ഓട്ടോ ഡ്രൈവർ വയോധികയുടെ മാലപൊട്ടിച്ച കേസിൽ പ്രതിയെ തിരിച്ചറിയാനായില്ല; കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും

By Web TeamFirst Published Jul 7, 2024, 4:08 PM IST
Highlights

കോഴിക്കോട് പാളയം ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മഴയുള്ള സമയത്തേതായതിനാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറോ ഡ്രൈവറെയോ കൃത്യമായി മനസ്സിലാക്കാനായിട്ടില്ല. 

കോഴിക്കോട്: യാത്രക്കാരിയെ ഓട്ടോയില്‍ നിന്ന് തള്ളിയിടുകയും രണ്ടര പവന്‍ മാല മോഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കാനൊരുങ്ങി പോലീസ്. വയോധിക ഓട്ടോയില്‍ കയറിയ കോഴിക്കോട് പാളയം ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മഴയുള്ള സമയത്തേതായതിനാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറോ ഡ്രൈവറെയോ കൃത്യമായി മനസ്സിലാക്കാനായിട്ടില്ല. 

മിഠായി തെരുവ്, ടൗണ്‍ഹാള്‍ പരിസരം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടി ശേഖരിക്കാനാണ് ശ്രമിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ടൗണ്‍ സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് കായംകുളത്തുള്ള മകനെ സന്ദര്‍ശിച്ച് വരികയായിരുന്ന വയനാട് സ്വദേശിനി ജോസഫൈന്‍ (68) കോഴിക്കോട് നഗരത്തിൽ അജ്ഞാതനായ ഓട്ടോ ഡ്രൈവറുടെ ആക്രമണത്തിന് ഇരയായത്. 

Latest Videos

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ മലബാർ എക്സ്പ്രസിൽ വന്നിറങ്ങിയ ജോസഫൈന്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലേക്ക് പോകാനായി പാളയത്ത് നിന്ന് ഓട്ടോയില്‍ കയറിയതായിരുന്നു. യാത്രക്കിടെ ഡ്രൈവര്‍ ഇവരുടെ മാല പൊട്ടിച്ചെടുക്കുകയും പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. സാരമായി പരിക്കേറ്റ വയോധിക സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!