്തിൽ ഡി വൈ എസ് പി-യെ കൂടാതെ  പൊലീസ് ഇൻസ്പെക്ടറായ രാജേഷ്,  മൃദുൽ കുമാർ പൊലീസ് സബ് ഇൻസ്പെക്ടർമാരായ സുനിൽ, രാധാകൃഷ്ണൻ, ഹരീഷ് കുമാർ എന്നിവരും അസിസ്റ്റന്റ് പൊലീസ് സബ് ഇൻസ്പെക്ടർ അനിൽകുമാർ, പൊലീസ് ഉദ്ദ്യോഗസ്ഥരായ രഞ്ജിത്ത്, ധനേഷ്, ഷൈജിത്ത്, രാഹുൽ എന്നിവരും ഉണ്ടായിരുന്നു. 

ക്യൂ നില്‍ക്കാതെ ഒപി ടിക്കറ്റെടുക്കാം: 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ- ഹെല്‍ത്ത് സംവിധാനം, മറ്റൊരു നേട്ടം കൂടി !

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!