മണ്ണാർക്കാട്ടെ കോഴിക്കടയിൽ നാല് കാലുകളുള്ള കോഴി എത്തിയതോടെ കാണികൾ ഏറെ. കൗതുകം നിറഞ്ഞ ഈ കോഴിയെ വാങ്ങാൻ പലരും ശ്രമിച്ചെങ്കിലും വിൽക്കുന്നില്ലെന്ന് കടയുടമകൾ.
പാലക്കാട്: മണ്ണാർക്കാട് കോഴിക്കടയിൽ വിൽപ്പക്കെത്തിയ കോഴി ഏവർക്കും കൗതുകമായി. ഈ കോഴിക്ക് നാല് കാലുണ്ട് എന്നതായിരുന്നു കൗതുകത്തിന്‍റെ കാരണം. അത്ഭുതകോഴിയെ കാണാൻ നിരവധി പേർ മണ്ണാർക്കാട്ടെ കോഴി കടയിലെത്തി.
മണ്ണാർക്കാട് സി പി എം ഓഫീസിന് സമീപത്തുള്ള അലിഫ് ചിക്കൻ സ്റ്റാളിലാണ് നാല് കാലുള്ള കോഴിയെ കാണാൻ ആളുകൾ എത്തിയത്. രണ്ടു ദിവസം മുൻപ് കോഴി ഫാമിൽ നിന്നും വിൽപ്പനക്കെത്തിയ കോഴികളിൽ ഒരു കോഴിക്കാണ് നാല് കാലുള്ളത് കടയുടമയുടെ ശ്രദ്ധയിൽപ്പെട്ടത്. വ്യത്യസ്തതകണ്ട കടയുടമകളായ ഷുക്കൂറും, റിഷാദും കോഴിയെ വിൽക്കുന്നില്ല എന്ന തീരുമാനത്തിലെത്തി. കോഴിയെ കണ്ട് നിരവധി പേർ വിലക്ക് ആവശ്യപ്പെട്ടെങ്കിലും നാലുകാലുള്ള കോഴിയെ വളർത്താനാണ് തീരുമാനമെന്ന് ഇവർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം