സാധാരണ സിസിടിവി കാമറകളുടെ ഡിവിആർ മോഷ്ടാക്കൾ നശിപ്പിച്ചാൽ തെളിവുകൾ ലഭിക്കാൻ പ്രയാസം നേരിടുന്ന സാഹചര്യമുണ്ട്. ആൻറി തെഫ്റ്റ് അലാറത്തിൽ ഡിവൈസ് ഓഫ് ചെയ്താൽ പോലും വിവരം മൊബെലിലേക്ക് നൽകുന്ന സംവിധാനമാണുള്ളത്.
മലപ്പുറം: പൂട്ടിയിട്ട വീടുകൾ കുത്തിത്തുറക്കാൻ ശ്രമിച്ചാൽ ഇനി പോലീസ് അറിയും. പൊന്നാനി പൊലീസ് സ്റ്റേഷന് കീഴിലാണ് ആന്‍റി തെഫ്റ്റ് അലാറം പദ്ധതി നടപ്പാക്കുന്നത്. പൂട്ടിയിട്ട വീട് മോഷ്ടാക്കൾ കുത്തിത്തുറക്കാൻ ശ്രമിച്ചാൽ ആ വിവരം തത്സമയം മൊബൈൽ ഫോണിലെത്തും. ദിവസങ്ങളോളം വീട് പൂട്ടിപ്പോകുന്നവർ പൊലീസിൽ അറിയിച്ചാൽ കാമറ ഉൾപ്പെടെ നിരീക്ഷണ സംവിധാനം വീട്ടിൽ ഘടിപ്പിക്കും.
ആറ് മൊബൈൽ നമ്പറുകളിലേക്ക് വിവരം കൈമാറാനുള്ള സംവിധാനം ഇതിലുണ്ടാകും. അലർട്ട് മെസേജ്, അലർട്ട് കോൾ എന്നിവയാണ് ഉണ്ടാവുക. കൂടുതൽ സംശയമുണ്ടെങ്കിൽ വീഡിയോ പരിശോധിക്കാനും കഴിയും. 25000 ത്തോളം രൂപയുടെ ടെക്‌നോളജിയാണ് ഇതിനുപയോഗിക്കുന്നത്.
വിവരം തത്സമയം പൊലീസിനും ലഭിക്കുന്നതോടെ മോഷ്ടാക്കളെ എളുപ്പം വലയിലാക്കാം. സാധാരണ സിസിടിവി കാമറകളുടെ ഡിവിആർ മോഷ്ടാക്കൾ നശിപ്പിച്ചാൽ തെളിവുകൾ ലഭിക്കാൻ പ്രയാസം നേരിടുന്ന സാഹചര്യമുണ്ട്. ആൻറി തെഫ്റ്റ് അലാറത്തിൽ ഡിവൈസ് ഓഫ് ചെയ്താൽ പോലും വിവരം മൊബെലിലേക്ക് നൽകുന്ന സംവിധാനമാണുള്ളത്. വീട് പൂട്ടി പോകുന്നവർ വില കൂടിയ സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കരുതെന്ന് പൊന്നാനി സി ഐ ജലീൽ കറുത്തേടത്ത് പറഞ്ഞു.
തിരൂർ ഡിവൈ.എസ്.പിക്ക് കീഴിൽ പൊന്നാനി പൊലീസ്, പൊന്നാനി കോസ്റ്റൽ പൊലീസ് എന്നിവരുമായി സഹകരിച്ചാണ് ആദ്യ ഘട്ടത്തിൽ സംവിധാനമൊരുക്കുന്നത്. തുടർന്ന് മറ്റ് പൊലീസ് സ്റ്റേഷൻ പരിധിയികളിലും ലഭ്യമാക്കാനാണ് തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം