സിഗരറ്റും മെഴുകുതിരിയും എന്നുവേണ്ട വളർത്തുമീനിനെ അടക്കം അടിച്ച് മാറ്റി, ഒരാഴ്ച്ചക്കിടെ മൂന്ന് തവണ മോഷണം

By Web Team  |  First Published Nov 21, 2023, 8:37 AM IST

മാസ്ക് ധരിക്കാതെ കൈ വച്ച് മുഖം പൊത്തിയാണ് മോഷ്ടാവ് സിസിടിവിയെ കബളിപ്പിക്കുന്നത്. സിസിടിവിയില്‍ കുടുങ്ങിയിട്ടും ഒരേ കടയില്‍ മൂന്ന് തവണ എത്തിയതോട് വ്യക്തി വിരോധം തീർക്കുകയാണോയെന്ന സംശയത്തിലാണ് കടയുടമയുള്ളത്.


പുൽപ്പള്ളി: ഒരാഴ്ചയ്ക്കിടെ മൂന്ന് തവണ മോഷ്ടാവെത്തി. കയ്യിൽ കിട്ടിയതെല്ലാം അടിച്ച് മാറ്റിയ കള്ളന്‍ സിസിടിവിയിൽ കുടുങ്ങിയിട്ടും വീണ്ടുമെത്തി. സ്റ്റേഷനറി കടയിൽ നിന്ന് സിഗരറ്റും മെഴുകുതിരിയും അലങ്കാര മത്സ്യങ്ങൾ അടക്കമാണ് മോഷണം പോയിട്ടുള്ളത്. പുല്‍പ്പള്ളി സീതാമൗണ്ട് സ്വദേശി മൂര്‍പ്പനാട്ട് ജോയിയുടെ ആനപ്പാറ റോഡിലെ കടയിലാണ് ഒരാഴ്ച്ചക്കിടെ മൂന്ന് തവണ മോഷ്ടാവെത്തിയത്. പാന്‍റും ടീഷർട്ടും തൊപ്പിയും ബാഗുമിട്ട് എത്തിയ മോഷ്ടാവ് ആവശ്യമായ സാധനങ്ങൾ തിരഞ്ഞ് പിടിച്ചാണ് മോഷണം നടത്തുന്നത്.

മാസ്ക് ധരിക്കാതെ കൈ വച്ച് മുഖം പൊത്തിയാണ് മോഷ്ടാവ് സിസിടിവിയെ കബളിപ്പിക്കുന്നത്. സിസിടിവിയില്‍ കുടുങ്ങിയിട്ടും ഒരേ കടയില്‍ മൂന്ന് തവണ എത്തിയതോട് വ്യക്തി വിരോധം തീർക്കുകയാണോയെന്ന സംശയത്തിലാണ് കടയുടമയുള്ളത്. പതിനായിരക്കണക്കിന് രൂപയുടെ സാധനങ്ങളോടൊപ്പം കടയിൽ വളർത്തിയിരുന്നു മീനുകളെയും മോഷ്ടാവ് കൊണ്ടുപോയി. നവംബര്‍ ഏഴിനായിരുന്നു ആദ്യ മോഷണം. കൂള്‍ബാര്‍, സ്‌റ്റേഷനറി കടയോട് ചേര്‍ന്ന് ഇദ്ദേഹം തന്നെ നടത്തുന്ന നഴ്‌സറിയില്‍ കടന്ന കള്ളന്‍ കടയിൽ വളർത്തിയിരുന്ന അലങ്കാര മത്സ്യക്കുഞ്ഞുങ്ങളെയാണ് ആദ്യം കൊണ്ടുപോയത്. കൃത്യം ഒരാഴ്ച പിന്നിട്ടപ്പോള്‍, നവംബര്‍ 14ന് വീണ്ടും മോഷ്ടാവെത്തി. നഴ്സറിയോട് ചേര്‍ന്ന കൂള്‍ബാറില്‍ കടന്ന കള്ളന്‍ പതിനയ്യായിരത്തോളം രൂപയുടെ സാധനങ്ങളും പണവും കവര്‍ന്നു.

Latest Videos

undefined

രണ്ട് തവണ നടന്ന മോഷണങ്ങളുടെ ദൃശ്യങ്ങളെല്ലാം വ്യക്തമായി സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. തിരിച്ചറിയാതിരിക്കാന്‍ മുഖം കൈകൊണ്ട് മറച്ചുപിടിച്ചാണ് സാധനങ്ങള്‍ തോളിലിട്ട ചെറിയ ബാഗിലേക്ക് നിറക്കുന്നത്. പത്തൊന്‍പതാം തീയ്യതി രാത്രി ഒമ്പത് മണിയോടെയായിരുന്നു അവസാനം മോഷണം നടന്നത്. കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും കച്ചവടത്തിനായി വെച്ച സാധനങ്ങളും മോഷ്ടിച്ചിട്ടുണ്ട്. ഇത്തവണ സിസിടിവിയുടെ ബന്ധം വിച്ഛേദിച്ചതിന് ശേഷമാണ് മോഷ്ടാവ് അകത്തു കടന്നത്. പത്രിവിതരണ ഏജന്റ് കൂടിയായ കടയുടമ ജോയി പുലര്‍ച്ചെ പത്രവിതരണം നടത്തിയ ശേഷം കടതുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തില്‍ പുല്‍പ്പള്ളി പൊലീസില്‍ ഇദ്ദേഹം നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!